മൂന്നടിയാണ് കുടിലിന്‍റെ ഉയരം രാത്രി കൊടും തണുപ്പായിരിക്കും പോരാത്തതിന് കൊടും വിഷമുള്ള പാമ്പുകളുള്ള സ്ഥലവുമാണ്

പടിഞ്ഞാറന്‍ നേപ്പാളില്‍, ചില പെണ്‍കുട്ടികള്‍ക്കെങ്കിലും മാസത്തിലെ ഏഴ് ദിവസങ്ങള്‍ ഭയത്തിന്‍റെയും നിരാകരണത്തിന്‍റെയും അപകര്‍ഷതയുടേതുമാണ്. ആ ആർത്തവദിനങ്ങള്‍ അവരെ മറ്റുള്ളവരില്‍ നിന്നും അകറ്റിനിര്‍ത്തും. വീടിന് സമീപം നിർമ്മിച്ച കുടിലുകളിലായിരിക്കും ഈ ഏഴ് ദിവസങ്ങളില്‍ ഇവരുടെ ജീവിതം. ചെളിയും പാറക്കെട്ടുകളും കൊണ്ടാണ് 'ചൌപ്പാഡി' എന്നു വിളിക്കുന്ന കുടില്‍ കെട്ടിയിരിക്കുന്നത്. മൂന്നടിയാണ് ഇതിന്‍റെ ഉയരം. രാത്രി കൊടും തണുപ്പായിരിക്കും. പോരാത്തതിന് കൊടും വിഷമുള്ള പാമ്പുകളുള്ള സ്ഥലവുമാണ്. ആർത്തവദിനങ്ങളില്‍ ഒരാഴ്ച നിർബന്ധിതമായും ഈ അനാചാരം നടപ്പാക്കി പോന്നു. ആര്‍ത്തവമായ പെണ്ണിനെ ആരും തൊടില്ല. ചൌപ്പാഡി എന്ന് വിളിക്കുന്ന കുടിലിലേക്ക് ആരെങ്കിലും ഭക്ഷണം നിരക്കിനീക്കി വച്ചുകൊടുക്കും. 

ഈ അനാചാരത്തിന്‍റെ രക്തസാക്ഷിയായിരുന്നു ഗൌരി കുമാരി ബയാക്. മാസത്തിലൊരിക്കല്‍ അവളും കുടിലിലേക്ക് മാറ്റപ്പെട്ടു. അങ്ങനെയൊരു ദിവസത്തെ മാറ്റിനിർത്തലില്‍ ഗൌരി മരിച്ചു. ചൂടിനെ പ്രതിരോധിക്കാന്‍ കല്‍ക്കരി ചൂടാക്കും. ആ പുക അലപാല്പം ശ്വസിച്ചതായിരുന്നു ഗൌരിയുടെ മരണകാരണം. ഗ്രാമത്തിനെയാകെ അത് ഞെട്ടിച്ചുകളഞ്ഞു. സ്വന്തം വീട്ടുകാരേക്കാള്‍ അവളെ സ്നേഹിച്ച ഭർത്താവിന്‍റെ വീട്ടുകാർ തകർന്നുപോയി. അതിനു പിന്നാലെ, ഗൌരിയുടെ അമ്മായിഅച്ഛന്‍ ബുദ്ധ, ഗൌരി മരിച്ചുവീണ ആ ചൌപ്പാഡി തല്ലിത്തകര്‍ത്തു. പിന്നെ, ഭാര്യയോട് പറഞ്ഞു, മകളുടെ മരണത്തിന് കാരണമായ ആ ചൌപ്പാഡിയില്‍ ഇനി താമസിക്കേണ്ടതില്ല.' ആ സ്ത്രീ മാത്രമല്ല. നാട്ടുകാരും, വീട്ടുകാരും ഞെട്ടിപ്പോയി. പക്ഷെ, ആ അനാചാരം പിന്നീട് ഗൌരിയുടെ ഭർത്താവിന്‍റെ വീട്ടില്‍, ബുദ്ധയുടെ വീട്ടില്‍ ആവര്‍ത്തിക്കപ്പെട്ടില്ല. 

പക്ഷെ, നേപ്പാളിലെ പല ഹിന്ദുവീടുകളിലും ഈ അനാചാരമുണ്ട്. മരുമകളുടെ മരണശേഷം ഈ അനാചാരത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് ബുദ്ധ. പക്ഷെ, പിന്നീടും ചൌപ്പാഡിയില്‍ ദുരന്തങ്ങളാവര്‍ത്തിച്ചിട്ടുണ്ട്. ഗൌരിക്കുമുമ്പും ഒരു വലിയ ദുന്തമുണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ തുളസി എന്നൊരു പതിനെട്ടുകാരിയും ചൌപ്പാഡി കുടിലില്‍ മരിച്ചു. പാമ്പ് കടിയേറ്റായിരുന്നു അത്. ഓരോ വര്‍ഷവും നേപ്പാളില്‍ ഇത്തരമൊരു മരണം ഉറപ്പാണ്. ഒന്നുകിലത് പാമ്പ് കടിയേറ്റാവാം. അല്ലെങ്കില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍, അതുമല്ലെങ്കില്‍ കൊടുംതണുപ്പേറ്റ്. തുളസിയുടെ മരണശേഷം അവളുടെ മാതാപിതാക്കള്‍ ചൌപ്പാഡി കുടില്‍ തകര്‍ത്തുകളഞ്ഞു. ആരുമറിയാതെ അവളുടെ മൃതദേഹവും മറവുചെയ്തു. പക്ഷെ, സംഗതി എങ്ങനെയോ അറിഞ്ഞ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഭവത്തിലിടപെട്ടു. പോലീസ് കേസെടുത്തു. സര്‍ക്കാരും ഇടപെട്ടതോടെ ഇതിനെതിരെ നിയമവുമുണ്ടായി. പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം ചൌപ്പാഡിയിലേക്കയച്ചുവെന്നു തെളിഞ്ഞാല്‍ മൂന്നുമാസം വരെ തടവ് കിട്ടാവുന്ന ചൌപ്പാഡി വിരുദ്ധനിയമം നിലവില്‍ വന്നു. പക്ഷെ, ഇപ്പോഴും നേപ്പാളില്‍ ചൌപ്പാഡി കുടിലുകളില്‍ പെണ്‍കുട്ടികളുണ്ടാവാറുണ്ട്. ഭയത്തിന്‍റെ ഏഴ് ദിവസങ്ങള്‍ അവരവിടെ 'തടവിലി'ടപ്പെടാറുണ്ട്. 

ആര്‍ത്തവദിനങ്ങളില്‍ പെണ്‍കുട്ടികള്‍ അശുദ്ധരാണെന്ന് മാത്രമല്ല. അവരില്‍ വിഷമുണ്ടെന്ന് വരെ വിശ്വസിക്കുന്ന ആള്‍ക്കാരുണ്ട് അവിടെ. പെണ്‍കുട്ടികള്‍ ആരെയും തൊടരുത്. വീട്ടിലെ മൃഗങ്ങളെ പോലും. ചൌപ്പാഡികളില്‍ താമസിക്കാതെ തിരികെ വീട്ടിലേക്ക് വന്നാലാവട്ടെ അത് ഗൃഹനാഥന്‍റെ മരണത്തിനു വരെ കാരണമാകാമെന്നാണ് വിശ്വാസം, അല്ലെങ്കില്‍ വീട്ടില്‍ കടുവ കയറും, അതുമല്ലെങ്കില്‍ വീടിന് തീപിടിക്കും എന്നും വിശ്വസിക്കുന്നവരുണ്ട്. ആര്‍ത്തവദിനങ്ങളില്‍ മാത്രമല്ല. നവജാതശിശുവിനേയും അമ്മയേയും മാറ്റിപ്പാര്‍പ്പിക്കുന്ന അനാചാരവും ചിലയിടത്ത് നിലനില്‍ക്കുന്നുണ്ട്. കുഞ്ഞിനെ ഇത്തരം കുടിലില്‍ ഒറ്റക്കാക്കി അമ്മ അലക്കാന്‍ പോയപ്പോള്‍ കുഞ്ഞിനെ കുറുക്കന്‍ കടിച്ചുകൊന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പടിഞ്ഞാറന്‍ നേപ്പാളിലാണ് ഇത്തരം അനാചാരങ്ങളേറെയും നിലനില്‍ക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് ഇവിടെ താമസിക്കുന്നവരില്‍ പലരും. സ്ത്രീകളില്‍ പലര്‍ക്കും വിദ്യാഭ്യാസമില്ല. 

തുളസിയുടെ മരണശേഷം പലരും ചൌപ്പാഡി കുടിലുകള്‍ തകര്‍ത്തുകളഞ്ഞിരുന്നു. പക്ഷെ, അവ വീണ്ടും പണിയുകയും ചെയ്തു. ചൌപ്പാഡികള്‍ക്കെതിരെ സംസാരിക്കുന്നവരെ നാട്ടില്‍ ഒറ്റപ്പെടുത്താറുണ്ട്. അതാവാം കാരണം. ജനുവരിയില്‍ ഗൌരിയുടെ മരണശേഷം ചൌപ്പാഡിക്കെതിരെ വീണ്ടും ശബ്ദമുയര്‍ന്നു തുടങ്ങിയിട്ടുണ്ടെങ്കിലും, ഇപ്പോഴും പല പെണ്‍കുട്ടികളും കൊടുംതണുപ്പത്ത് ചൌപ്പാഡി കുടിലുകളില്‍ തനിച്ചിരുന്നുകൊണ്ട് ഭയത്തെ അതിജീവിക്കുകയാണ്.