ഇന്നലെ വൈകിട്ട് വാര്‍ത്തകള്‍ കണ്ടു കൊണ്ടിരുന്നപ്പോഴാദ്യം മനസ്സില്‍ വന്നത്  ട്രമ്പാണ്. ട്രമ്പിനു പിന്തുണയേറാന്‍ പോകുന്നു. ട്രമ്പ്  വലതു  വൈകാരികതയുടെ  ഹിമമുന മാത്രമാണ്.  പ്രതലത്തിനു താഴെയെന്തെന്ന് വെറുതെ ഊഹിക്കാന്‍ മാത്രം പറ്റുന്ന മുന.  ബിബിസി വാര്‍ത്ത വായിച്ച അവതാരക,  സാധാരണ  അവതാരകര്‍ക്ക് പതിവില്ലാത്ത വിധം അസ്വസ്ഥയായിരുന്നു. മുറിവേറ്റവരും.  രാത്രി  ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകളിലും ആ മുറിവും വേദനയുമുണ്ടായിരുന്നു.  ആ മുറിവും വേദനയും ഒരു ദേശീയ വികാരമാണ്. പതിവില്ലാത്തതും. 

ട്രമ്പ്  വലതു  വൈകാരികതയുടെ  ഹിമമുന മാത്രമാണ്.  പ്രതലത്തിനു താഴെയെന്തെന്ന് വെറുതെ ഊഹിക്കാന്‍ മാത്രം പറ്റുന്ന മുന.

ഔപചാരിക ഭദ്രവും നിര്‍വികാരവുമായ  തണുപ്പ്
വൈകാരിക പ്രകടനങ്ങളുടെ മിനിമലിസത്തില്‍ വിശ്വസിക്കുന്ന ജനത. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മുറിവുകളധികമേല്‍ക്കാത്ത ജനത. എടുത്തു പറയാന്‍ പറ്റുന്ന കുറച്ചുദാഹരണങ്ങളേയുളളു. റെബല്‍ പ്രിന്‍സസ് ഡയാനയുടെ മരണം. സാധാരണക്കാരന്‍ ഡയാനയെ കാണുമ്പോള്‍ കാണുന്നത് സ്വര്‍ണ്ണ വര്‍ണ്ണമുടിയും നീലക്കണ്ണുകളുമല്ല. മറിച്ച്, തന്നെ പോലെ പെരുമാറുന്ന, സംസാരിക്കുന്ന സഹജാവബോധം പുലര്‍ത്തുന്ന പഴയ നാടക സിനിമാ സങ്കേതത്തിലെ ഹീറോ ഗുണങ്ങളുളള തന്നെ തന്നെയാണ്. ഡയാനയുടെ മരണം സാധാരണക്കാരനെ വേദനിപ്പിച്ചു. കണ്ണു നനയിച്ചു. അവനു മുഖം കൊടുക്കാതെ, നേരിടാനാവാതെ രാജ്ഞിയും രാജകുടുംബാംഗങ്ങളും  പൊതുവേദികളില്‍ നിന്നകന്നു നിന്നു.   

ആ സാധാരണക്കാരി റെബലിനെ  യാത്രയാക്കാന്‍  എല്‍ട്ടണ്‍ ജോണ്‍ 'കാന്‍ഡില്‍ ഇന്‍ ദി  വിന്‍ഡ്' പാടിയപ്പോള്‍ സാധാരണക്കാരന്റെ കണ്ണു നിറഞ്ഞു. തെരുവോരങ്ങളിലെ ശീതക്കാറ്റില്‍ മെഴുകു തിരികളെരിഞ്ഞു. അത് വൈകാരിക പ്രകടനങ്ങളിലെ മിനിമലിസത്തിന്റെ ഒരപവാദമാണ്. ദുഃഖത്തിനു പകരം കനത്ത നിര്‍വകാരതയുടെ തണുപ്പു പുതച്ച മറ്റൊരു  മരണം കൂടെയുണ്ട്. ക്ഷേമരാഷ്ട്രമെന്ന സങ്കല്‍പത്തെ തകര്‍ത്തുവെന്ന് സാധാരണക്കാരന്‍ വിശ്വസിക്കുന്ന മാര്‍ഗരറ്റ്  താച്ചറിന്റെ മരണം. ഔപചാരികമായി  എല്ലാ പ്രതികരണങ്ങളും ദു:ഖഭദ്രമായിരുന്നു. പക്ഷെ പുറത്തെ ശൈത്യത്തിന്റെ  കടുത്ത ഒരു തണുപ്പ്  സാധാരണക്കാരന്റെ പ്രതികരണങ്ങളിലുമുണ്ടായിരുന്നു. ഔപചാരിക ഭദ്രവും അതേ സമയം നിര്‍വികാരവുമായ  തണുപ്പ്.

എല്‍ട്ടണ്‍ ജോണ്‍ 'കാന്‍ഡില്‍ ഇന്‍ ദി  വിന്‍ഡ്' പാടിയപ്പോള്‍ സാധാരണക്കാരന്റെ കണ്ണു നിറഞ്ഞു.

ഇതു പക്ഷേ, തണുപ്പല്ല, മുറിവും വേദനയും!
പക്ഷെ ഇന്നലെ കനത്ത ഔപചാരികതയുടെ മുഖവാരണത്തിലും കണ്ടത് തണുപ്പല്ലായിരുന്നു. മുറിവും വേദനയുമായിരുന്നു. ആക്രമണത്തിന്റെ ആദ്യമണിക്കൂറുകളില്‍ ടിവി സ്‌ക്രീനുകള്‍ അഭ്യൂഹങ്ങളെ അകറ്റി നിര്‍ത്താന്‍ പാടുപെടുമ്പോള്‍ പത്രപ്രസ്താവനയുമായി വന്ന പോലീസ്  ഉദ്യോഗസ്ഥന്റെ മുഖത്തും വേദനയുണ്ടായിരുന്നു. വാക്കുകളില്‍ ദുഃഖവും.  അഭ്യൂഹങ്ങള്‍ നല്‍കാന്‍ താല്‍പര്യമില്ലെന്നാവര്‍ത്തിച്ചു പറയുമ്പോള്‍ പ്രസന്നവദനനെന്നു പുകഴേന്തിയ ലണ്ടന്‍ ബോബിയുടെ  മേലാവിന്റെ വാക്കുകളില്‍, ക്യത്യമായും വ്യക്തമായും മെനഞ്ഞെടുത്ത  സ്പഷ്ടമായ വാക്കുകളിലും മുറിവിന്റെ ആ വേദനയുണ്ടായിരുന്നു. വൈകിട്ടു തിരിച്ചു വീട്ടിലെത്തുമെന്ന് പ്രതീക്ഷിക്കാന്‍ എല്ലാ അവകാശവുമുളള സഹപ്രവര്‍ത്തകന് അതിനു സാധിക്കില്ലെന്ന ഖേദവും. മുറിവുകളും വേദനയും മനുഷ്യരുടെ  ജീവിതത്തെ മാത്രമല്ല നിശ്ചയിക്കുന്നത്. രാഷ്ട്രത്തെയും സമൂഹത്തെയും കൂടെയാണ്.

കോക്‌നി എന്നു ചെല്ലപ്പേരുളള  ലണ്ടനര്‍ മുതല്‍, ബിര്‍മിങ്ഹാമിലെയോ വാര്‍വിക്ഷെയറിലെയോ  വെയില്‍സിലെയോ സ്‌കോട്ട് ലന്റിലെയോ  സാധാരണക്കാരന്‍ മുമ്പെഴുതിയ പോലെയാണ്.  ചില  ദേശങ്ങളിലുളളവര്‍ തുറന്ന പെരുമാറ്റ രീതികളുളളവരായിരിക്കും. ചിലര്‍ അല്‍പം കൂടുതല്‍ വൈകാരികതയുളളവരും. പക്ഷെ  ഏറിയും കുറഞ്ഞും  ഇതാണ് . 

കറുത്ത കോട്ടണിഞ്ഞ്, വളഞ്ഞ പിടിയുള്ള വോക്കിങ്ങ് സ്റ്റിക്കോ കുടയോ പിടിച്ച്, കറുത്ത ഓവര്‍കോട്ടിന്റെ പോക്കറ്റിലൊരു വര്‍ത്തമാനപത്രമോ കൈയ്യിലൊരു ബാഗോ തൂക്കി. ചുളിവില്ലാത്ത ഇളം നീല ഷര്‍ട്ടണിഞ്ഞ്, ടൈ ശരിയായ കെട്ടിട്ടു കെട്ടി, മുഖത്ത് കുറ്റിരോമങ്ങളില്ലാതെ, ചിലപ്പോള്‍ കഫ് ലിങ്ക്‌സണിഞ്ഞ്, തണുപ്പു കൂടുമ്പോള്‍ ചുണ്ടത്തൊരു സിഗരറ്റു കടിച്ചു പിടിച്ച്, എന്നാലും അനുവദിച്ച സ്ഥലങ്ങളില്‍ കുറ്റിയും കുപ്പയുമിടാന്‍ ശ്രദ്ധിച്ച്. ക്യു തെറ്റിക്കാതെ, ഉപചാരമര്യാദകളെല്ലാം പാലിച്ച്. കണ്ടു മുട്ടുമ്പോള്‍ കാലാവസ്ഥയെക്കുറിച്ച് സംസാരിച്ച്. വൈകുന്നേരങ്ങളില്‍ പബ്ബിലിരുന്നൊരു പിന്റ് ബിയറോ മദ്യത്തിന്റെ നാടന്‍ പതിപ്പോ മൊത്തി.  

സമാധാന പ്രിയന്‍.  പതിഞ്ഞ ടോണുകളിലെ തമാശകളിഷ്ടപ്പെടുന്നവന്‍. പക്ഷെ ദേശമേതായാലും സ്റ്റിഫ് അപ്പര്‍ ലിപ്പ്.  സ്വകാര്യതയോ സ്വകാര്യ ദുഃഖങ്ങളോ  സന്തോഷങ്ങളോ പുറത്തു കാണിക്കാത്തവന്‍. ആ  കനത്ത  സ്വകാര്യതയുടെ പ്രതലത്തെയും ഔപചാരികതയെയും ഭേദിച്ചെത്തുന്ന മുറിവ്. ബ്രിക്‌സിറ്റ് ഒരു  ദൃഷ്ടന്തമാവുന്നതങ്ങനെയാണ്. തദ്ദേശീയന്‍ എന്നത്  കുറഞ്ഞത് ഇംഗ്ലണ്ടിലെങ്കിലും സങ്കര സ്വഭാവമുളളതാണ്. നൂറ്റാണ്ടുകളായി പല ദേശങ്ങളില്‍ നിന്നും കുടിയേറിയവരില്‍ സ്വാഭാവികമായി തന്നെ ഇഴുകിച്ചേരുന്നു. ജീവിതവും ജീവിതരീതികളും സ്വന്തമാക്കുന്നു.  

തദ്ദേശീയന്‍ എന്നത്  കുറഞ്ഞത് ഇംഗ്ലണ്ടിലെങ്കിലും സങ്കര സ്വഭാവമുളളതാണ്.

മുറിവ് ബഹുസ്വര സംസ്‌കാരത്തിനാണ്
മനുഷ്യനു ചെയ്യേണ്ട ജോലി യന്ത്രങ്ങളിലേക്കും പിന്നെ കമ്പ്യൂട്ടറുകളിലേക്കു മാറിയ  വ്യവസായിക സാങ്കേതിക വിപ്ലവത്തിനു പോലും  ബ്രിട്ടണിലെ  മാനവശേഷിയുടെ  കുറവ് പരിഹരിക്കാന്‍ സാധിച്ചില്ലായിരുന്നു. എന്തിനു യുദ്ധങ്ങളില്‍ പോലും ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലെ വീരകഥകളില്‍ നല്ലൊരു ശതമാനം ഇന്ത്യന്‍ അണികള്‍ക്കവകാശപ്പെട്ടതാണ്.  ഇപ്പോഴും ഗുര്‍ഖ റെജിമെന്റും നീപ്പാളില്‍ നിന്നും നേരിട്ടുളള റിക്രൂട്ട്‌മെന്റും സൈന്യത്തിലുണ്ട്.  സാമ്രാജ്യത്തില്‍ സൂര്യനസ്തമിക്കാത്ത കാലത്തും ആളുകളുടെ മാനവശേഷിയുടെ കുറവുണ്ടായിരുന്നു. ഫലം ഭൂഗോളത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റം വരെയുളള കോളനികളില്‍ നിന്നുളള തൊഴില്‍ കുടിയേറ്റം.   ചൈനക്കാരും  ആഫ്രിക്കക്കാരും  റഷ്യക്കാരും ജര്‍മന്‍കാരും  മുതല്‍ കരീബിയനില്‍ നിന്നും  മെക്‌സിക്കനില്‍ നിന്നുമൊക്കെയുളള കുടിയേറ്റങ്ങള്‍.  

ഫലം ഒരു ബഹുസ്വര സമൂഹം.  ശരാശരി ഭക്ഷണപ്രിയങ്ങള്‍ പരിശോധിച്ചാല്‍ ആ സമൂഹത്തിന്റെ വ്യാപ്തിയറിയാം. മെക്‌സിക്കന്‍ ഭക്ഷണം  ഇവിടെ  നാട്ടുഭക്ഷണമാണ്. സാധാരണക്കാരന്റെ ഭക്ഷണം.  വല്ലപ്പോഴും ഹോട്ടലില്‍ പോയി ചൈനീസു കഴിക്കുന്നതു പോലെയല്ലാത്ത ഭക്ഷണം.  അതുപോലെ ചൈനീസ് ഭക്ഷണം, ഇന്ത്യന്‍ കറിയെന്ന എരിവും മുളകും കുറച്ച പതിപ്പ്.  പിക്കിളെന്ന  മധുരം കൂടിയ അച്ചാര്‍.  കരീബിയന്‍ ആഫ്രിക്കന്‍ ഭക്ഷണങ്ങളെല്ലാം ഏതു തെരുവിലും ആരും കഴിക്കുന്ന ഭക്ഷണമാണ്.  ഒരു  ബഹുസ്വര സമൂഹത്തിന്റെ നിര്‍വചനം അതും കൂടെയാണ്. അത്രയും സംസ്‌കാരങ്ങള്‍ മുഖധാരയില്‍ സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട്. തനതു സംസ്‌കാരത്തിലലിയുകയോ  ഭാഗമാകുകയോ ചെയ്തിട്ടുണ്ട്. പൊതുജനം എന്ന സങ്കല്പം വലിയ വര്‍ണ്ണവര്‍ഗ്ഗ വ്യത്യാസങ്ങളില്ലാതെ നിലവിലുണ്ട്. മുറിവ്  ആ സംസ്‌കാരത്തിനാണ്.  ആ മുറിവാണ്  ടിവി  ആങ്കറിന്റെയും പോലീസ് ഉദ്യോഗസ്ഥന്റെയും മുതല്‍ പ്രധാനമന്ത്രിയുടെ വരെ തൊണ്ടയില്‍ ഗദ്ഗദമായി വിറയ്ക്കുന്നത്.

മുറിവ്  ആ സംസ്‌കാരത്തിനാണ്

ദേശീയ വികാരം കത്തിച്ചു നിര്‍ത്തിയ ആ ജനപ്രിയ ടൂള്‍
എഴുത്തിലാണെങ്കിലും സിനിമയിലാണെങ്കിലും ഹിറ്റുകളുണ്ടാവുന്നത്  സമൂഹത്തിന്റെ  അടിവേരുകളില്‍ വരെ വ്യല്പത്തി വരുമ്പോഴാണ്. കരതലാമലകം എന്ന കടിച്ചാ പൊട്ടാത്ത വാക്കു പോലെ കൈവെളളയിലെ രേഖ പോലെ സമൂഹത്തെ അറിയുമ്പോഴാണ്.   ഷെര്‍ലക് ഹോംസ് ഇന്നും  ഏറ്റവുമധികം വിറ്റു പോവുന്ന പുസ്തകങ്ങളിലൊന്നാണ്.  ഒരുപാടു സിനിമകളുടെ വിഭവമാണ്. ടിവി ഷോ  വീണ്ടും ഏതോ സീസണാരംഭിക്കാന്‍ പോകുന്നു.  മുമ്പ് പ്രിന്‍സസ് ഡയാനയുടെ കാര്യം പറഞ്ഞതു പോലെയാണ്. ഹോംസെന്ന സങ്കല്‍പത്തിന്റെ മാനറിസങ്ങള്‍ പെരുമാറ്റ രീതികളെല്ലാം നൂറ്റാണ്ടിന്റെ  തുടക്കത്തിലെന്നതു പോലെ  പല സങ്കരങ്ങള്‍ക്കു ശേഷവും അവശേഷിക്കുന്നു.  ഒന്നാം ലോകമഹായുദ്ധ സമയത്ത്  കോനന്‍  ഡോയലെഴുതിയ ഹിസ് ലാസ്റ്റ് ബോ  എന്നൊരു കഥയുണ്ട്. ഇംഗ്ലീഷുകാരന്റെ  ദേശീയതയും വികാരവുമെല്ലാം നിഴലിക്കുന്ന ഒന്ന്.  ലോകമഹായുദ്ധത്തില്‍ ദേശീയ വികാരം കത്തിച്ചു നിര്‍ത്തിയ  ജനപ്രിയ ടൂള്‍. ജനത്തെ പ്രതിഷേധത്തില്‍ നിന്നകറ്റി നിര്‍ത്താന് സഹായിച്ച ഉപകരണം.

അത്തരമൊരു ടൂളിന്റെ ആവശ്യമെന്തെന്നുളളിടത്താണ്  യൂറോപ്പിന്റെ ചരിത്രം പ്രസക്തമാവുന്നത്.  രാജഭരണം കഴിഞ്ഞ നൂറ്റാണ്ടില്‍ ജനാധിപത്യത്തിന്റെ കടിഞ്ഞാണിലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തോടടുത്ത്  നാമമാത്രമായി ചുരുങ്ങുന്നതിനു മുമ്പും. ജനം  പ്രതികരിച്ചിരുന്നു. ഫ്രഞ്ച് റഷ്യന്‍ വിപ്ലവങ്ങള്‍ മുതല്‍ യൂറോപ്പിന്റെ ചരിത്രത്തിലെല്ലാം റെബലിയന്‍ പരന്നു കിടക്കുന്നു. ആഫ്രിക്കന്‍ കോളനികളിലെവിടെയെങ്കിലും കാണിച്ച ദുഷ്‌കൃത്യങ്ങളോ വിവേചനമോ സ്വന്തം ജനതയോട് കാണിച്ചാല്‍ വിവരമറിയുന്ന അവസ്ഥയായിരുന്നു. അല്ല ഇപ്പോഴും ആണ്. ഇന്ത്യന്‍ സ്വാതന്ത്ര്യം സാമ്രാജ്യത്വത്തിന്റെ തോല്‍വിയല്ലായിരുന്നു. മറിച്ച് ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ വിജയമായിരുന്നു. തോറ്റമ്പിയ ചര്‍ച്ചിലിനെ വീഴ്ത്തി ക്ലമന്റ് ആറ്റ്‌ലി വിജയിച്ചതിന്റെ നേരിട്ടുളള ഫലം. ജനാധിപത്യ നൈതികത. ഇംഗ്ലീഷ് ജനാധിപത്യം വിജയിച്ചപ്പോള്‍ പൊതുജനത്തിന്റെ ധാര്‍മ്മികത വിജയിച്ചപ്പോള്‍ സാമ്രാജ്യത്വം അഴിഞ്ഞു പിരിഞ്ഞു. സര്‍ക്കാരിനു ജനത്തെ പേടിയുണ്ടായിരുന്നു. യുറോപ്പിന്റെ ജനിതക റെബലിയനെയും.

 ഫലം ബ്രിക്‌സിറ്റ്.  യൂറോപ്യന്‍ കുടിയേറ്റക്കാരന്റെ ഭാവി ത്രാസ്സിലാടുന്നു.

ട്രമ്പിനു പിന്തുണയേറുമ്പോള്‍
ഇന്നലെ ആക്രമണത്തില്‍ മരിച്ച പോലീസുകാരന് കൃത്രിമ ശ്വാസം കൊടുത്തത് ഒരു മന്ത്രിയാണെന്ന് വായിക്കുമ്പോള്‍ അമ്പരക്കുന്നവരുണ്ട്.  പഴയ പ്രധാനമന്ത്രി വളളിച്ചെരുപ്പുമിട്ട് ബീച്ചില്‍ കാറ്റു കൊളളുമ്പോഴും.  ജനാധിപത്യ സങ്കല്‍പ സമത്വങ്ങള്‍ ബാബുലോകിനു ദഹിക്കാന്‍ പ്രയാസമാണ്.  കോനന്‍ ഡോയല്‍ മുതലിതെഴുതുന്ന നമതു വരെ  ബ്രിട്ടീഷുകാരനെ, ഭരണകൂടമല്ലാത്ത പൊതുജനത്തെ, നിര്‍വചിക്കുന്നത് ആ കടുത്ത ജനാധിപത്യ ബോധ്യവും സമത്വബോധവുമുളള മാന്യനായാണ്.  അതു കൊണ്ടാണ്  വലതു വൈകാരിക  വ്യതിയാനങ്ങള്‍  ഭയപ്പെടുത്തുന്നത്.  ട്രമ്പിനു പിന്തുണയേറുമ്പോള്‍ വിവേചനത്തിനും കൂടെയാണ് പിന്തുണയേറുന്നത്.

ബ്രിക്‌സിറ്റിനു വലിയൊരു കാരണം അങ്ങനെ  തിടംവെച്ച വിവേചനമാണ്. വസ്തുതകളും. യുറോപ്യന്‍ യൂണിയന്‍ വന്നതോടെ, യൂറോപ്പിലെവിടെയുമുളളവര്‍ക്ക് സ്വതന്ത്രമായി എവിടെയും യാത്ര ചെയ്യുകയും ജീവിക്കുകയും ചെയ്യാം എന്നു വന്നതോടെ  വിനിമയ നിരക്ക് കൂടിയ  സ്ഥലത്തേക്ക്  കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ നിന്നാളുകള്‍ പ്രവഹിച്ചു. സ്വയം ഗെറ്റോകളും കമ്യൂണുകളുമുണ്ടാക്കി  നാട്ടിലെ  ജീവിതരീതിയും സംസ്‌കാരവുമായി ഒരു ബന്ധവുമില്ലാതെ മദ്രാസ്സി സംസാരിക്കുന്നത്ര പോലും ഇംഗ്ലീഷ് പോലും സംസാരിക്കാനറിയാതെ  ജീവിച്ചു.  ശനിയാഴ്ച കൃത്യമായി  മണിയോര്‍ഡറില്‍ പണം പോളണ്ടിലേക്കും ബുള്‍ഗേറിയയിലേക്കുമയച്ചു.  മുന്‍പു നടന്ന കുടിയേറ്റങ്ങളില്‍ ഭാഷ സമൂഹത്തിലലിയാന്‍ സഹായിച്ചിരുന്നു. ഇതിലതുണ്ടായില്ല. പ്രകടമായും കമ്യൂണുകളും തനതു വാസസ്ഥലങ്ങളുമുണ്ടായി . എല്ലാ കമ്യൂണുകളും  വിവേചനമാണ്. സ്വയമോ അല്ലാതെയോ ഉളള വിവേചനം. ആ വിവേചനം നാട്ടുകാരനെയും ബാധിച്ചു. ആദ്യം കര്‍ഷകരെ പിന്നെ  നാഗരികനെ.  ഫലം ബ്രിക്‌സിറ്റ്.  യൂറോപ്യന്‍ കുടിയേറ്റക്കാരന്റെ ഭാവി ത്രാസ്സിലാടുന്നു.

ഏറ്റവും നിര്‍ണ്ണായകമായ ദശാസന്ധിയിലാണ് നമ്മള്‍  ജീവിക്കുന്നത്.

നിര്‍ണ്ണായകം ഈ  ദശാസന്ധി!
വിവേചനത്തിനെതിരായ  ധാര്‍മ്മികതകളെ, മൂല്യങ്ങളെ അതു ദുര്‍ബലമാക്കുന്നു. വലതു തീവ്രതകളിലാള്‍ കൂടുന്നു. മുറിവേറ്റവരുടെ വികാരങ്ങള്‍ പലപ്പോഴും  ധാര്‍മ്മികതകളെ അപ്രസക്തമാക്കി പ്രായോഗികതയിലേക്കെത്തുന്നു.  ധാര്‍മ്മികത എപ്പോഴും കണ്ടു കൊണ്ടിരിക്കേണ്ട സ്വപ്നമായിരിക്കുമ്പോള്‍ പ്രായോഗികത  കഠിന യാഥാര്‍ത്ഥ്യമാണ്. ഇന്നലെ  ഉച്ചമുതലിതെഴുതി തീരുന്നതു വരെ  കാണുന്ന കാഴ്ചകള്‍ മുറിവിന്റെ വേദനയുടെ കാഴ്ചകളാണ്. മുറിവേറ്റ ജനത.  ബ്രിക്‌സിറ്റിനു കാരണമായതിനേക്കാള്‍ വലിയ മുറിവുകള്‍.  മുറിവുകളും ഭയങ്ങളും മതിലുകളുയര്‍ത്തും. സമൂഹത്തെ കൂടുതല്‍ അടഞ്ഞതാക്കും . കൂടുതല്‍  വലതു വിവേചനങ്ങള്‍. ട്രമ്പിന്റെ  പക്ഷത്ത് അണികളേറുമ്പോള്‍ നിങ്ങളുടെ തൊലിയുടെ നിറം നിങ്ങള്‍ക്കൊരു പ്രശ്‌നമായേക്കാം.  ഒരു പക്ഷെ ജീവന്മരണ പ്രശ്‌നം.

ലാസ്റ്റ് ബോ  എന്ന ഷെര്‍ലക് കഥയിലെ വാചകങ്ങളിലൊന്നില്‍ അല്‍പം നീണ്ട ഈ കുറിപ്പ് അവസാനിക്കുന്നു. പക്ഷെ ജീവിതവും സമൂഹവും തുടര്‍ക്കഥയാണ്.  'Good old Watson! You are the one fixed point in a changing age.   സത്യമാണ്.  ഇംഗ്ലണ്ടിന്റെയും യൂറോപ്പിന്റെയും ലോകത്തിന്റെ തന്നെയും ഏറ്റവും നിര്‍ണ്ണായകമായ ദശാസന്ധിയിലാണ് നമ്മള്‍  ജീവിക്കുന്നത്.