മധ്യതിരുവിതാംകൂര്‍ രേഖകളെഴുതാന്‍ തുടങ്ങിയിട്ടു വര്‍ഷം കുറെയായി. ഓരോ യാത്രയിലുമൊന്ന്. ചിലപ്പോള്‍ യാത്ര ചെയ്യാതെയും. ഇടനാട് ഒരുകാലത്ത് കടല്‍ തീരമായിരുന്നു. ലഗൂണെന്ന വിഭാഗം. കേരളത്തിന്റെ ആദിമചരിത്രം. പല അധിനിവേശങ്ങളില്‍ മദ്യവും കടല്‍ കടന്നുളള കച്ചവടവുമൊക്കെ മ്ലേച്ഛമാവുന്നതിനു മുമ്പുളള ചരിത്രം കൊടുങ്ങല്ലൂരും പട്ടണത്തും തന്നെ കൊണ്ടു കുറ്റിയടിക്കണമെന്നു നിര്‍ബന്ധമില്ലെങ്കില്‍, ഒരുകാല ലഗൂണിന്റെ ഇങ്ങേക്കര നടപ്പിലും മണല്‍ രാശി നിറഞ്ഞതാണ്. അന്നും ജനം പത്തു പുത്തനുണ്ടാക്കുന്ന തിരക്കിലായിരുന്നു. ഇന്നും. പത്തു പുത്തനു മുന്നില്‍ ചരിത്രം ശോഭിക്കുകേല്ല. 

പുത്തനുണ്ടാക്കിക്കഴിഞ്ഞാ കുടുംബചരിത്രം ശോഭിക്കും. ഇല്ലേ അണ്ണാക്കിലേക്കു കളളു കമത്തിയാ ജനം പാടി ഗുരുവാക്കും. അവിടെന്തോന്ന് ചരിത്രം. പാഗല്‍ ഹേ ക്യാ? ചരിത്രത്തെ പിന്നീടൊരവസരത്തില്‍ ഉഴുതു മറിക്കാനവശേഷിപ്പിച്ച് തിരികെ മധ്യതിരുവിതാംകൂറിലേക്ക്.

മധ്യത്തെക്കുറിച്ചെഴുതുമ്പോള്‍ മദ്യത്തില്‍ തന്നെ തുടങ്ങണം. ഓരോ ചെറുപട്ടണത്തിനും ഒന്നും രണ്ടും ബാറും വിദേശമദ്യഷാപ്പും എണ്ണമറ്റ പട്ടഷാപ്പുകളും അവശ കളളുഷാപ്പുകളുമെല്ലാമുണ്ടായിരുന്ന നാടാണ്. ആ നാടാണ് ഒന്നും രണ്ടും ജില്ലകളില്‍ ബാറുകളൊന്നുമില്ലാത്ത വിധം ശുഷ്‌കമായത്. ദരിദ്രമായത്. ഹാ, മദ്യമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ! നീ ശ്രീ ഭൂവിലസ്ഥിര അസംശയം ഇന്നു നിന്റെ യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താല്‍. കൊളളാവുന്ന അബ്കാരികള്‍ക്ക് പത്തും ഇരുപതും ബാറും റേഞ്ചുമുണ്ടാരുന്ന നാടാണ്. അബ്കാരി കുടിപ്പകയുടെ വീരഗാഥകളിപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നില്‍പ്പുണ്ട്. ആ മദ്യഭരിത പുണ്യദേശമാണ് പേരിനൊരു രോമം പോലുമില്ലാത്ത സമ്പൂര്‍ണ്ണ കഷണ്ടിയായി മാറിയത്.

ജനം കൃത്യമായി ജാതി സമ്പദ് ഘടനകളുടെ ഹൈറാര്‍ക്കി പാലിച്ച് മദ്യപിച്ചിരുന്നതാണ്. മേലനങ്ങുന്നവന്‍ ഷാപ്പിലും പട്ടഷാപ്പിലും വൈറ്റ് കോളറുകാരന്‍ ബാറിലും കടുത്ത മദ്യഅഭിരുചികളുളളവരും വിഷയാസക്തിയുളളവരും വാറ്റിലും നീറ്റിലും. അവിടുന്നാണ് കഴിഞ്ഞ യാത്രയില്‍ കണ്ട കാഴ്ച. ഒരു ജില്ലയിലൊന്നോ രണ്ടോ ബിവറേജസ്. പളളിപ്പെരുന്നാളിനും ഉത്സവത്തിനുമൊക്കെ വരുന്നതു പോലെ ചിറ്റാറീന്നും ആങ്ങമുഴീന്നുമൊക്കെ ജനം ഓട്ടോയില്‍ ഷെയറിട്ടു ബീവറേജസ് തീര്‍ത്ഥാടനത്തിനിറങ്ങുന്നു. ക്യൂ നിന്ന് മന്ദിച്ച് സാധനം കിട്ടിക്കഴിയുമ്പോള്‍ വിറ സഹിക്കാതെ അവിടെ നിന്നു തന്നെ കുപ്പി തലകീഴെ മറിക്കുന്നു. കൃത്യമായിട്ടടുത്ത പോസ്റ്റിനടിയില്‍ സമാധിയാവുന്നു. മൂന്നാം പക്കമെങ്കിലുമുയിര്‍ത്താല്‍ കൊളളാം.

മദ്യത്തിന്റെ പകരക്കാരായി വരുന്നത് വാറ്റു ചാരായമോ മൂലവെട്ടിയോ അല്ല. മറിച്ച് മണത്തു മനസ്സിലാക്കാന്‍ പറ്റാത്ത ലഹരികളാണ്.

കുറച്ചു മുന്‍പെഴുതിയ ഒരു ചെറുപട്ടണം പോലും ബാറും വിദേശ മദ്യഷാപ്പും പട്ട കളളു ഷാപ്പുകളും നിറഞ്ഞിരുന്ന കാലത്തു നിന്നീ വൃത്തികേടിലേക്കുളള മാറ്റം ഏകദേശം ഇരുപത്തി അഞ്ചു വര്‍ഷം കൊണ്ടു സംഭവിച്ചതാണ്. ജനം പോക്കറ്റിനും അവസ്ഥയ്ക്കുമനുസരിച്ചു അതാതിടങ്ങളില്‍ മദ്യപിച്ചിരുന്നിടത്ത് നിന്നും കുടുംബ വരുമാനത്തിലെ വലിയൊരു ഭാഗം മദ്യത്തിനു വേണ്ടി ചിലവാകുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിയെന്നതു മാത്രമാണ് വ്യത്യാസം. മദ്യത്തിന്റെ പകരക്കാരായി വരുന്നത് വാറ്റു ചാരായമോ മൂലവെട്ടിയോ അല്ല. മറിച്ച് മണത്തു മനസ്സിലാക്കാന്‍ പറ്റാത്ത ലഹരികളാണ്.

ഒന്നര കിലോ മീറ്ററോ രണ്ടു കിലോമീറ്ററോ വിസ്തൃതിയുളള ചെറുപട്ടണങ്ങളെടുക്കുക. ചെങ്ങന്നൂരു പോലെയോ കോന്നി പോലെയോ ഉളളത്. രണ്ടോ മൂന്നോ നാലോ ബാറ്. അതിനോടു ചേര്‍ന്നു ഹോട്ടല്‍. താമസസൗകര്യം. പത്തമ്പത് പേര്‍ക്ക് ഒരു ദണ്ണോമില്ലാതെ നേരിട്ടു തൊഴിലുകൊടുത്തിരുന്ന യൂണിറ്റാണ് ഒരു കൊളളാവുന്ന ബാര്‍ കം ഹോട്ടല്‍. അതേലെ രണ്ടേലും കാണും മധ്യതിരുവിതാംകൂറിലെ പട്ടണങ്ങളില്‍. ഏകദേശം നൂറിനടുത്ത് ആളുകളുടെ ജീവിതവൃത്തി. നാലഞ്ചു പട്ടക്കടയും കളളുഷാപ്പും കൂടാവുമ്പോള്‍ ഒരു ചെറുപട്ടണത്തില്‍ നേരിട്ടുമല്ലാതെയും പത്തു മുന്നൂറു പേരു കഞ്ഞി കുടിച്ചു കഴിഞ്ഞു പോവും. ചുമട്ടു തൊഴിലാളി കാര്‍ഡു പോലെ ബാറിലെ തൊഴിലാളിയുടെ കാര്‍ഡിനും പ്രീമിയമായിരുന്നു. ഒരു ഗതികേടിനു മറിച്ചു വിറ്റ് മക്കളെ കെട്ടിക്കാനും മാത്രം പ്രീമിയം.

പൊതു സ്വകാര്യ തലങ്ങളില്‍ പട്ടണമൊന്നിനു മുന്നൂറു പേര്‍ക്ക് തൊഴിലൊറപ്പിക്കുന്ന മറ്റു വ്യവസായമൊന്നും കേരളത്തിലില്ല. ഏറ്റവും പുതിയ വ്യവസായം സ്വാശ്രയം പോലും ഏറിയാ പത്തോ മുപ്പതു പേര്‍ക്കേ തൊഴിലു കൊടുക്കുന്നുളളൂ. ഗള്‍ഫു പെറും അറബി കുത്തും പ്രവാസി വെക്കും കേരളമുണ്ണും ലവലായതു കൊണ്ടാണ് പത്തിരുപത് വര്‍ഷം കൊണ്ടു മുന്നൂറു പേര് പട്ടണമൊന്നില്‍ ജോലി ചെയ്തിരുന്ന വ്യവസായം മൂന്നു പേരെങ്കിലും ജോലി ചെയ്താലഞ ഭാഗ്യമെന്ന അവസ്ഥയിലേക്കു മാറിയിട്ടും ദണ്ണമറിയാതിരുന്നത്.

കപട സദാചാരം അധികാര ശ്രേണികളുടെ കൂടപ്പിറപ്പാണ്. മധ്യതിരുവിതാംകൂറിലെ എല്ലാ കുന്നിന്‍ മുകളിലും കാണും ചാരായം നേദിക്കുന്ന ഒരു കല്ല്. അവിടൊരു തിരി. അതൊരു നാടിന്റെ സംസ്‌കാരമായിരുന്നു. ജനത്തിനു സുപ്പീരിയോറിറ്റി കോംപ്ലക്‌സുകളും രക്ഷാധികാരി വൈകൃതങ്ങളും വരുന്നതിനു മുന്‍പൊരു കാലം സാര്‍വത്രികമായിരുന്നു. ഏഴിമല രാജാവ് നന്ദന്റെ മദ്യശേഖരം പുകഴേന്തിയതാണ്. യവനന്മാരുടെ കപ്പലിലെ ഇറക്കുമതി വീഞ്ഞും യവന സുന്ദരന്മാരുമായിരുന്നു. കൗള ആരാധനാ ഉപാസനാക്രമങ്ങളില്‍ മദ്യം അര്‍പ്പണമായിരുന്നു. ചെമ്പട്ട് എല്ലാവര്‍ക്കുമുടുക്കാന്‍ പറ്റുന്ന ഒന്നല്ലെങ്കില്‍ പോലും.

ചോറിലും പച്ചക്കറിയിലും മീനിലും വരെയടങ്ങിയിരിക്കുന്ന കീടനാശിനികളുടെ മാലിന്യങ്ങളുടെ അത്രയും ഹാനികരമാകണമെന്നു നിര്‍ബന്ധമില്ല മദ്യം.

ഭൂട്ടാനില്‍ ഗോവയില്‍ എന്തിനു തൊട്ടയല്‍വക്കത്ത് ബാംഗ്ലൂരില്‍ പോലും തെരുവു തോറും ബാറുണ്ട്. റോഡരികില്‍ വീണു കിടക്കുന്നവരെ അധികമൊന്നും കണ്ടിട്ടില്ല. കണ്ടിട്ടുണ്ടെങ്കിലും കേരളത്തെ അപേക്ഷിച്ച് ഗണ്യശുഷ്‌കം. ഓടയില്‍ കിടക്കാത്തതിനു കാരണം അവിടൊക്കെ നേരത്തെ പറഞ്ഞ ഗള്‍ഫ് പത്തായം പെറാത്തതു കൊണ്ടും അറബി കുത്തി പ്രവാസി വെക്കാത്തതും കൊണ്ടും കൂടെയാണ്. ജനത്തിനു കളളടിക്കണമെങ്കില്‍ പോലും ജോലി ചെയ്യണം. കളളടിച്ചു വഴീ കിടന്നാല്‍ കളളടിക്കാനൊക്കില്ല തന്നെ. നാട്ടിലതല്ലാത്തതു കൊണ്ട് എപ്പം വേണേലുമാവാം.

സദാചാര നിഷ്ടരും മദ്യപിക്കാത്തതു കൊണ്ടു മാത്രം മദ്യപാനികളേക്കാള്‍ നല്ലവരും കുറ്റങ്ങളും കുറവുകളുമില്ലാത്തവരുമായി സ്വയം വാഴ്ത്തുന്നവരും മനസ്സിലാക്കേണ്ട ഒന്നുണ്ട്. ഒരു നേരം അരി ഭക്ഷണം കഴിക്കാന്‍ പറ്റാത്ത സദാചാരന്റെ തിക്കുമുട്ടലിന്റെ അത്രയും വരില്ല രണ്ടോ മൂന്നോ ദിവസം മദ്യപിക്കാതിരിക്കുന്ന മദ്യാസക്തന്റെ തിക്കു മുട്ടല്‍. അഡിക്ഷന്‍. സ്വയം ഗ്ലോറിഫിക്കേഷന്‍ മാറ്റി വെച്ചു നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുളളൂ. ആളു കഷ്ടപ്പെട്ടിരുന്ന പട്ടിണി കിടന്നിരുന്ന മേലനങ്ങി പണി ചെയ്തിരുന്ന കാലത്തെ ശീലമാണ് അരിഭക്ഷണം. ചൂടു കൊണ്ടല്ലാതെ മനുഷ്യനൊന്നു വിയര്‍ക്കുക പോലും ചെയ്യാത്ത ഈ കാലത്ത് അത് അമിതഭക്ഷണമാണ്. ആന്ധ്ര മുതലിങ്ങു നാട്ടിലു വരെ കീടരാസവസ്തുക്കളാലേപനം ചെയ്താണ് വരവ്. അരി മാത്രമല്ല അനുബന്ധങ്ങളുമങ്ങനെ തന്നെ. ഏകദേശം പൂര്‍ണ്ണമായും ആത്മഹത്യാപരമാണ് ഉച്ചയൂണ്.

ശരാശരിയില്‍ ഒരു നേരത്തെ ഉച്ചയൂണില്‍ ചോറിലും പച്ചക്കറിയിലും മീനിലും വരെയടങ്ങിയിരിക്കുന്ന കീടനാശിനികളുടെ മാലിന്യങ്ങളുടെ അത്രയും ഹാനികരമാകണമെന്നു നിര്‍ബന്ധമില്ല മദ്യം. മൊളോസസില്‍ കാരമല്‍ ചേര്‍ത്തു യഥാര്‍ത്ഥ വിദേശമദ്യത്തിന്റെ ഫ്‌ലേവറും ചേര്‍ത്തതാണ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിലേറെയും. ലെസ്സര്‍ ഇവിള്‍. എന്നാലും കപടസദാചാരക്കാരന്‍ മദ്യപിക്കുന്നവന്റെ നെഞ്ചത്തേ കയറൂ.

മദ്യപാനിയും മനുഷ്യനാണ്. ഇരുപത്തി അഞ്ചു വര്‍ഷം മുമ്പ് ഒരു റെയ്‌നോള്‍ഡ്‌സ് പേനയ്ക്കു രണ്ടോ മൂന്നോ രൂപ വിലയുണ്ടാരുന്ന നൂറു ഗ്രാം കാപ്പിക്ക് പത്തു രൂപേ താഴെ വിലയുണ്ടാരുന്ന കാലത്ത് പത്തു രൂപയില്‍ താഴെ മുടക്കി ചാരായം കുടിച്ചു വീട്ടില്‍ പോയ ശരാശരി മദ്യപ്രിയന്‍ ഇന്നു മദ്യപിക്കുന്നതിനു മുടക്കുന്നത് മുന്നൂറു മുതലഞ്ഞൂറു വരെ. അതിനു യാത്രാ സൌകര്യത്തിനു കട്ടിങ്ങ്‌സിനു ടച്ചിങ്‌സിനു ഇതൊക്കെ കഴിഞ്ഞു കുടുംബത്തേക്കെടുക്കാന്‍ ചില്ലറ കണ്ടാലായി ഇല്ലേലായി.

കേരളത്തില്‍ മദ്യം കഴിഞ്ഞാലേറ്റവുമധികം ചിലവാകുന്നത് മരുന്നാണ്

മദ്യപാനിയും മനുഷ്യനാണ്. ടാക്‌സു കൊടുക്കുന്നവനും നിയമം പാലിക്കുന്നവനുമാണ്. മദ്യപിക്കാത്തവനെക്കാള്‍ അതില്‍ കരുതലുളളവനുമായിരിക്കും മിക്കവാറും സാഹചര്യങ്ങളില്‍. അവനു മദ്യപിക്കാനുളള അവകാശമുണ്ട്. നിയമവിധേയമായും അവനവനില്‍ പരിമിതമായും. ആങ്ങമുഴീന്നും ചിറ്റാറീന്നും മാടുകളെ ലോറിക്കൊണ്ടു വരുന്ന ചേലുക്ക് ഓട്ടോ പിടിച്ചു വന്ന് രണ്ടു മണിക്കൂര്‍ ക്യൂവില്‍ നിന്നും വിയര്‍ത്ത് പുറത്തിറങ്ങ് ആദ്യത്തെ മറവിനു കുപ്പി വായിലേക്കു കമത്തി ബോധം മറിഞ്ഞു വീഴേണ്ടവനല്ല മദ്യപാനി. അവനും മനുഷ്യനാണ്. അവനും അവകാശങ്ങളുണ്ട്.

പ്രശ്‌നം കാഴ്ചയുടെതാണ്. കപട രക്ഷാകര്‍ത്വത്തിന്റെയും നല്ല പിളള ചമയലിന്റെയും. അതു മാറണമെങ്കില്‍ കണ്ണു തെളിയണം. മൃഷ്ടാന്നവും കഴിച്ച് മറ്റുളളവരെയും വിലയിരുത്തിയിരിക്കുന്ന കേരളത്തില്‍ മദ്യം കഴിഞ്ഞാലേറ്റവുമധികം ചിലവാകുന്നത് മരുന്നാണ്. രോഗങ്ങള്‍ക്കുളള മരുന്നല്ലെങ്കില്‍ ലൈംഗിക സഹായികള്‍. വടക്കേ ഇന്ത്യക്കാരന്‍ റോഡരികിലു കെട്ടിയിരിക്കുന്ന ചെറു ചായ്പു മുതല്‍ മെഡിക്കല്‍ സ്റ്റോറു വരെയെല്ലായിടത്തും ഏറ്റവുമധികം ചിലവാകുന്നതിലൊന്ന് ലിംഗോദ്ധാരണ ഉദ്ധരണ മെയിന്റനന്‍സ് മരുന്നുകളാണ്.

മദ്യവിരുദ്ധന്റെ നെഞ്ചത്തു മുളകരച്ചു തേക്കുന്ന ഒരു വസ്തുതയില്‍ കുറിപ്പവസാനിപ്പിക്കുന്നു. വീട്ടിലൊരു തെങ്ങു ചെത്തുന്നുണ്ടെങ്കില്‍ പിന്നെ വയാഗ്ര വേണ്ട. താമരക്കളളിനോളം വലിയെ സെഡക്ടീവില്ല. ആണ്‍ വയാഗ്ര മാത്രമല്ല. ഏറ്റവും ഫലപ്രാപ്തിയുളള പെണ്‍വയാഗ്രയാണ് താമരക്കളള്. ഡോപ്പെന്ന ഗണത്തില്‍ പോലുമുപയോഗിക്കാവുന്ന എന്നാല്‍ ബോധം മറിയാതെ ഉണര്‍വ്വു മാത്രമെരിയുന്ന നല്ല സൊയമ്പന്‍ ഉദ്ധരണി. പ്രശ്‌നം വീണ്ടും മനോഭാവത്തിന്റെയും കാഴ്ചകളുടെയുമാണ് അരിയാഹാരം മൃഷ്ടാന്നമുണ്ട് മദ്യപാനിയെ പുച്ഛിക്കുന്ന സദാചാരക്കാരാ.