Asianet News MalayalamAsianet News Malayalam

ഗുർമീത് റാം റഹീം എന്ന ആൾദൈവം എന്തിനായിരുന്നു 'രാംചന്ദ്ര ഛത്രപതി'യെ വെടിവെച്ചുകൊന്നത്?

ആ കൊലപാതകത്തിന്റെ വാർത്ത വന്നതോടെ അസ്വസ്ഥരായ സഹപ്രവർത്തകർ ഛത്രപതിയോട് അന്ന് ചോദിച്ചു.. "സാർ, അങ്ങേയ്ക്ക് പേടി തോന്നുന്നില്ലേ? " അന്ന് ഛത്രപതി അവരോടു പറഞ്ഞു, " ഉണ്ട്... വധഭീഷണികൾ പലതും വന്നിട്ടുണ്ട് ഫോണിൽ... എവിടെച്ചെന്നവസാനിക്കും എന്ന് നിശ്ചയമില്ല. പിന്നെ, എന്തായാലും എല്ലാവർക്കും  ഒരുദിവസം മരിക്കണമല്ലോ. അതുകൊണ്ട് ഞാൻ അതേപ്പറ്റിയൊന്നും ഓർത്ത് വേവലാതിപ്പെടുന്നില്ല." 

reason behind the murder of ramchandra chatrapati
Author
Thiruvananthapuram, First Published Jan 12, 2019, 4:17 PM IST

പതിനഞ്ചുവർഷത്തിനുശേഷം ഗുർമീത് റാം റഹീം എന്ന ആൾദൈവത്തിനെതിരായ രണ്ടാമത്തെ ക്രിമിനൽ കേസിലും വിധി വന്നിരിക്കയാണ്.  പഞ്ച് കുലയിലെ സ്‌പെഷ്യൽ സിബിഐ കോടതി ഇന്നലെയാണ് ഹരിയാനയിലെ സിർസയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'പൂരാ സച്ച്' എന്ന സായാഹ്‌നപത്രത്തിന്റെ പത്രാധിപർ രാംചന്ദ്ര ഛത്രപതിയെ വെടിവെച്ചുകൊന്ന കേസിൽ 'ദേരാ സച്ചാ സൗദാ' എന്ന മതസംഘടനയുടെ തലവൻ ആൾദൈവം ഗുർമീത് രാം റഹീം സിംഗിനെ കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ ജനുവരി 17 -ന് പ്രഖ്യാപിക്കും. 

ആരായിരുന്നു രാംചന്ദ്ര  ഛത്രപതി? പത്രക്കാരെപ്പറ്റി, വിശിഷ്യാ ഉത്തരേന്ത്യയിലെ പത്രക്കാരെപ്പറ്റി രാഷ്ട്രീയ വൃത്തങ്ങളിൽ പറഞ്ഞുകേൾക്കുന്ന ഒരു ആരോപണം, വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിലും മുന്നിൽ നിൽക്കുന്ന അവരുടെ സാമ്പത്തിക താത്പര്യങ്ങളാണ്. ഒരുപക്ഷേ, ഭൂരിപക്ഷം വരുന്ന അത്തരം 'മുഖ്യധാരാ' പത്രപ്രവർത്തകരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു സിർസയിൽ നിന്നും 'പൂരാ സച്ച്' എന്ന പത്രം പുറത്തിറക്കിയിരുന്ന ഛത്രപതി. 'പൂരാ സച്ച് 'എന്ന ഹിന്ദി വാക്കിന്റെ അർഥം 'പൂർണ്ണമായ സത്യം' എന്നാണ്. പത്രത്തിന്റെ ലോഗോയ്ക്ക് ചുവടെ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്. "സത്യത്തിനും അസത്യത്തിനും ഇടയ്ക്ക് യാതൊന്നിനും ഇടമില്ല. ഞങ്ങൾ സത്യത്തിന്റെ കൂടെയാണ്..."  

2000 -ലാണ് ഛത്രപതി വക്കീൽപ്പണിയുപേക്ഷിച്ച് പത്രപ്രവർത്തനത്തിനിറങ്ങുന്നത്. ആദ്യം ഒരു പ്രശസ്തപത്രത്തിന്റെ ലേഖകനായി കുറച്ചുകാലം പ്രവർത്തിച്ചെങ്കിലും അധികം താമസിയാതെ അദ്ദേഹം സ്വന്തമായി പൂരാ സച്ച് തുടങ്ങി. വാർത്തകളിൽ സത്യമുണ്ടെങ്കിൽ എതിരെ നിൽക്കുന്നത് ആരാണെന്ന് നോക്കുന്ന പതിവ് ഛത്രപതിക്കുണ്ടായിരുന്നില്ല. അതാവും 2002 -ൽ പത്രമാഫീസിൽ അയച്ചുകിട്ടിയ ഒരു അജ്ഞാത കത്തിൽ ഒരു സാധ്വി, ദേരാ സച്ചാ സൗദ എന്ന സംഘത്തിന്റെ ആശ്രമത്തിൽ താനടക്കമുള്ള സന്യാസിനികൾ ഗുർമീത്  റാം റഹീം സിങ്ങിൽ നിന്നും നേരിടുന്ന ലൈംഗികാക്രമണങ്ങളെപ്പറ്റി വ്യക്തമായ തെളിവുകളുടെ പിൻബലത്തോടെ തുറന്നെഴുതിയപ്പോൾ  സധൈര്യം അത് പ്രസിദ്ധപ്പെടുത്തിയത്. വാർത്ത പുറത്തുവന്നതോടെ ഗുർമീത് റാം റഹീമിനെപ്പറ്റിയുള്ള ആരോപണങ്ങളുടെ ഒരു ഘോഷയാത്രയായി പിന്നാലെ. സ്വാഭാവികമായും ഗുർമീതിന് ഛത്രപതിയോട് അടക്കാനാവാത്ത പകയും തോന്നി. ആശ്രമത്തിൽ നിന്നും കത്ത് ചോർന്ന് ഒരു മാസത്തിനകം, ബലാൽസംഗം ചെയ്യപ്പെട്ട സാധ്വിയുടെ സഹോദരൻ രഞ്ജിത്ത് സിംഗിനെ ഗുർമീത് വകവരുത്തി. രഞ്ജിത്ത് സിംഗായിരുന്നു കത്തുചോർത്തിയതിനും പൂരാ സച്ചിലേക്ക് അയച്ചുകൊടുത്തതിനും പിന്നിലെന്ന ഗുർമീതിന്റെ സംശയമായിരുന്നു കൊലയ്ക്കു പിന്നിൽ. 

reason behind the murder of ramchandra chatrapati

ആ കൊലപാതകത്തിന്റെ വാർത്ത വന്നതോടെ അസ്വസ്ഥരായ സഹപ്രവർത്തകർ ഛത്രപതിയോട് അന്ന് ചോദിച്ചു.. "സാർ, അങ്ങേയ്ക്ക് പേടി തോന്നുന്നില്ലേ? " അന്ന് ഛത്രപതി അവരോടു പറഞ്ഞു, " ഉണ്ട്... വധഭീഷണികൾ പലതും വന്നിട്ടുണ്ട് ഫോണിൽ... എവിടെച്ചെന്നവസാനിക്കും എന്ന് നിശ്ചയമില്ല. പിന്നെ, എന്തായാലും എല്ലാവർക്കും  ഒരുദിവസം മരിക്കണമല്ലോ. അതുകൊണ്ട് ഞാൻ അതേപ്പറ്റിയൊന്നും ഓർത്ത് വേവലാതിപ്പെടുന്നില്ല." 

അദ്ദേഹം പറഞ്ഞപോലെ തന്നെ സംഭവിച്ചു. ഗുർമീത്,  ഛത്രപതിയെ വകവരുത്താനുള്ള ദൗത്യം തന്റെ വിശ്വസ്തരായ കൊലയാളികളെ ഏൽപ്പിച്ചു കഴിഞ്ഞിരുന്നു. 2002 ഒക്ടോബർ 19 -ന് സ്വന്തം വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഛത്രപതിക്കുനേരെ സായുധരായ കൊലയാളികൾ വെടിയുണ്ടകൾ വർഷിച്ചു. ഗുരുതരമായി പരിക്കേറ്റ് രണ്ടുദിവസം അപ്പോളോ ആസ്പത്രിയിൽ കിടന്നശേഷം 21 -ന് അദ്ദേഹം മരണത്തിനു കീഴടങ്ങി. 

കൊലപാതകക്കേസ് പഞ്ചാബ് ഹരിയാനാ ഹൈക്കോടതി സിബിഐക്കു വിട്ടു. ജസ്റ്റിസ് രാജേഷ് സച്ചാർ, ആർ.എസ്. ചീമ, അശ്വിനി ബിഖ്രി എന്നിവർ ഫീസൊന്നും പറ്റാതെ തന്നെ കേസ് വാദിച്ചു. തന്റെ അച്ഛന്റെ കൊലപാതകം നടക്കുമ്പോൾ വെറും 21  വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകൻ അൻഷുൽ ഇന്ന് പൂരാ സച്ചിന്റെ പത്രാധിപരാണ്. കേസിന്റെ  വിചാരണ പതിനഞ്ചുവർഷങ്ങളോളം നീണ്ടുപോയെങ്കിലും ഒടുവിൽ നീതി പുലരും വിധം വിധി വന്നിരിക്കുന്നു. സത്യത്തിനുവേണ്ടി നിലകൊണ്ട ഒരു പത്രാധിപരെ നിർദ്ദയം കൊന്നുതള്ളിയവരെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. 

ഇന്ന് രാംചന്ദ്ര ഛത്രപതിയുടെ പേരിൽ, പത്രപ്രവർത്തനത്തിനുള്ള  പ്രഖ്യാതമായ ഒരു പുരസ്കാരം നല്കപ്പെടുന്നുണ്ട്. കുൽദീപ് നയ്യാറും, രവീഷ് കുമാറുമടക്കമുള്ള  പല പ്രസിദ്ധ പത്രപ്രവർത്തകരും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം അഭിമാനപൂർവം കൈപ്പറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ മകനടക്കമുള്ളവർ അതേ പത്രസ്ഥാപനത്തിലൂടെ സത്യങ്ങൾ നിർഭയം അച്ചടിച്ചുകൊണ്ട് അച്ഛന്റെ ആത്മാവിനോട് നീതിപുലർത്താൻ ഇന്നും ശ്രമങ്ങൾ തുടരുന്നു.  

Follow Us:
Download App:
  • android
  • ios