വടക്കൻ ഉഗാണ്ടയിലെ ഗുലുവിലുള്ള തന്റെ ചെറിയ വീട്ടിൽ ഇരുന്ന്, അലനിയോ ജോയ്‍സ് അവരുടെ നഗ്നമായ മാറിടം നോക്കി. ചിലയിടത്ത് പിങ്ക് നിറത്തിൽ തൊലി കരിഞ്ഞുപോയത്തിന്റെ പാടുകൾ കാണാമായിരുന്നു. സഹിക്കാൻ കഴിയാത്ത വേദനയിൽ അവർ ഒന്ന് ഞെരങ്ങി. അവിടെ മാത്രമല്ല, അവരുടെ മുഖത്തും കൈകളിലും കാലുകളിലും നെഞ്ചിലും എല്ലാം പൊള്ളിയിട്ടുണ്ട്. സഹിക്കാവുന്നതിലും കൂടുതൽ വേദനയുണ്ടായിരുന്നു അവർക്ക്. ഒരാഴ്‍ച മുമ്പാണ് ഈ സംഭവം നടന്നത്.  

അന്നൊരു ബുധനാഴ്‍ചയായിരുന്നു. മൃദുവായി സംസാരിക്കുന്ന ആ 31 -കാരി, നഗരത്തിലെ തന്റെ പതിവ് സ്ഥലത്ത് ഇരുന്ന് ചിപ്‍സും ചിക്കനും വറുക്കുകുകയായിരുന്നു. പെട്ടെന്നാണ് വൈകുന്നേരം ഏഴ് മണിയായല്ലോ എന്നവർ ഓർത്തത്. കൊറോണ വൈറസ് വ്യാപനം മൂലം ഉഗാണ്ടയിൽ  ഒരാഴ്ചത്തേക്ക് രാജ്യവ്യാപകമായി ഒരു കർഫ്യൂ ഏർപ്പെടുത്തിയിരിക്കയാണ്. അവർ കട അടക്കാൻ തുടങ്ങിയപ്പോഴേക്കും സുരക്ഷാസേന എത്തി. അവർ വന്നെന്നോട് പറഞ്ഞു, 'പെട്ടെന്നു സാധനങ്ങൾ കെട്ടിപ്പെറുക്കി സ്ഥലം വിട്!' ഉടനെ പോകാമെന്ന് ഞാനും മറുപടി പറഞ്ഞു. എന്നാൽ, അത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരു ഉദ്യോഗസ്ഥൻ എന്റെ അടുത്തേയ്ക്ക് നടന്നടുത്തു. കുനിഞ്ഞ് ഞാൻ സാധങ്ങൾ പെറുക്കികൊണ്ടിരിക്കുമ്പോൾ നിലത്ത് വച്ചിരിക്കുന്ന തിളക്കുന്ന എണ്ണ നിറച്ച ചട്ടി തട്ടി തെറിപ്പിച്ചു. എന്‍റെ മേലാകെ തിളച്ച എണ്ണയായി... അന്ന് ഞാൻ ഒരു വെളുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. അതെല്ലാം തവിട്ടുനിറമായി. എന്റെ ശരീരം ആകെ കത്തുന്ന പോലെ തോന്നി എനിക്ക്" അവർ പറഞ്ഞു.
 

 

കഴിഞ്ഞ മാർച്ച് മാസം 30 -ാം തീയതി മുതൽ ആരംഭിച്ചതാണ് ലോക്ക് ഡൗണിന്റെ മറപറ്റി നടക്കുന്ന പൊലീസിന്റെ ഈ അഴിഞ്ഞാട്ടം. അതിലെ ഒരു ഇര മാത്രമാണ് അലനിയോ. ഇതിന് കുറച്ച് ദിവസം മുൻപ് എലഗുവിൽ ഡസൻ കണക്കിന് സ്ത്രീകളെയും പുരുഷന്മാരെയും സൈനികരും പൊലീസും ചേർന്ന് അടിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, അതൊരു സംസാരവിഷയമായതോടെ അവരെ പിന്നീട് അറസ്റ്റ് ചെയ്‍തു. പക്ഷേ, ഇതൊരു നിത്യസംഭവമാണ് ഇവിടെ എന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ ഉഗാണ്ട ഗവേഷകനായ ഒറിയം നെയ്‌കോ പറയുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങൾ ആരംഭിച്ചതു മുതൽ ഉഗാണ്ടയിലെ സുരക്ഷാസേന മാധ്യമപ്രവർത്തകർ, കച്ചവടക്കാർ, എൽജിബിടി ആളുകൾ എന്നിവരുൾപ്പെടെയുള്ള സാധാരണക്കാരെ അറസ്റ്റുചെയ്യുകയും, മർദ്ദിക്കുകയും, വെടിവയ്ക്കുകയും ചെയ്യുന്നതായി ന്യൂയോർക്ക് ആസ്ഥാനമായ സംഘടന പറയുന്നു. കഠിനമായ ലോക്ക്ഡൗൺ നടപ്പാക്കലിനെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടുള്ള പല ആഫ്രിക്കൻ രാജ്യങ്ങളിലൊന്നാണിത്. ജോലി തുടരാൻ കഴിയാതെ പട്ടിണി കിടന്നു മരിക്കുമെന്ന ഭയത്തിലാണ് ആളുകൾ.  

ഭക്ഷണം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സമരം നടത്തിയ ഉഗാണ്ടൻ പ്രവർത്തകരെ സർക്കാർ കസ്റ്റഡിയിലെടുത്തു. അത് കൂടാതെ സർക്കാറിന്റെ അനുവാദമില്ലാതെ ഭക്ഷണം കൈമാറിയതിന് പ്രതിപക്ഷ രാഷ്ട്രീയക്കാരനായ ഫ്രാൻസിസ് സാകെയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. തന്നെ പൊലീസ് കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പട്രോളിങ്ങിനിടയിൽ പൊലീസ് പലരെയും  തലക്കടിക്കുകയും, മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കാണാം. “എന്നെ തല്ലിച്ചതച്ചപ്പോൾ മരുന്ന് വാങ്ങാൻ പോലും എന്റെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അടുത്ത ദിവസം വരെ എനിക്ക് ചികിത്സ കിട്ടിയില്ലായിരുന്നു” മർദ്ദനമേറ്റൊരാൾ പറഞ്ഞു. വീട്ടിലേക്ക് നടക്കുകയായിരുന്ന ഇയാളെ പൊലീസ് പിന്നിൽ നിന്ന് തലക്കടിക്കുകയായിരുന്നു.  

ജോയ്‌സിന്റെ കാര്യവും വ്യത്യസ്‍തമല്ല. അഞ്ച് ദിവസത്തോളം ജോയ്‌സ് ആശുപത്രിയിലായിരുന്നു. അവരുടെ വീട്ടുടമസ്ഥന്റെ കുട്ടികളാണ് അവർക്ക് ഭക്ഷണം കൊണ്ടുവന്നത്. ആ സമയത്ത് അവർക്ക് ലഭിച്ച ഒരേയൊരു സഹായം അതാണ്. ഇപ്പോൾ ജോയ്‌സിന് സമ്പാദ്യമൊന്നുമില്ല. അക്രമിയെ അറസ്റ്റുചെയ്തെങ്കിലും പിന്നീട് പൊലീസ് ജാമ്യത്തിൽ അയാളെ വിട്ടയച്ചു. എന്നാൽ ജോയ്‌സിനെ ഇതിന്റെ പേരിൽ ഇതുവരെ ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. അവർക്ക് അഞ്ചുവയസ്സുള്ള ഒരുമകനുണ്ട്.  അവനെ എങ്ങനെ വളർത്തുമെന്ന വിഷമത്തിലാണ് അവർ. എന്നാൽ അധികാരികളോട് ഇതേ പറ്റി ചോദിച്ചപ്പോൾ, ഇപ്പോൾ ഈ അവസ്ഥയിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും, ഈ പ്രതിസന്ധി മറികടന്ന് രോഗ നിയന്ത്രണം നേടിക്കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം എന്നായിരുന്നു മറുപടി.

അണുബാധ തടയുന്നതിനും വേദനക്കും ആൻറിബയോട്ടിക്കുകളും വേദനസംഹാരികളും ജോയ്‌സ് ഇപ്പോൾ കഴിക്കുന്നുണ്ട്. "ഇന്നലെ എനിക്ക് രക്തസമ്മർദ്ദം വല്ലാതെ കൂടി. എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ ഭയക്കുന്നു. ജീവിക്കാനുള്ള പണവും എന്റെ പക്കലില്ല. ഈ തളർന്ന് കിടക്കുന്ന ഞാൻ എങ്ങനെ ജോലിക്ക് പോകാനാണ്. താമസിയാതെ എന്റെ മോന്‍റെ സ്കൂളും തുറക്കും. അവന്റെ സ്കൂൾ ഫീസ് എങ്ങനെ അടക്കുമെന്ന് ആലോചിച്ച് ഒരു രൂപവുമില്ല. വാടക, ഭക്ഷണം, എല്ലാത്തിനും പണം ആവശ്യമാണ്. ഞാൻ എവിടെ പോകും ആരോട് ചോദിക്കും" അവർ പറഞ്ഞു. 

അവിടെ ദിവസവും ഇതുപോലെ അനേകങ്ങളാണ്  പൊലീസിന്റെ ധാര്‍ഷ്ട്യത്തിന്റെ ഇരയാവുന്നത്. കൊറോണ വൈറസ് എന്ന മഹാമാരി ഉണ്ടാക്കിയ നഷ്ടത്തിന് പുറമെയാണ് സർക്കാരിന്റെ ഈ ക്രൂരതയും.