Asianet News MalayalamAsianet News Malayalam

സ്നേഹലതാ റെഡ്ഢി : അടിയന്തരാവസ്ഥ ജീവനെടുത്ത ധീരയായ അഭിനേത്രി

ഇന്ന് ജനുവരി 20, സ്നേഹലതാ റെഡ്ഢിയുടെ ചരമദിനം.
അടിയന്തരാവസ്ഥക്കാലത്ത് അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ മാത്രം കേസിൽ കുടുക്കി തുറുങ്കിലടക്കപ്പെട്ട്, പീഡനങ്ങൾ അനുഭവിച്ച് അകാലത്തിൽ മരിക്കേണ്ടിവന്ന നൂറുകണക്കിന് ഇന്ത്യക്കാരിൽ ഒരാളാണ് സ്നേഹലതാ റെഡ്ഢിയും. 

Snehalatha Reddy - A brave actress who defied the emergency
Author
Thiruvananthapuram, First Published Jan 20, 2019, 5:46 AM IST

       ഇന്ന് ജനുവരി 20, സ്നേഹലതാ റെഡ്ഢിയുടെ ചരമദിനം. അടിയന്തരാവസ്ഥക്കാലത്ത് അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ മാത്രം കേസിൽ കുടുക്കി തുറുങ്കിലടക്കപ്പെട്ട്, പീഡനങ്ങൾ അനുഭവിച്ച് അകാലത്തിൽ മരിക്കേണ്ടിവന്ന നൂറുകണക്കിന് ഇന്ത്യക്കാരിൽ ഒരാളാണ് സ്നേഹലതാ റെഡ്ഢിയും. കന്നഡയിലെ അറിയപ്പെടുന്ന ഒരു സിനിമാതാരമായിരുന്നിട്ടുപോലും  അടിയന്തരാവസ്ഥക്കാലത്ത് സ്നേഹലതയ്ക്ക് സഹിക്കേണ്ടി വന്നത് ജയിൽ വാസവും, മാനസികപീഡനങ്ങളും, ചികിത്സാനിഷേധവും മാത്രം. ഒടുവിൽ പരോളിലിറങ്ങി അധികം താമസിയാതെ രോഗം മൂർഛിച്ച് അകാലത്തിലുള്ള മരണവും. 

Snehalatha Reddy - A brave actress who defied the emergency

      1975 ജൂൺ 25ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ അടിക്കല്ലിളകിയത് ഇന്ത്യയുടെ ഭരണഘടന നമുക്ക് അനുവദിച്ചുതന്നിട്ടുള്ള പൗരാവകാശസങ്കല്‌പങ്ങളുടെ കൂടിയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനങ്ങൾ അനുഭവിച്ചുപോന്നിരുന്ന സമാധാനവും സുരക്ഷിതത്വവും ഒരു സുപ്രഭാതത്തിൽ ഇടിഞ്ഞു   വീഴുകയായിരുന്നു അന്ന്. പലരും അകാരണമായി തുറുങ്കിലടക്കപ്പെട്ടു. അക്കൂട്ടത്തിൽ ഒരാളായിരുന്നു എഴുത്തുകാരിയും, ആക്ടിവിസ്റ്റും, അഭിനേത്രിയുമായിരുന്ന സ്നേഹലതാ റെഡ്ഢി. 

         1932ലെ ആന്ധ്രാപ്രദേശിൽ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഒരു കുടുംബത്തിലെ രണ്ടാം തലമുറയിലായിരുന്നു സ്നേഹലതയുടെ ജനനം. കോളനി ഭരണം ഇന്ത്യയിൽ അടിച്ചേൽപ്പിച്ച ചൂഷണങ്ങളോടുള്ള പ്രതിഷേധം, കോളേജ് പഠനകാലത്തു തന്നെ തന്റെ ക്രിസ്ത്യൻ നാമം തിരസ്കരിക്കാൻ സ്നേഹലതയെ പ്രേരിപ്പിച്ചു. വലിയൊരു വട്ടപ്പൊട്ടും തൊട്ട്, ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് മാത്രമേ അക്കാലത്ത് അവരെ കാണാൻ കഴിയുമായിരുന്നുള്ളൂ. പ്രശസ്ത നർത്തകൻ കിട്ടപ്പാ പിള്ളയിൽ നിന്നും അവർ ഭരതനാട്യം അഭ്യസിച്ചു. നർത്തകി എന്ന നിലയിൽ പ്രശസ്തി നേടി.  

       കവിയും, ഗണിതശാസ്ത്രജ്ഞനും, സംവിധായകനും ഒക്കെയായ പട്ടാഭി രാമ റെഡ്ഢിയുമായുള്ള അവരുടെ വിവാഹം നടക്കുന്നത് അക്കാലത്താണ്. ചെന്നൈ ക്വീൻസ് മേരി കോളേജിൽ വെച്ച് യാദൃഛികമായാണ് പട്ടാഭി സ്നേഹലതയുടെ നൃത്തം കാണാനിടയാകുന്നത് . പ്രഥമദർശനത്തിൽ തന്നെ സ്നേഹലതയിൽ അനുരക്തനായ പട്ടാഭി, അവരെ വിവാഹം ചെയ്യാതെ തന്റെ താടി വടിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. ഒടുവിൽ സുഹൃത്തുക്കളുടെ മുൻകൈയിൽ അവർ തമ്മിൽ കണ്ടുമുട്ടി. സ്നേഹലതയ്ക്കും പട്ടാഭിയെ ഇഷ്ടപ്പെട്ടതുകൊണ്ട്, പട്ടാഭിയുടെ താടി നിലം മുട്ടും മുമ്പുതന്നെ അവർ വിവാഹിതരായി.  സാമൂഹ്യപ്രവർത്തനങ്ങളിൽ അതീവ തത്പരരായ ആ ദമ്പതികൾ തുടക്കം മുതൽക്കുതന്നെ പ്രശസ്ത സ്വാതന്ത്ര്യസമര സേനാനിയും ആക്ടിവിസ്റ്റുമായിരുന്ന റാം മനോഹർ ലോഹ്യയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായിരുന്നു. 

Snehalatha Reddy - A brave actress who defied the emergency

സ്നേഹലതയും പട്ടാഭിയും 

          ചെന്നൈ നാടക ചരിത്രത്തിൽ ഈ ദമ്പതികൾക്കുള്ള സ്ഥാനം അവിസ്മരണീയമാണ്. ഇവർ ചേർന്നാണ് ' മദ്രാസ് പ്ലെയേഴ്സ് ' എന്നൊരു നാടകസംഘം തുടങ്ങിയത്. ഷേക്സ്പിയറിന്റെ 'Twelfth Night', ഇബ്സന്റെ 'Peer Gynt' തുടങ്ങിയ നാടകങ്ങൾ അവർ അക്കാലത്ത് അരങ്ങിലെത്തിച്ചു. താമസിയാതെ ബാംഗ്ലൂരിലേക്ക് ചുവടുമാറ്റിയ അവർ അവിടെ അശോക് മന്ദാനയുമായി ചേർന്ന് 'അഭിനയ' എന്ന നാടകസംഘത്തിനും രൂപം നൽകുന്നുണ്ട്. അവർക്ക് രണ്ടുമക്കളായിരുന്നു. പിൽക്കാലത്ത് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ പ്രശസ്തി നേടിയ നന്ദന റെഡ്ഢിയും, സംഗീതരംഗത്ത് വിശ്വപ്രസിദ്ധിയാർജ്ജിച്ച അനിയൻ കൊനാരക് റെഡ്ഢിയും. 

 Snehalatha Reddy - A brave actress who defied the emergency

 

 

         കുഞ്ഞുങ്ങളുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്നു സ്നേഹലത.  സാമ്പ്രദായികമായ വിലക്കുകളൊന്നും ഏർപ്പെടുത്താതെ, മക്കളെ  തികച്ചും സ്വതന്ത്രമായ ചിന്താഗതികളോടെ വളർത്തി അവർ. അമ്മയുമായി ബന്ധപ്പെട്ട ഒരു ഓർമ്മ, ഇന്ന്  'ദി കൺസേൺഡ് ഫോർ വർക്കിങ്ങ് ചിൽഡ്രൺ'(CWC ) എന്ന സംഘടന നയിക്കുന്ന സ്നേഹലതയുടെ മകൾ നന്ദന റെഡ്ഢി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട്  പങ്കുവെച്ചു. 

" എനിക്കന്നു പതിമൂന്നു വയസ്സ് പ്രായം. എന്റെ സ്‌കൂളിലെ പ്രിൻസിപ്പൽ എന്നെ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും കൂടെ ഡോ. ഷിവാഗോ കണ്ട കുറ്റത്തിന് ഓഫീസ് മുറിയിൽ പിടിച്ചു നിർത്തിയിരിക്കുകയാണ്. രാവിലെ മുതൽക്ക് ഒരേ നിൽപ്പാണ്. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കാകെ പരിഭ്രമമായി. എങ്ങനെയെങ്കിലും അവിടന്നും രക്ഷപ്പെടണം എന്നായി. ഓഫീസ് റൂമിന് ചുമരല്ല, പട്ടിക മറയാണ്. ഞാൻ അവിടെക്കിടന്ന ഡെസ്‌കിന്മേൽ ഒരു സ്റ്റൂളെടുത്തിട്ട് അതിൽ വലിഞ്ഞുകേറി അപ്പുറം മറിഞ്ഞ്, ഒരു വിധം ഇറങ്ങിയോടി ഓഫീസിൽ നിന്നും. പുറത്തിറങ്ങിയതും പൊരിഞ്ഞ മഴ. ആകെ നനഞ്ഞ്, ശിക്ഷയുടെ അപമാനഭാരവും പേറി ഞാൻ വീട്ടിൽ ചെന്ന് കേറി. അമ്മ എന്നെ രണ്ടുകയ്യും വിരിച്ചു സ്വീകരിച്ചു. എനിക്ക് നല്ല ചൂടുള്ള കട്ടൻചായ ഇട്ടുതന്നു. അതും മൊത്തിക്കൊണ്ട് ഞാൻ വീടിന്റെ ഇറയത്ത് അമ്മയോടൊപ്പം മഴകണ്ടുകൊണ്ടിരുന്നു. ഇവിടെ എന്നെ ആരും ശിക്ഷിക്കാനെത്തില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. 

        അടുത്ത ദിവസം അമ്മയും വന്നു എന്റെയൊപ്പം സ്‌കൂളിലേക്ക്. കുട്ടികളെ വഴിതെറ്റിക്കുന്ന സിനിമകളെപ്പറ്റിയും സദാചാരം പുലരേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും ഒക്കെ മദർ സുപ്പീരിയർ എന്റെ അമ്മയെ ബോധവൽക്കരിക്കാൻ വിഫലശ്രമങ്ങൾ നടത്തുകയുണ്ടായെങ്കിലും  അമ്മ അവരോട് ഒരു കാര്യം വെട്ടിത്തുറന്നുതന്നെ പറഞ്ഞു. 'ഞാൻ എന്റെ മകളെ നിങ്ങളുടെ സ്‌കൂളിലയക്കുന്നത് അവൾക്ക് അടിസ്ഥാന വിദ്യാഭ്യാസം കിട്ടാൻ വേണ്ടിയാണ്. സദാചാരം പഠിപ്പിക്കാനല്ല. ദയവായി അവളുടെ അമ്മ കളിക്കരുത്..  അതിനിവിടെ ഞാനുണ്ട്.. ' ആ അമ്മ തന്ന സ്നേഹത്തിന്റെ കരുതലിലാണ് ഞാൻ വളർന്നുവന്നത്. "

Snehalatha Reddy - A brave actress who defied the emergency

 സ്നേഹലതാ റെഡ്ഢി മക്കൾ നന്ദിതയ്ക്കും കൊനാരക്കിനും ഒപ്പം 

നന്ദന തുടർന്നു, " അമ്മയ്ക്ക് എന്റെ അനിയൻ കൊണാരകുമായി ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു. അച്ഛനും അമ്മയും സ്പെയിനിൽ അവരുടെ മധുവിധുവിന് പോയപ്പോൾ അവിടെ വച്ച് അമ്മ ഫ്ളമെങ്കോ  നൃത്തം അഭ്യസിച്ചിരുന്നു. അന്ന് അമ്മ ആഗ്രഹിച്ചതാണ് അമ്മയ്‌ക്ക് ഫ്ളമെങ്കോ ഗിറ്റാർ വായിക്കുന്ന ഒരു മകൻ വേണമെന്ന്. എന്റെ അനിയനാണെങ്കിൽ  തീരെ ചെറുപ്പത്തിൽ തന്നെ വളരെ സ്വാഭാവികമായി സംഗീതത്തോട് അഭിരുചി കാണിച്ചും തുടങ്ങി. അവന്റെ നിയോഗം അതാണെന്നപോലെ.. അമ്മയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പിറന്നുവീണവനാണ് അവനെന്നപോലെ..  "

Snehalatha Reddy - A brave actress who defied the emergency

       സ്നേഹലതയ്ക്ക് ദേശീയ പ്രശസ്തി കിട്ടുന്നത്, സുഹൃത്തും സാഹിത്യകാരനുമായിരുന്ന യു.ആർ.അനന്തമൂർത്തിയുടെ 'സംസ്കാര' എന്ന നോവൽ അതേപേരിൽ പട്ടാഭിയുടെ സംവിധാനത്തിൽ സിനിമയാവുമ്പോഴാണ്. മതത്തിന്റെ പേരിൽ ജാതിയുടെ പേരിൽ ഒക്കെ സമൂഹത്തിൽ നിലനിന്നിരുന്ന വിവേചനങ്ങൾ വിഷയമാക്കി എഴുതപ്പെട്ട തീവ്രമായൊരു നോവലായിരുന്നു സംസ്കാര. സ്നേഹലതയ്ക്കായിരുന്നു നായികയായ ചന്ദ്രി എന്ന വേശ്യയുടെ വേഷം. ഗിരീഷ് കർണാഡും ലങ്കേഷും  മറ്റു പ്രധാന റോളുകളിൽ അഭിനയിച്ച ആ സിനിമയ്ക്ക് തുടക്കത്തിൽ സെൻസർഷിപ്പ് നിഷേധിക്കപ്പെട്ടെങ്കിലും, അതിനെ എതിർത്തുതോൽപ്പിച്ച് ഒടുവിൽ 1970 ൽ സിനിമ പുറത്തിറങ്ങുകയും അതിന് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ്  കിട്ടുകയുമുണ്ടായി. " സംസ്കാരയുടെ ഷൂട്ടിങ്ങ് പല മേഖലകളിലുമുള്ള ഒരുപാട് പ്രതിഭകളെ ഒരുമിപ്പിച്ച ഒന്നായിരുന്നു. ജേർണലിസ്റ്റുകൾ,, സാമൂഹ്യപ്രവർത്തകർ, മുഖ്യധാരാ ചലച്ചിത്ര പ്രവർത്തകർ അങ്ങനെ പലരും. അമ്മയുടെ രാഷ്ട്രീയവും കലാവാസനയും ഒന്നിച്ച അപൂർവം അവസരങ്ങളിൽ ഒന്നായിരുന്നു അത്.  ചന്ദ്രി എന്ന വേശ്യയുടെ കഥാപാത്രമായി ആ ചിത്രത്തിൽ അമ്മ മാറുന്നത് എത്ര അനായാസമായിട്ടാണെന്നോ.  ഒരുഡയലോഗ് പോലും പറയാതെ പല സീനുകളും അമ്മ അഭിനയിച്ചു ഫലിപ്പിക്കുന്നുണ്ട്.."  നന്ദന പറഞ്ഞു.   .  

        എഴുപതുകളിലൂടെ തുടക്കത്തിലാണ് സ്ഥിതിഗതികൾ വഷളായിത്തുടങ്ങുന്നത്.  എഴുപത്തൊന്നിൽ പാക്കിസ്ഥാനെതിരെയുള്ള യുദ്ധത്തിൽ വിജയിക്കുന്നതോടെ ഇന്ദിരാഗാന്ധിയുടെ ജനപ്രീതി ആകാശം തൊടുന്നു. തുടർന്ന് നടന്ന ആണവപരീക്ഷണവും അവരുടെ പരുക്കൻ ഇമേജിന് ആഴം കൂട്ടുന്നു. എഴുപത്തി മൂന്നോടെ വിലക്കയറ്റത്തിനും അഴിമതിക്കും ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യങ്ങൾക്കുമെതിരെ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെട്ട സമരങ്ങൾ പൊട്ടിപ്പുറപ്പെടുന്നു. 1975  ജൂണിൽ അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി എന്ന കാരണം പറഞ്ഞ് ഇന്ദിരാ ഗാന്ധിയോട് പ്രധാനമന്ത്രി പദം ഒഴിയാൻ ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ നാനാ കോണുകളിൽ നിന്നും ഇന്ദിരയുടെ രാജിക്കായുള്ള മുറവിളികൾ ഉയർന്നതോടെ, അങ്കലാപ്പിലായ ഇന്ദിരയുടെ നിർദേശപ്രകാരം പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹമ്മദ് 1975  ജൂൺ 25ന് അർദ്ധരാത്രിയോടെ  രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു.  തുടർന്ന് വ്യാപകമായി  രാഷ്രീയപ്രേരിതമായ അറസ്റ്റുകൾ നടക്കുന്നു. ജയപ്രകാശ് നാരായണൻ അടക്കമുള്ള പല നേതാക്കളും തുറുങ്കിലടക്കപ്പെടുന്നു. പലരും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാവുന്നു. പലരും എന്നെന്നേക്കുമായിത്തന്നെ ഈ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാവുന്നു. റാം മനോഹർ ലോഹ്യയുടെ തത്വങ്ങളിൽ വിശ്വസിച്ചിരുന്ന സ്നേഹലതയും ഭർത്താവ് പട്ടാഭിയും അന്നത്തെ ഈ അടിയന്തരാവസ്ഥയെ തുറന്നു തന്നെ എതിർത്തതിൽ അതിശയപ്പെടേണ്ടതില്ലല്ലോ.. 

Snehalatha Reddy - A brave actress who defied the emergency

          ട്രേഡ് യൂണിയൻ രംഗത്ത് സജീവമായിരുന്ന ജനതാദൾ നേതാവ് ജോർജ്ജ്  ഫെർണാണ്ടസുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരായിരുന്നു ഇരുവരും. അടിയന്തരാവസ്ഥ മൂർച്ഛിച്ചതോടെ ഫെർണാണ്ടസിന്റെ  പ്രവർത്തനം ഒളിവിൽ കഴിഞ്ഞുകൊണ്ടായി. സ്നേഹലതയും പട്ടാഭിയും അക്രമങ്ങളോട് എതിർപ്പുള്ളവരായിരുന്നെങ്കിലും വേണ്ടിടത്ത് അക്രമമാവാം (Selective Violence) എന്ന വിശ്വാസക്കാരനായിരുന്നു ജോർജ്ജ് ഫെർണാണ്ടസ്. ആയിടയ്ക്കാണ് ഫെർണാണ്ടസിനെതിരെ പിന്നീട് 'ബറോഡാ ഡയനാമൈറ്റ്‌ കേസ്' എന്ന് പ്രസിദ്ധമായ ഒരു ഗൂഢാലോചനാകേസ് ചുമത്തപ്പെടുന്നത്. അതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അദ്ദേഹവുമായി ബന്ധമുള്ള സകലരെയും അകത്താക്കി. കൂട്ടത്തിൽ സ്നേഹലതയും പട്ടാഭിയും രണ്ടുമക്കളും അറസ്റ്റിലായി.   1976 May 2നാണ് മിസ (Maintenance of Internal Security Act) എന്ന കരിനിയമം ചുമത്തി പോലീസ് അവരെ അറസ്റുചെയ്യുന്നത്. അന്ന് തന്റെ കുടുംബത്തെ വെറുതെ വിടുകയാണെങ്കിൽ തൻ സഹകരിക്കാം എന്നൊരു വാക്ക് സ്നേഹലത പൊലീസിന് നല്കിയതുകൊണ്ട്, അറസ്റ്റുചെയ്ത് ദിവസങ്ങൾക്കുള്ളിൽ അവരുടെ ഭർത്താവിനെയും മക്കളെയും പോലീസ് വിട്ടയച്ചു. കേസിന്റെ കുറ്റപത്രത്തിൽ അവസാനം വരേയ്ക്കും സ്നേഹലതയുടെ പേര് ചേർക്കപ്പെടുന്നില്ലെങ്കിലും, അടിയന്തരാവസ്ഥക്കാലമായിരുന്നതിനാൽ വെറും സംശയത്തിന്റെ പേരും പറഞ്ഞ് അവർക്ക് വിചാരണ പോലും നിഷേധിക്കപ്പെട്ട്  എട്ടുമാസത്തോളം  ജയിൽവാസവും അനുബന്ധമായുള്ള മാനസിക പീഡനങ്ങളും  അനുഭവിക്കേണ്ടി വന്നു.

കടുത്ത ആസ്‌തമാ രോഗിയായിരുന്നു സ്നേഹലത. ജയിലിൽ വെച്ച് അവർ രണ്ടുതവണ ആസ്‌തമാറ്റിക് കോമയിലായി. പലവട്ടം ഹൃദയാഘാതം വന്നു. അപ്പോഴൊന്നും കൃത്യമായ ചികിത്സ അവർക്ക് ലഭ്യമായില്ല. അവരുടെ ആസ്ത്മയ്ക്ക് ഇടയ്ക്കിടെ ചികിത്സ നൽകാൻ വരാൻ മടിച്ച് ജയിൽ ഡോക്ടർ രോഗം വഷളാവുമ്പോൾ കുത്തിവെക്കാനുള്ള 'അഡ്രിനാലിൻ' ഇഞ്ചക്ഷൻ സ്നേഹലതയ്ക്കു തന്നെ കൈമാറി. അവർ സ്വയം മരുന്നുകുത്തിവെക്കുമായിരുന്നു.   

ജയിലിൽ സൂക്ഷിച്ചിരുന്ന തന്റെ ഡയറിയിൽ ആദ്യകാലത്ത് സ്നേഹലത ഇങ്ങനെ കുറിക്കുന്നുണ്ട്,  " ജയിലിനുള്ളിലേക്ക് കടന്നുവരുന്ന ഒരു സ്ത്രീയോട് അവർ ആദ്യമേ ചെയുന്ന ഒരു ക്രൂരതയുണ്ട്. സകലരുടെയും മുന്നിൽ വെച്ച് അവളുടെ തുണി മുഴുവൻ ഉരിഞ്ഞുകളയും. ശിക്ഷ കിട്ടിയതിന്റെ മനസ്സുലച്ചിലോടെയാവും  അവൾ ജയിലിലേക്ക് കേറി വരുന്നത്.   അവളുടെ ശരീരത്തെകൂടി ഇങ്ങനെ  അപമാനിച്ചില്ലെങ്കിൽ എന്തെങ്കിലും കുറഞ്ഞുപോവുമോ അവിടെ..? ഇതൊക്കെ മാറേണ്ടേ..? " ജയിലിൽ അസുഖത്തിന്റെ ദുരിതങ്ങളിൽ ഉഴലുമ്പോഴും അവർ തന്റെ ഊർജ്ജം വെടിഞ്ഞില്ല. സഹ തടവുകാരുടെ മനസികോല്ലാസത്തിനായി അവർ പാട്ടും, നൃത്തവും, നാടകങ്ങളും ഒക്കെ സംഘടിപ്പിച്ചു ജയിലിനുള്ളിൽ. സ്ത്രീ തടവുകാർക്ക് അവരുടെ അവകാശങ്ങൾ പലതും നേടിക്കൊടുത്തു. സെൽ മർദ്ദനങ്ങളുടെ പതിവുരീതികൾ പലതും ഒരു പരിധിവരെ, സ്നേഹലതയുടെ ഇടപെടലുകൾ കാരണം അവസാനിപ്പിച്ചു. 

1976  ആഗസ്റ്റ് പതിനാറാം തീയതി സ്നേഹലത തന്റെ പ്രിസൺ ഡയറിയിൽ  ഇങ്ങനെ എഴുതുന്നു -" ഇന്നിവിടെ മറ്റെല്ലാവർക്കും ഇത്തിരി സമാധാനമുള്ള ദിവസമാണ്. ഹെഡ് വാർഡൻ സ്ഥലത്തില്ല. പക്ഷെ, എനിക്കുമാത്രം ഇന്ന് ആത്മാവിൽ വിശപ്പും ദാഹവുമാണ്.. എനിക്കെന്റെ മോനെ കാണണം.. ഇപ്പോൾ കാണണം എനിക്കവനെ.. . എന്റെ അവസാനകാലത്ത് എനിക്കവനെ കൂടെ കഴിയണം.. അവൻ ഇപ്പോൾ എന്നെ വിട്ടു പോവുകയാണ്, ഇനി അവനെ കാണാൻ പറ്റിയെന്നുവരില്ല... അഥവാ കണ്ടാൽ തന്നെ അവൻ എന്റെ പഴയ കുഞ്ഞാവില്ല.. "

      " നാട്ടിലെ ബഹളങ്ങളിൽ നിന്നും വേർപെടുത്തി മകനെ അമേരിക്കയിലെ ബെര്‍ക്ക്‌ലി കോളേജിൽ സംഗീത പഠനത്തിന് പോവാൻ നിർബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു അപ്പോൾ സ്നേഹലത. അമ്മയെ ജയിലിൽ ചെന്ന് കണ്ടിട്ട് അവൻ പോയന്നാണ് ഈ എഴുത്ത്. തമ്മിൽ കാണില്ല എന്ന് അപ്പോൾ രണ്ടുപേർക്കും ഉള്ളിൽ തോന്നിയിരുന്നു. അന്ന് യാത്ര പറഞ്ഞിറങ്ങും മുമ്പ്, അവൻ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തവണ്ണം, അമ്മയുടെ കാലിൽ തൊട്ടു നമസ്കരിച്ചിട്ടാണ് ജയിലിൽ നിന്നും ഇറങ്ങിപ്പോവുന്നത്. പിന്നീട് അമ്മയെ ജീവനോടെ കാണാൻ അവനു കഴിഞ്ഞിട്ടില്ല..." നന്ദന പറഞ്ഞു. 

         ആരോഗ്യം തീർത്തും മോശമായിത്തുടങ്ങിയതോടെ, എട്ടുമാസത്തെ ജയിൽ വാസത്തിനൊടുവിൽ 1977 ജനുവരിയിൽ സ്നേഹലതയ്ക്ക് പരോൾ അനുവദിക്കപ്പെട്ടു. ദീർഘനാളത്തെ ജയിൽവാസത്തിന്റെ പരുക്കൻ അനുഭവങ്ങളും, കൃത്യമായ ചികിത്സ കിട്ടാത്തതിനാൽ മൂർച്ഛിച്ച ആസ്ത്മയും സ്നേഹലതയെ നിരന്തരം വേട്ടയാടി. ഒടുവിൽ പരോളിനിറങ്ങി അധികം താമസിയാതെ  അവർ മരണത്തിന് കീഴടങ്ങി.  അനന്തമൂർത്തി അവരെ സ്മരിച്ചുകൊണ്ട് ഇന്ത്യൻ എക്സ്പ്രസിൽ  ഇങ്ങനെ എഴുതി - " വെറും നാല്പത്തിനാലു വയസ്സിൽ സ്നേഹലത മരിച്ചുപോയി എന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമുണ്ട്. അവർ ഒരർത്ഥത്തിൽ രക്തസാക്ഷി തന്നെയാണ്. അനീതിക്കുമുന്നിൽ നിശ്ശബ്ദരും ഉദാസീനരുമായിരുന്നു പോയതിന്റെ കുറ്റബോധത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്ന  ഞങ്ങൾക്കു വേണ്ടി കൂടിയായിരുന്നു അവരുടെ ജീവിതവും, ഇപ്പോൾ അകാലത്തിലുള്ള ഈ മരണവും.. "

   ആസ്ത്മ കൊണ്ട് വല്ലാതെ പൊറുതി മുട്ടിയ ജയിൽ രാത്രികളിലൊന്നിൽ സ്നേഹലത തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചിരുന്നു, " In a real dark night of the soul, it is always 3 'o' clock in the morning, day after day.. "

 

Follow Us:
Download App:
  • android
  • ios