Asianet News MalayalamAsianet News Malayalam

ഈ നഗരത്തിലെ ജനസംഖ്യ ഒന്ന്! ഒരേയൊരു താമസക്കാരിയും മേയറും ലൈബ്രേറിയനും എല്ലാം 84-കാരി എല്‍സി തന്നെ...

സംസ്ഥാന ധനസഹായം നേടുന്നതിന് അവർക്ക് ഓരോ വർഷവും ഒരു മുനിസിപ്പൽ റോഡ് പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. തുടർന്ന് നഗരത്തിലെ മൂന്ന് തെരുവുവിളക്ക് തെളിയിക്കുന്നതിനും വെള്ളം ലഭിക്കുന്നതിനും പ്രതിവർഷം 500 ഡോളർ വിലവരുന്ന നികുതി സ്വയം അടക്കുന്നു. നികുതി അടക്കുന്നതും, നികുതി വാങ്ങുന്നതും ഒരാൾ.

The only resident of Monowi
Author
Monowi, First Published May 10, 2020, 4:15 PM IST

അമേരിക്കയുടെ നെബ്രാസ്കയുടെ അതിർത്തിയിൽ നിന്ന് അഞ്ച് മൈൽ അകലെ, പരന്നു കിടക്കുന്ന പുൽമേടുകൾക്കും സ്വർണ്ണ ഗോതമ്പ് പാടങ്ങൾക്കിടയിലൂടെയും സഞ്ചരിച്ചാൽ മോണോവിയെന്ന പട്ടണത്തിൽ എത്തും.  തീർത്തും നിശബ്ദതവും ശാന്തവുമാണ് അവിടം. അവിടെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ഒരു പള്ളിയും, അസ്ഥികൂടം കണക്കെ നിലകൊള്ളുന്ന ഒരു കൊയ്ത്തുയന്ത്രവും പോകുന്ന വഴിയിൽ നമ്മെ സ്വാഗതം ചെയ്യുന്നു. അവിടത്തെ വീടുകളാകട്ടെ പുല്ലും, വള്ളിച്ചെടികളും പടർന്ന് പാതിതകർന്ന നിലയിലും. ആകെമൊത്തം ഒരു പ്രേതനഗരം പോലെ തോന്നിപ്പിക്കുന്ന അവിടെ ജനവാസത്തിന്റെ ഒരു ലക്ഷണം പോലുമില്ല. എന്നിരുന്നാലും 84 -ാം വയസ്സിൽ, എൽസി ഈലർ തന്റെ ജന്മനാടായ മോണോവിയുടെ അഭിമാന മേയറാണ്.

The only resident of Monowi

 

എന്നാൽ, നഗരത്തിലെ മേയർ മാത്രമല്ല അവർ, നഗരത്തിലെ ഗുമസ്തനും, ട്രഷററും, ധനികയും, ഏറ്റവും പ്രായം കുറഞ്ഞ താമസക്കാരിയുമാണ് അവർ. കാരണം, മോണോവിയിൽ താമസിക്കുന്ന ഒരേയൊരു വ്യക്തിയാണ് എൽസി. ഒരൊറ്റ താമസക്കാരിയുള്ള യു‌എസിലെ ഏറ്റവും ചെറിയ പട്ടണമാണ് മോണോവി. 2000 -ത്തിലെ ഒരു സെൻസസ് പ്രകാരം മോണോവിയുടെ ജനസംഖ്യ രണ്ടായിരുന്നു- എൽസിയും, എൽസിയുടെ ഭർത്താവും. എൽസിയുടെ ഭർത്താവ് റൂഡി 2004 -ൽ മരിച്ചു. എന്നാൽ, ഭർത്താവിന്റെ മരണശേഷവും, എൽസി മോണോവിയിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു. തനിച്ചായതിന്റെ പേരിൽ സ്വന്തം വീടും ഭർത്താവിന്റെ ഓർമകളും ഉപേക്ഷിച്ച് പോകാൻ അവർ തയ്യാറായില്ല.  

പട്ടണത്തിലെ ഒരേയൊരു ബിസ്സിനസ്സ് സ്ഥാപനമായ മോണോവി ടാവെർണിൽ നിന്നും കുറച്ചകലെയായാണ് അവർ താമസിക്കുന്നത്. മോണോവി ടാവെർൺ ഒരു ബാറാണ്. 1971 -ൽ ഭർത്താവിനൊപ്പം എൽസി ആരംഭിച്ചതാണ് അത്. അവിടെ 12 മണിക്കൂറും പാനീയങ്ങളും ഭക്ഷണവും ലഭിക്കും. അത് മാത്രമല്ല, 5,000 പുസ്തകങ്ങളുള്ള ഒരു ടൗൺ ലൈബ്രറിയും അവർക്ക് സ്വന്തമായുണ്ട്. വായനക്കാരനായിരുന്ന ഭർത്താവിനായി സമർപ്പിച്ചിരിക്കുകയാണ് ആ ചെറിയ കെട്ടിടം. തെരഞ്ഞെടുപ്പ് സമയത്ത് എൽസി തന്നെയാണ് സ്ഥാനാർത്ഥിയും, പ്രചാരകയും, വോട്ടറും എല്ലാം. മോണോവിയുടെ ഒരേയൊരു ബിസിനസ്സ് സ്ഥാപനത്തിന്റെ മുന്നിൽ തിരഞ്ഞെടുപ്പ് സമയത്ത് എൽസി ഒരു അറിയിപ്പ് തൂക്കിയിടുകയും തുടർന്ന് സ്വയം തനിക്ക് വേണ്ടി വോട്ട് ചെയ്യുകയും ചെയ്യുന്നു. സംസ്ഥാന ധനസഹായം നേടുന്നതിന് അവർക്ക് ഓരോ വർഷവും ഒരു മുനിസിപ്പൽ റോഡ് പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. തുടർന്ന് നഗരത്തിലെ മൂന്ന് തെരുവുവിളക്ക് തെളിയിക്കുന്നതിനും വെള്ളം ലഭിക്കുന്നതിനും പ്രതിവർഷം 500 ഡോളർ വിലവരുന്ന നികുതി സ്വയം അടക്കുന്നു. നികുതി അടക്കുന്നതും, നികുതി വാങ്ങുന്നതും ഒരാൾ.

The only resident of Monowi

 

“ഓരോ വർഷവും മദ്യത്തിന്റെയും, പുകയിലയുടെയും ലൈസൻസു പുതുക്കാനായി സംസ്ഥാനത്തിന് അപേക്ഷ നൽകുമ്പോൾ, അവർ ഗ്രാമത്തിലെ സെക്രട്ടറിക്ക് അത് അയയ്ക്കുന്നു. സെക്രട്ടറി ഞാൻ തന്നെ ആയതുകൊണ്ട് അത് എനിക്ക് തന്നെ ലഭിക്കുന്നു. തുടർന്ന്, ഞാൻ തന്നെ സെക്രട്ടറിയായി അതിൽ ഒപ്പിടുന്നു എന്നിട്ട് ബാർ ഉടമയായ എനിക്ക് തന്നെ അത് നൽകുന്നു" അവർ പറഞ്ഞു.

1930 -കളിൽ, എൽക്ക്ഹോൺ റെയിൽ‌റോഡിലെ തിരക്കേറിയ സ്ഥലമായിരുന്നു മോണോവി. 150 ആളുകൾ, പലചരക്ക് കടകൾ, റെസ്റ്റോറന്റുകൾ, ഒരു ജയിൽ തുടങ്ങിയ ആ നഗരത്തെ ജീവസുറ്റതാക്കിയിരുന്നു. എന്നാൽ, പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കാർഷിക സ്ഥിതി വഷളാവുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥകൾ തകരുകയും ചെയ്തതോടെ, ഇവിടെയുള്ള മുഴുവൻ സമൂഹങ്ങളും അപ്രത്യക്ഷമാകാൻ തുടങ്ങി. മോണോവിയുടെ പള്ളിയിൽ നടന്ന അവസാന ശവസംസ്കാരം 1960 -ൽ എൽസിയുടെ പിതാവിന്റേതായിരുന്നു. തുടർന്ന് 1967 -നും 1970 -നും ഇടയിൽ പോസ്റ്റോഫീസും അവസാനത്തെ മൂന്ന് പലചരക്ക് കടകളും അടച്ചു, 1974 -ൽ സ്കൂളും. എൽസിയുടെ രണ്ടു മക്കളും ജോലി തേടി വേറെ സ്ഥലങ്ങളിലേക്ക് മാറി. 1980 ആയപ്പോഴേക്കും നഗരത്തിലെ ജനസംഖ്യ 18 ആയി കുറഞ്ഞു.  

എൽസി  ഒറ്റയ്ക്കാണ് താമസിക്കുന്നതെങ്കിലും, അവർക്ക് സുഹൃത്തുക്കൾ ഒരുപാടുണ്ട്. ഓരോ ദിവസവും രാവിലെ ഒമ്പതുമണിക്ക് ബാർ തുറക്കുമ്പോൾ പതിവുകാരെല്ലാം എത്തും. മിക്കവരും  20 മുതൽ 30 മൈലിനുള്ളിലാണ് താമസിക്കുന്നത്. എൽസിയ്ക്ക് അടുത്തറിയാവുന്നവരാണ് ഏറിയവരും. ബാക്കിയുള്ള സന്ദർശകർ നഗരത്തിനിന്ന് 200 മൈൽ അകലെയാണ് താമസിക്കുന്നത്. എന്നാലും എൽസിയെ കാണാനായി അവർ എന്നും ഇവിടെ എത്തും. “ഇത് ഒരു വലിയ കുടുംബം പോലെയാണ്” എൽസി പറഞ്ഞു. ഗ്രാമീണ അമേരിക്കയിലെ നിരവധി റെസ്റ്റോറന്റുകളും ബാറുകളും പോലെ, മോണോവി ടാവെർൻ ഒരു കമ്മ്യൂണിറ്റി ലിവിംഗ് റൂമായി വർത്തിക്കുന്നു.  

The only resident of Monowi

 

"എനിക്ക് എന്റെ കുട്ടികളുമായി കൂടുതൽ അടുക്കാൻ കഴിയുമെന്നും അല്ലെങ്കിൽ അവരോടൊപ്പം എപ്പോൾ വേണമെങ്കിലും താമസിക്കാമെന്നും എനിക്കറിയാം. പക്ഷേ, എനിക്ക് ഇവിടെ ജീവിക്കാനാണ്‌ ഇഷ്ടം. കഴിയുന്നിടത്തോളം കാലം, ഞാൻ ഇവിടെ തുടരും. പ്രായമാകുമ്പോൾ നമ്മുടെ ശീലങ്ങളിൽ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടാണെന്ന് ഞാൻ വിചാരിക്കുന്നു” എൽസി പറഞ്ഞു. 

അവരുടെ ഈ വ്യത്യസ്തമായ ജീവിതം ഇന്ന്  ഒരുപാട് പേരിൽ കൗതുകമുണർത്തുന്നു. അവരെ കാണാനായി പലയിടത്തുനിന്നും ആളുകൾ ഇവിടേയ്ക്ക് വരുന്നു. 47 സംസ്ഥാനങ്ങളിൽ നിന്നും, മറ്റ് 40 രാജ്യങ്ങളിൽ നിന്നുമായി അനവധി പേർ ഇതിനോടകം തന്നെ അവരെ സന്ദർശിച്ചു കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios