Asianet News MalayalamAsianet News Malayalam

വയറ്റിൽ തലവെച്ചു കിടക്കുന്ന എനിക്ക്, അപ്പ പറഞ്ഞു തന്നതായിരുന്നു അതൊക്കെയും

മകളെന്ന നിലയിൽ ഒരു പുരുഷന്‍റെ മുഴുവൻ വാത്സല്യവും സ്നേഹവും കരുതലും അനുഭവിച്ച് "മകളായി"ത്തന്നെ  ഇരുന്ന എനിക്ക് ഒരു വലിയ കൂട്ടുകുടുംബത്തിലെ മരുമകളുടെ ഉത്തരവാദിത്വം എന്നത് തുമ്പി കല്ലെടുക്കുംപോലെ ശ്രമകരമായിരുന്നു.  

memories jyothi rajeev
Author
Thiruvananthapuram, First Published Oct 24, 2018, 1:07 PM IST

പെൺകുട്ടികൾക്ക് രണ്ടു തരം കണ്ണുകളുണ്ടത്രേ.  അതിലൊന്ന് അമ്മയുടേതാണ്.  തങ്ങളുടെ അടുത്തുവരുന്ന ഓരോന്നിനേയും ആ കണ്ണുകൾവെച്ച് മനസ്സിലാക്കാം. അതിന്‍റെ ഉറപ്പില്ലാതെ ഒരാളോടും പരിധിയിൽ കൂടുതൽ അടുക്കരുതെന്ന്. അതൊരു അച്ഛന്‍റെ  മകളോടുള്ള കരുതലായിരുന്നിരിക്കാം. പക്ഷെ, ഞാനറിയാതെ തന്നെ ആ കണ്ണൊരു ശീലമായി. ഇന്നും മാറിയിട്ടില്ലാത്ത സുരക്ഷിതമല്ലാത്ത സമൂഹത്തിൽ ഞാനെന്ന സ്ത്രീക്ക് ആ കണ്ണുകൾ ഉപേക്ഷിക്കാനാവില്ല.

memories jyothi rajeev

എങ്ങനെയാണ് വളർന്നതെന്ന്, എങ്ങനെയാണ് വളർത്തിയതെന്ന്, എങ്ങനെയാണ് ഇന്നത്തെ വ്യക്തിയായതെന്നും അത്ഭുതം തോന്നുന്നു. അത്ഭുതത്തേക്കാളേറെ, അതിരുകള്‍ എന്താണ് എന്നതറിയിക്കാതെ അതിരുകൾ വരച്ചിരുന്നുവല്ലേ എന്ന് ഇപ്പോള്‍ ഊറിചിരിക്കുന്നു.

സ്ത്രീ സ്വാതന്ത്ര്യം, സുരക്ഷ, അവകാശം, എന്നൊക്കെ പറയുകയും, എഴുതുകയും, സ്വപ്നം കാണുകയും ചെയ്യുമ്പോഴും, തുടർന്നു പോന്ന ശീലങ്ങളാൽ ചിന്തകളിൽ പുഴുക്കുത്തേറ്റ ഇനിയും പൂർണ്ണമായും മാറിയിട്ടില്ലാത്ത ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിലാണ് ജീവിക്കുന്നതെന്ന തികഞ്ഞ ബോധമുണ്ട്. 

 കവി അയ്യപ്പനുൾപ്പടെ പലതരത്തിൽ പെട്ട കലാകാരന്മാരും, രാഷ്ട്രീയക്കാരും, തുടങ്ങി പലശ്രേണിയിലെയും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു അപ്പായ്ക്ക്. എന്നും തിരക്കുള്ള വീടായിരുന്നു ഞങ്ങളുടേത്. ഉച്ചത്തിലുള്ള ചർച്ചകളും തർക്കങ്ങളും നിറയുമ്പോൾ, അപ്പ പിന്നെയും പിന്നെയും തിരക്കിലാകുമ്പോൾ,   ഇത് പാർട്ടി ഓഫീസല്ലെന്ന് മുറുമുറുക്കുന്ന വീട്. സരളാമ്മ ചായയിടാൻ വയ്യെന്ന് മുഖംവീർപ്പിക്കുന്ന വീട്.  പക്ഷെ, അവർക്കാർക്കും തന്നെ തങ്ങളിലെ കുടിലതകളെ പുറത്തെടുക്കാനാവുന്ന യാതൊരു വിധത്തിലുള്ള സാഹചര്യവും അപ്പ സൃഷ്ടിച്ചിരുന്നില്ല എന്നത് ഇന്ന് നന്ദിയോടെ ചിന്തിക്കുന്നു.

അമ്മയെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു അപ്പ

സ്കൂൾ, കോളേജ് കാലങ്ങളിലൊന്നും ഒരു പെൺകുട്ടി എന്ന നിലയിൽ ഒരു മോശപ്പെട്ട അനുഭവവും എനിക്കുണ്ടാകാത്തതിനു കാരണം, അപ്പയുടെ സംരക്ഷണത്തിലായിരുന്നു എന്നത് തന്നെയാണ്. അപ്പ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും അപ്പയുള്ളതുപോലെതന്നെ ആയിരുന്നു. അപ്പയായിരുന്നപ്പോഴും അപ്പാ ഞങ്ങള്‍ക്ക് അമ്മയുമായിരുന്നു.

അമ്മയെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു അപ്പ. അമ്മയുടെ വലിയ ഫോട്ടോയുടെ മുന്നിൽ വെറും തറയിൽ നിവർന്നു കിടന്നുകൊണ്ട് വയറ്റിൽ തലവെച്ചു കിടക്കുന്ന എന്നോട് എന്തൊക്കെയൊക്കെയോ സംസാരിക്കുന്ന അപ്പ...  എനിക്കെന്‍റെ അപ്പയെ ഏറ്റവും ഇഷ്ടം അങ്ങനെയാണ്/ (ആയിരുന്നു) ..!

പെൺകുട്ടികൾക്ക് രണ്ടു തരം കണ്ണുകളുണ്ടത്രേ.  അതിലൊന്ന് അമ്മയുടേതാണ്.  തങ്ങളുടെ അടുത്തുവരുന്ന ഓരോന്നിനേയും ആ കണ്ണുകൾവെച്ച് മനസ്സിലാക്കാം. അതിന്‍റെ ഉറപ്പില്ലാതെ ഒരാളോടും പരിധിയിൽ കൂടുതൽ അടുക്കരുതെന്ന്. അതൊരു അച്ഛന്‍റെ  മകളോടുള്ള കരുതലായിരുന്നിരിക്കാം. പക്ഷെ, ഞാനറിയാതെ തന്നെ ആ കണ്ണൊരു ശീലമായി. ഇന്നും മാറിയിട്ടില്ലാത്ത സുരക്ഷിതമല്ലാത്ത സമൂഹത്തിൽ ഞാനെന്ന സ്ത്രീക്ക് ആ കണ്ണുകൾ ഉപേക്ഷിക്കാനാവില്ല. 

അവിടെ എനിക്ക്, ഞാനറിയാതെ സുരക്ഷയൊരുക്കിയ ആളില്ല

മകളെന്ന നിലയിൽ ഒരു പുരുഷന്‍റെ മുഴുവൻ വാത്സല്യവും സ്നേഹവും കരുതലും അനുഭവിച്ച് "മകളായി"ത്തന്നെ  ഇരുന്ന എനിക്ക് ഒരു വലിയ കൂട്ടുകുടുംബത്തിലെ മരുമകളുടെ ഉത്തരവാദിത്വം എന്നത് തുമ്പി കല്ലെടുക്കുംപോലെ ശ്രമകരമായിരുന്നു.   
 
ഒറ്റ ദിവസം കൊണ്ട് ഒരുപെൺകുട്ടി എങ്ങനെയാണ് സ്ത്രീ ആവുക... അതും ഒട്ടും പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ. അവിടെ എനിക്ക്, ഞാനറിയാതെ സുരക്ഷയൊരുക്കിയ ആളില്ല. ഭർത്താവ് ഭാര്യയുടെ കാവൽക്കാരനല്ല, അവിടെ അവൾ അവളുടെ കാര്യങ്ങൾ സ്വയം നോക്കണം.  അപ്പോഴാണ്, അന്നോളം ഞാനറിഞ്ഞിട്ടില്ലാത്ത ഒരു പുരുഷ / സ്ത്രീ സമൂഹം കൂടിയുണ്ടെന്ന്, ഞാൻ പെണ്ണാണെന്ന്, പെണ്ണിനു ശരീരമുണ്ടെന്ന്, മനസ്സിനേക്കാൾ, വ്യക്തിത്വത്തേക്കാൾ പ്രാധാന്യം ശരീരത്തിനാണെന്ന്, ആ ശരീരത്തിന് ഒരുപാട് മോശങ്ങളുണ്ടെന്ന്, പെണ്ണിന് പരിമിതികളുണ്ടെന്ന് ഞാനറിഞ്ഞത്. സ്ത്രീ ഉടലിലേയ്ക്ക് പതിക്കുന്ന എക്സ്റേ കണ്ണുകൾ! വിവരംകെട്ട ചിന്തകൾ..!! 

അക്കാലങ്ങളും കഴിഞ്ഞ് ജോലിയുമായ് ബന്ധപ്പെട്ടുള്ള കാര്യങ്ങളിലാണ്,  തന്നെക്കാൾ ഉയർന്ന സ്ഥാനത്ത് ഒരു സ്ത്രീ വന്നാൽ, പുരുഷന്മാർക്കെല്ലാവർക്കും അത് ഉൾക്കൊള്ളാനാവില്ല എന്നത് മനസ്സിലായത്. അതും തങ്ങളേക്കാൾ പ്രായത്തിൽ ചെറുതെങ്കിൽ ഒട്ടും സമ്മതിച്ചു തരില്ല.  ഒരു നല്ലകാര്യത്തിനും സപ്പോർട്ട് കിട്ടില്ല. എല്ലാവരുമല്ല കേട്ടോ ചിലർ. ഭൂരിഭാഗവും നല്ലവരാണ്. 

ഒരുവൻ, അവന്‍റെ മദ്യപാന സദസ്സിൽ/ വിശ്രമവേളകൾ ആനന്ദകരമാക്കുന്ന ഏതുനേരവും ആകാം. സുഹൃത്തുക്കളോടോ മറ്റുപലരോടുമോ "ഓ അവളു പോക്കാ"  എന്നു പറഞ്ഞാൽ അതിന് ഒറ്റ അർത്ഥമേയുള്ളു അയാളുടെ "മാന്യത" യെ തേച്ചൊട്ടിച്ച്, അയ്യാളുടെ ആണധികാര തൻപോരിമയെ  "പോടെർക്കാ" ന്ന്  ഒറ്റവരിയിൽ തള്ളി കടന്നുപോയവളാണവൾ. (ഓൺലൈനിലും അതൊക്കെത്തന്നെ). അതേ; പഴയ " പുളിച്ച മുന്തിരി"യുടെ കഥ തന്നെ. അത്തരക്കാരൊക്കെ  നല്ലത് പറഞ്ഞാലാണ് നാണക്കേട് !

ഒരുവനിലെ കലയെ, കലാകാരനെ, കഴിവിനെ ആദരിക്കുക ബഹുമാനിക്കുക അതിനപ്പുറം വ്യക്തി എന്ന നിലയിൽ അവനെ വിശ്വാസത്തിലെടുക്കണമെങ്കിൽ, വ്യക്തിപരമായ് അവനെ അറിഞ്ഞിരിക്കണം.  ഏതിടത്തിലായാലും. അതിനപ്പുറം പുറംപൂച്ചിൽ മയങ്ങിയുള്ള ആരാധന ഉള്ളി ഉരിക്കുംപോലെയേ ആവുള്ളു.

നാവിൽ അത്യാവശ്യം സരസ്വതിയുള്ളതുകൊണ്ട് ചിലപ്പോഴൊക്കെ പ്രോഗ്രാമുകളിലൊക്കെ സംസാരിക്കാനായ് ചെല്ലേണ്ടിവരാറുണ്ട്. അങ്ങനെ ഒരിടത്തുവെച്ചാണ് അപ്പയുടെ പ്രായമൊക്കെയുള്ള, മഹാനായ അച്ഛന്‍റെ പ്രസിദ്ധനായ മകനെ പരിചയപ്പെട്ടത്. ഫോൺ നമ്പർ 'അദ്ദേഹം' ചോദിച്ചുവാങ്ങിയപ്പോൾ എന്തൊരു എളിമയെന്ന് ഈയുള്ളവൾ അയാളെ മഹാനാക്കി വെച്ചു.   തിരികെ വീട്ടിലെത്തി രാത്രി 10 മണിക്ക് ആദ്യത്തെ കോൾ വേദിയിലെ എന്‍റെ സംസാരം, അതിലേറെ എന്‍റെ ശബ്ദസൗന്ദര്യം.

സ്ത്രീ സ്വാതന്ത്ര്യം,തുല്ല്യത, അവകാശം ഒക്കെയും ഇന്നും സ്വപ്നങ്ങൾ മാത്രമാണ്

എന്‍റെ അപ്പ തന്ന ആ അമ്മക്കണ്ണ് ഠിം ന്ന് അങ്ങുണർന്നു. " ഭർത്താവ് വിളിക്കുന്നു, പിന്നെ സംസാരിക്കാം സർ" ന്ന് ഫോൺ വെച്ചു. പിറ്റേന്ന് ഉച്ചക്ക് പാലിയേറ്റീവിൽ വെച്ച് വീണ്ടും ആൾടെ ഫോൺ, അതേ പുകഴ്ത്തൽ തുടങ്ങി അത്  "നിന്റെ കണ്ണുകളുടെ ഭംഗി, ചിരി," എന്നൊക്കെ ആയപ്പോൾ  "സർ, താങ്കളോട് ഒരു ബഹുമാനമുണ്ടായിരുന്നു ഇനിയും വിളിച്ച് അതില്ലാതാക്കരുതെന്ന് "  കട്ട് ചെയ്ത് നമ്പർ ബ്ളോക്ക് ലിസ്റ്റിലിട്ടു. ആധുനിക ലോകത്ത് സ്ത്രീയുടെ സൗകര്യങ്ങൾ സാനിറ്ററി പാഡും, മെൻസ്ട്രൽ കപ്പും മാത്രമല്ല ഇത്തരം ചില "ബ്ളോക്കിങ്ങ്"   ഫെസിലിറ്റീസ് കൂടി ആണല്ലോ. പാവം അദ്ദേഹത്തിന്‍റെ മഹാനായ, എഴുത്തുകാരനും ചിന്തകനും, നടനുമായ മഹാ പ്രതിഭയായ ആ  പിതാവിനെ മനസ്സാൽ അൽപ്പനേരം സ്മരിച്ചു. ഒരു തെങ്ങ് വെച്ചുകൂടായിരുന്നോ എന്ന്.  അത്രയെങ്കിലും ചെയ്തില്ലേൽ മദർ തെരേസയായാലോ എന്ന്.

സ്ത്രീ സ്വാതന്ത്ര്യം,തുല്ല്യത, അവകാശം ഒക്കെയും ഇന്നും സ്വപ്നങ്ങൾ മാത്രമാണ്. യാഥാർത്ഥ്യത്തിലേയ്ക്ക് ഇനിയും ഏറെ ദൂരമുണ്ട്. അതുവരേയും സ്ത്രീ തന്നെ സ്ത്രീക്ക് സ്വയം കവചമാകുക. അതേ വഴിയുള്ളു. "മീ ടൂ" എന്ന് സ്ത്രീ പൊള്ളി പറയേണ്ടിവരുന്ന ഈ സമൂഹത്തിൽ, അവൾക്കൊപ്പം മറച്ചുവെയ്ക്കലുകളില്ലാതെ  നിൽക്കുക എന്നത് സ്ത്രീയെന്ന നിലയിൽ കടമകൂടിയാണ്!

Follow Us:
Download App:
  • android
  • ios