Asianet News MalayalamAsianet News Malayalam

ചെയ്യാത്ത കുറ്റത്തിന് 28 വര്‍ഷം തടവു വിധിച്ച അതേ കോടതിയില്‍ അയാളെത്തി, അഭിഭാഷകനായി...

തന്റെ ശിക്ഷ വിധിച്ച അതേ കോടതിയിൽ ഒരു അഭിഭാഷകനായി അദ്ദേഹം വീണ്ടും ചെന്നു. ജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയ ഒരു നിമിഷമായിരുന്നു അത്. 

Wrongfully convicted guy, later becomes a  lawyer
Author
Washington D.C., First Published Feb 26, 2020, 1:03 PM IST

ജീവിതം ചിലപ്പോള്‍ പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ നല്‍കും. ചിലര്‍ വീണുപോവും. ചിലര്‍ തളര്‍ന്ന് വീഴുകയില്ല. കൂടുതല്‍ കരുത്തോടെ പറന്നുയരും. ജാരറ്റ് ആഡംസും അത്തരത്തിലൊരാളാണ്. ഒരു തെറ്റും ചെയ്യാതെയാണ് അദ്ദേഹത്തെ കോടതി 28 വര്‍ഷം തടവിന് ശിക്ഷിച്ചത്. തീരെ ചെറുപ്രായത്തില്‍ തന്നെ ജീവിതം ഇരുളടഞ്ഞുപോകുമോ എന്ന് ഭയന്ന ആഡംസ്, പക്ഷേ അതിനെതിരെ പോരാടി. തന്റെ നിരപരാധിത്വം തെളിയിച്ചു എന്ന് മാത്രവുമല്ല, ഒരു അഭിഭാഷകനായി അതേ കോടതിയില്‍ അദ്ദേഹം തിരിച്ചു വന്നു. തെറ്റ് ചെയ്യാതെ ശിക്ഷിക്കപ്പെടുന്ന നിരപരാധികളെ സഹായിക്കാനായി അദ്ദേഹം ഒരു നിയമജ്ഞനായി തീര്‍ന്നു. ഒരു സിനിമാ ക്കഥപോലെ തോന്നിയേക്കാമെങ്കിലും, അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ പരിശ്രമവും, സത്യസന്ധതയും ഒരു പാട് പേര്‍ക്ക് പ്രചോദനമാണ് ഇന്ന്.

അന്ന് ജാരറ്റ് ആഡംസിന് 17 വയസ്സായിരുന്നു. 1998 ല്‍ ജൂനിയര്‍ കോളേജില്‍ പോകാനായി തയ്യാറെടുക്കുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ അപ്രതീക്ഷിതമായി അറസ്റ്റ് ഉണ്ടാകുന്നത്. ചിക്കാഗോയിലെ ഒരു ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആഡംസ് അതിന്റെ വിജയം ആഘോഷിക്കാനായി സുഹൃത്തുക്കളുമായി വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയുണ്ടായി. പാര്‍ട്ടിക്കിടയില്‍ ആഡംസും സുഹൃത്തുക്കളും ഒരു യുവതിയെ കണ്ടുമുട്ടി. ആദം പറയുന്നതനുസരിച്ച്, അവര്‍ ഇരുവരും പൂര്‍ണ്ണ സമ്മതത്തോടെ പരസ്പരം അടുത്തിടപഴകി. മൂന്നാഴ്ചയ്ക്ക് ശേഷം, കോളേജില്‍ തന്റെ ജൂനിയര്‍ വര്‍ഷം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആഡംസ്. അപ്പോഴാണ് ആഡംസ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് മേല്‍പ്പറഞ്ഞ സ്ത്രീ അവകാശപ്പെട്ട പേരില്‍ ആഡംസിനെ അറസ്റ്റ് ചെയ്തത്. അങ്ങനെ, അദ്ദേഹത്തിനും രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കുകയായിരുന്നു.

തന്റെ നിരപരാധിത്വം തുടക്കം മുതലെ ആഡംസ് തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആരും അത് ശ്രദ്ധിച്ചില്ല. മുമ്പൊരിക്കലും നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിട്ടിട്ടില്ലാത്തതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആഡംസ് ആകെ ഭയപ്പെട്ടു. തന്റെ ജീവിതം ഈ ഇരുമ്പഴിക്കുള്ളില്‍ തീരുമെന്ന് ആഡംസ് വിചാരിച്ചു. ചെയ്യാത്ത തെറ്റിന് താന്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമല്ലോ എന്നോര്‍ത്തപ്പോള്‍ അദ്ദേഹം കൂടുതല്‍ തളര്‍ന്നു. പ്രതീക്ഷിച്ച പോലെ, കാര്യങ്ങള്‍ കൂടുതല്‍ വഷളായി. അദ്ദേഹത്തെ വിസ്‌കോണ്‍സിനിലേക്ക് നാടുകടത്തി.

വിചാരണയില്‍, കൂട്ടുപ്രതി അഭിഭാഷകന്റെ സഹായത്തോടെ കുറ്റമുക്തനായി. ആഡംസ് അത്ര ഭാഗ്യവാനല്ലായിരുന്നു. അദ്ദേഹത്തിന് അഭിഭാഷകനെ നിയമിക്കാനായില്ല, കോടതി നിയോഗിച്ച അഭിഭാഷകന്‍ ശരിയായി വാദിച്ചതുമില്ല. വെളുത്ത, വംശീയ-പക്ഷപാതപരമായ ജൂറി ആഫ്രിക്കന്‍-അമേരിക്കനായ ആഡംസിനെ പുച്ഛത്തോടെയാണ് കണ്ടത്. വിചാരണ സമയത്ത് ഒരു സാക്ഷിയെയും ജൂറി വിളിച്ചില്ല. പകരം വിചാരണ അവസാനിപ്പിക്കുകയും, വിധി ശരിവയ്ക്കുകയും ചെയ്തു. തന്റെ ഭാഗം പറയാനും, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ആരുമില്ലാതെ ആഡംസ് ഒറ്റപ്പെട്ടു. ഒടുവില്‍ ആഡംസിനെ 28 വര്‍ഷം തടവിന് കോടതി ശിക്ഷ വിധിച്ചു.

ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലില്‍ ചെലവഴിക്കേണ്ടി വരുമെന്നോര്‍ത്തപ്പോള്‍ ആഡംസിന് വല്ലാത്ത നിരാശ തോന്നി. എന്നാല്‍ അപ്പോഴും താന്‍ രക്ഷപ്പെടുമെന്ന് ആഡംസിന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. ജയിലിലെ ലൈബ്രറിയില്‍ പോയി നിയമം പഠിക്കാനും ശിക്ഷയ്ക്കെതിരെ പോരാടാനും ഒരു സഹതടവുകാരന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ലൈബ്രറിയില്‍ എണ്ണമറ്റ മണിക്കൂറുകള്‍ ചെലവഴിച്ച ശേഷം, ഒടുവില്‍ അദ്ദേഹം ഒരു സുപ്രീം കോടതി കേസ് കാണാന്‍ ഇടയായി. അതില്‍ ഓരോ പ്രതിക്കും നിയമോപദേശം തേടാനുള്ള അവകാശമുണ്ടെന്ന് വ്യക്തമായി പ്രസ്താവിച്ചിരുന്നു. അങ്ങനെ വിസ്‌കോണ്‍സിന്‍ ഇന്നസെന്‍സ് പ്രോജക്റ്റിലെ അഭിഭാഷകന്‍ കീത്ത് ഫിന്‍ലെയുമായി ആഡംസ് ബന്ധപ്പെട്ടു. നിരപരാധികളെ കുറ്റമുക്തരാക്കാനും അവരെ നിയമ വിദഗ്ധരാക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് വിസ്‌കോണ്‍സിന്‍ ഇന്നസെന്‍സ് പ്രോജക്ട്. അവര്‍ ആഡംസിന്റെ കാര്യം ഏറ്റെടുക്കുകയും, അങ്ങനെ അദ്ദേഹത്തിന്റെ ജീവിതത്തിലെ അടുത്ത അധ്യായം ആരംഭിക്കുകയും ചെയ്തു.

സംഘടനയുടെ സഹസ്ഥാപകന്‍ കീത്ത് ഫിന്‍ഡ്ലിയാണ് കേസ് ഏറ്റെടുത്തത്. തനിക്ക് എന്താണ് വേണ്ടതെന്ന് ആഡംസിന് പക്ഷേ ഇതിനകം അറിയാമായിരുന്നു. പരിചയസമ്പന്നനായ ഒരു അഭിഭാഷകനായ ഫിന്‍ഡ്ലി കേസ് തലനാരിഴ കീറി പരിശോധിച്ചു. അദ്ദേഹം പതിവായി ആഡംസുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഒടുവില്‍, ശിക്ഷാവിധി അസാധുവാക്കാന്‍ ഫിന്‍ലെയ്ക്ക് കഴിഞ്ഞു. 2007 ല്‍ ആഡംസിനെ കുറ്റവിമുക്തനാക്കി.

ജയില്‍ മോചിതനായ ശേഷം ആഡംസ് തന്റെ ബിരുദം പൂര്‍ത്തിയാക്കാന്‍ ഒരു കമ്മ്യൂണിറ്റി കോളേജില്‍ ചേര്‍ന്നു. അതിനുശേഷം അദ്ദേഹം ചിക്കാഗോയിലെ ലയോള ലോ സ്‌കൂളില്‍ ചേര്‍ന്നു. 2015 ല്‍ അദ്ദേഹം ബിരുദം നേടി. ലോ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആഡംസ് പൊതു സേവന അവസരങ്ങള്‍ തേടി. കുറച്ചുകാലം, അദ്ദേഹം പബ്ലിക് ഡിഫെന്‍ഡറുടെ ഓഫീസിലും കോടതി ഉത്തരവിട്ട അവലോകനത്തിലും പ്രവര്‍ത്തിച്ചു. ആഡംസിന്റെ സമര്‍പ്പണവും, ദൃഢനിശ്ചയവും ലയോള ലോ സ്‌കൂളിലെ ഡീനില്‍ മതിപ്പുളവാക്കി. 2016 ല്‍ ന്യൂയോര്‍ക്കിലെ ഇന്നസെന്‍സ് പ്രോജക്റ്റ് അദ്ദേഹത്തെ അഭിഭാഷകനായി നിയമിച്ചു.

2015 ലെ വേനല്‍ക്കാലത്ത് ആഡംസ് ബാര്‍ പരീക്ഷയെഴുതി, ഫെലോഷിപ്പും നേടി. തന്റെ ശിക്ഷ വിധിച്ച അതേ കോടതിയില്‍ ഒരു അഭിഭാഷകനായി അദ്ദേഹം വീണ്ടും ചെന്നു. ജീവിതത്തില്‍ ഏറ്റവും അഭിമാനം തോന്നിയ ഒരു നിമിഷമായിരുന്നു അത്. അദ്ദേഹം അവിടെ ഇരുന്നു, കുറിപ്പുകള്‍ എടുക്കുകയും വാദങ്ങള്‍ നിരീക്ഷിക്കുകയും ന്യായാധിപനെ ശ്രദ്ധിക്കുകയും ചെയ്തപ്പോള്‍, ആ മുറിയില്‍ നടന്ന സ്വന്തം നിയമ യുദ്ധം അദ്ദേഹം ഓര്‍ത്തുപോയി. 

ചിക്കാഗോ ബാര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്ത 2012 അബ്രഹാം ലിങ്കണ്‍ മരോവിറ്റ്‌സ് പബ്ലിക് ഇന്ററസ്റ്റ് സ്‌കോളര്‍ഷിപ്പും ആഡംസിന് ലഭിച്ചു. നാഷണല്‍ ഡിഫെന്‍ഡര്‍ ഇന്‍വെസ്റ്റിഗേറ്റര്‍ അസോസിയേഷന്റെ 'ഇന്‍വെസ്റ്റിഗേറ്റര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡിന്റെ അഭിമാന വിജയിയും അദ്ദേഹം തന്നെ. അദ്ദേഹത്തിന്റെ കഥ പ്രാദേശികവും ദേശീയവുമായ അംഗീകാരം നേടി. ജീവിതത്തില്‍ തീര്‍ത്തും ദുര്‍ബലമായ നിമിഷങ്ങളിലാണ് യഥാര്‍ത്ഥ നായകന്മാര്‍ പിറക്കുന്നത് എന്ന് ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios