'മാലിന്യം വലിച്ചറിയുന്നത് ഒട്ടും നല്ല കാര്യമല്ല', നമ്മൾ മുതിർന്നവർ എപ്പോഴും നമ്മുടെ കുഞ്ഞുങ്ങളോട് ഉപദേശിക്കാറുള്ളതാണ്. എന്നാൽ, നമ്മൾ എത്ര പേര്‍ മാലിന്യം വലിച്ചെറിയാതിരിക്കുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ. അവർക്ക് മാതൃകയാവേണ്ട നമ്മൾ പക്ഷേ പലപ്പോഴും അത് മറന്നുപോകുന്നു. എന്നാൽ, ഇവിടെ ഒരു വയസ്സുള്ള ഒരു കൊച്ചു മിടുക്കൻ നമുക്ക് ചിട്ടയുടെയും പ്രകൃതി സംരക്ഷണത്തിൻ്റെയും ഒരു വലിയ പാഠം  പകർന്ന് തരികയാണ്.  ചൈനയിലെ ഈ  കൊച്ചുമിടുക്കൻ മുതിർന്ന ആളുകൾക്ക് ഒരു മാതൃക തന്നെയാണ്.  

റോഡിന് ഓരത്തുകൂടി നടന്നുപോവുകയായിരുന്ന അവൻ. ഒരാൾ ഒരു വാഹനത്തിൽ നിന്ന് ഒരു പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയുന്നത് അവൻ കാണാനിടയായി. അവൻ്റെ പ്രതികരണം ലോകത്തെ അത്ഭുതപ്പെടുത്തി. ഇതൊന്നും ഇത്രകാലമായിട്ടും അറിയില്ലേ എന്ന ഭാവത്തിൽ അവൻ പതിയെ നടന്ന് വലിച്ചെറിഞ്ഞ ആ പ്ലാസ്റ്റിക് കുപ്പി എടുത്ത് കാറിൻ്റെ  ജനാലയിലൂടെ വലിച്ചെറിഞ്ഞ ആൾക്ക് തന്നെ തിരികെ നൽകി.

ആ കൊച്ചുമിടുക്കൻ്റെ അമ്മ സംഭവത്തിൻ്റെ വീഡിയോ എടുക്കുകയും, ഇൻറർനെറ്റിൽ പങ്കുവെക്കുകയും ചെയ്തു. ഇപ്പോൾ ഇത് വൈറലാവുകയാണ്. ബുദ്ധിയും പക്വതയുമുണ്ട് എന്നവകാശപ്പെടുന്ന മുതിർന്നവരെ ചിന്തിപ്പിക്കുന്നതാണ്  ആ കുഞ്ഞിൻ്റെ പ്രവൃത്തി.  

എന്നിരുന്നാലും, കുഞ്ഞിൻ്റെ അമ്മ പറയുന്നത് , കുപ്പി ഡ്രൈവറുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ വീണുപോയെന്ന്  കരുതി, ആ കുരുന്നു എടുത്ത് കൊടുത്തായിരിക്കും എന്നാണ്.  എന്ത് തന്നെയായാലും ഒരു വയസ്സ് മാത്രമുള്ള ഒരു കുരുന്നിൻ്റെ അടുത്തുനിന്ന് നമ്മൾ ഇത്തരമൊരു പ്രവൃത്തി ഒരിക്കലും പ്രതീക്ഷിക്കില്ല. എന്തിൻ്റെ പേരിലായാലും അവൻ ചെയ്തത് അഭിനന്ദനമർഹിക്കുന്ന കാര്യം തന്നെയാണ്. ചൈനയിലെ ഇൻറർനെറ്റ് പ്രേമികൾ ഏകകണ്ഠമായി കുട്ടിയെ പ്രശംസിക്കുകയും, മുതിർന്നവർക്ക് കുട്ടികളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.  

പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ച ആ കൊച്ചു മിടുക്കൻ്റെ പേര് സൺ ജിയാറുയി എന്നാണ്. കിഴക്കൻ ചൈനയിലെ ഷാൻ‌ഡോംഗ് പ്രവിശ്യയിലെ ജിന്നിംഗ് നഗരത്തിലാണ് അവൻ താമസിക്കുന്നത്.