1976 -ൽ 54 -കാരിയായ വിധവയെ ക്രൂരമായി ബലാത്സംഗം ചെയ്‍തുവെന്ന കുറ്റമാരോപിച്ച് റോണി ലോംഗ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. തുടർന്ന്, വെളുത്തവരുടെ ഒരു ജൂറി, ബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും അദ്ദേഹത്തെ 80 വർഷം തടവിന് ശിക്ഷിച്ചു. 44 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ അദ്ദേഹത്തെ ഇപ്പോൾ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചിരിക്കുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ, നിരവധി അപ്പീലുകൾക്ക് ശേഷം, അദ്ദേഹത്തിന് ഒടുവിൽ നീതി ലഭിച്ചു. ഒരു ജഡ്‍ജി സംഭവസ്ഥലത്തു നിന്നുള്ള ഫിംഗര്‍ പ്രിന്‍റുകളും, മുടിയുമടക്കം തെളിവുകൾ പരിശോധിക്കാൻ അനുവദിച്ചതാണ് കേസിലെ വഴിത്തിരിവായത്. ആ തെളിവുകൾ ലോംഗിന്റെ നിരപരാധിത്വം തെളിയിച്ചു. എന്നിരുന്നാലും ഒരു തെറ്റും ചെയ്യാതെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇരുമ്പഴിക്കുള്ളിൽ തീർന്നതിന്റെ നിരാശയുണ്ട് അദ്ദേഹത്തിന്റെ കണ്ണുകളിൽ. കഴിഞ്ഞ മാസം അവസാനമാണ് ലോംഗ് ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടത്. 

സ്യൂട്ട് ധരിച്ച്, മാസ്‍ക്കണിഞ്ഞ് ലോംഗ് വ്യാഴാഴ്‍ച ജയിലിൽ നിന്ന് പുറത്തുവന്നപ്പോൾ, അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബവും, സുഹൃത്തുക്കളും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. “അവരായിരുന്നു എന്റെ പ്രചോദനം. അവർ എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന ഉറപ്പായിരുന്നു എന്റെ ശക്തി" ലോംഗ് പുറത്തിറങ്ങിയശേഷം പറഞ്ഞു. ഭാര്യ ആഷ്‌ലെയ്ക്ക് അത് ഇരട്ടി മധുരമായിരുന്നു. അന്ന് അവളുടെ ജന്മദിനം കൂടിയാണ്.   “ലോകത്തിലെ ഏറ്റവും മികച്ച ജന്മദിന സമ്മാനമാണ് എനിക്ക് ഇന്ന് കിട്ടിയത്. ഞാൻ ഇപ്പോഴും സ്വപ്‍നം കാണുകയാണോ?" അവൾ പറഞ്ഞു. നോർത്ത് കരോലിന സർവകലാശാലയിൽ ക്രിമിനൽ ജസ്റ്റിസ് വിദ്യാർത്ഥിനിയായിരിക്കവെയാണ് അവരിരുവരും കണ്ടുമുട്ടിയത്. 2014 -ൽ അവർ വിവാഹിതരായി. "വിധി കേട്ടപ്പോൾ ആദ്യം നീതിന്യായ വ്യവസ്ഥ എന്നെ പരാജയപ്പെടുത്തിയെന്ന് എനിക്ക് തോന്നി. എന്നാൽ സത്യം വിജയിക്കുമെന്ന പ്രതീക്ഷ ഞാൻ ഒരിക്കലും കൈവിട്ടില്ല. ഞാൻ ഒരു ദിവസം പുറത്തുവരുമെന്ന് എനിക്ക് ഉറപ്പായിരുന്നു" ലോംഗ് പറഞ്ഞു. മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ സന്ദേശം ലളിതമാണ്: "ഒരിക്കലും പിന്മാറരുത്."

സംഭവങ്ങൾ ആരംഭിക്കുന്നത് 1976 ഏപ്രിൽ മാസം 25 -നാണ്. രാത്രി ഒമ്പതരയോടെ പൊലീസിന് ഒരു കോൾ വന്നു. ഷാർലറ്റിന്റെ പ്രാന്തപ്രദേശമായ കോൺകോർഡിലെ 54 -കാരിയായ സാറാ ബോസ്റ്റിന്റെ വീട്ടിൽ ആരോ അതിക്രമിച്ചു കടന്നിരിക്കുന്നു. കോടതിരേഖകൾ അനുസരിച്ച് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'ഒരാൾ രാത്രി അവരുടെ വീട്ടിൽ പ്രവേശിച്ചു. സ്ത്രീയുടെ തൊണ്ടയിൽ കത്തി അമർത്തി അവരോട് പണം ആവശ്യപ്പെട്ടു. പണം നൽകാൻ ബോസ്റ്റിന് കഴിയാതെ വന്നപ്പോൾ, അയാൾ ദേഷ്യപ്പെട്ട്, അവരെ നിലത്തേയ്ക്ക് തള്ളിയിട്ടു. വസ്ത്രങ്ങൾ വലിച്ചുകീറി, അടിക്കുകയും, ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്‍തു. ഒടുവിൽ ആ മനുഷ്യൻ വീടുവിട്ടു എന്നുറപ്പായപ്പോൾ, ബോസ്റ്റ് അയൽവാസിയുടെ വീട്ടിലേക്ക് ഓടിച്ചെന്നു. ഒരു ആഫ്രിക്കൻ-അമേരിക്കൻ പുരുഷൻ തന്നെ ബലാത്സംഗം ചെയ്‍തതായി അയൽക്കാരനോട് അവർ പറഞ്ഞു. തുടർന്ന്, കോൺകോർഡ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ബോസ്റ്റ് തന്നെ അക്രമിച്ചയാളുടെ ഉയരം, താടി, വസ്ത്രം എന്നിവയെക്കുറിച്ച് വിശദമായ വിവരണം നൽകി. പിറ്റേന്ന്, പതിമൂന്ന് പേരുടെ ഫോട്ടോ ഉദ്യോഗസ്ഥർ ബോസ്റ്റിനു മുന്നിൽ നിരത്തി. പക്ഷേ, അതിൽ അക്രമകാരിയുടെ ചിത്രം ഇല്ലായിരുന്നു. കുറച്ചുദിവസങ്ങൾക്കുശേഷം ഉദ്യോഗസ്ഥർ ബോസ്റ്റിനെ ജില്ലാ കോടതിയിലേക്ക് കൊണ്ടുപോയി. ബലാത്സംഗം ചെയ്‍തയാൾ കോടതിയിൽ ഉണ്ടായിരിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


1976 മെയ് 10 -ന്, മറ്റൊരു കേസിൽ കോടതിയിൽ ഹാജരായ റോണി ലോംഗിനെ കണ്ട ബോസ്റ്റ്, അദ്ദേഹത്തെ ചൂണ്ടിക്കാണിച്ച്, വീട്ടിൽ പ്രവേശിച്ച വ്യക്തി അയാളാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. കേസിൽ ബോസ്റ്റിന്റെ ആ സാക്ഷ്യം നിർണായകമായി. എന്നാലും കുറ്റകൃത്യം നടന്ന സ്ഥലത്ത് ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. എന്നിട്ടും വെള്ളക്കാരായ ജൂറി രണ്ടാമതെന്ന് ആലോചിക്കാതെ ശിക്ഷ വിധിച്ചു. ബോസ്റ്റ് അതിനുശേഷം മരിക്കുകയും ചെയ്‌തു. പിന്നീട് ലോംഗ് അതിന്മേൽ സംസ്ഥാന, ഫെഡറൽ കോടതിയിൽ നിരവധി അപേക്ഷകൾ സമർപ്പിച്ചെങ്കിലും, ഒന്നും ഫലപ്രദമായില്ല. വിചാരണ കഴിഞ്ഞ് 30 വർഷത്തിനുശേഷം 2005 -ൽ, സംഭവസ്ഥലത്തു നിന്നുള്ള തെളിവുകൾ അവലോകനം ചെയ്യാനും ഡിഎൻഎ പരിശോധനയ്ക്ക് സമർപ്പിക്കാനുമായി അദ്ദേഹം ഒരു നിവേദനം കൂടി നൽകി. അങ്ങനെ എല്ലാ തെളിവുകളും കണ്ടെത്താനും സംരക്ഷിക്കാനും അന്വേഷകരോട് ജഡ്‍ജി ഉത്തരവിടുകയായിരുന്നു.  

അതൊരു കച്ചിത്തുരുമ്പായി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയ മുടി സാമ്പിളുകളും, വസ്ത്രത്തിന്‍റെ ഭാഗങ്ങളും ഒന്നും ലോംഗിന്റെതുമായി പൊരുത്തപ്പെട്ടില്ല. 1976 -ലെ ലോംഗിന്റെ വിചാരണയുടെ ഘട്ടത്തിൽ ആ തെളിവുകളൊന്നും പ്രതിഭാഗവുമായി പങ്കുവച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് 2015 -ൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് എടുത്ത 43 വിരലടയാളങ്ങളിലും ലോംഗിന്റെ വിരലടയാളം ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അങ്ങനെ ഒടുവിൽ എല്ലാ ആരോപണങ്ങളും അസത്യമാണ് എന്ന് കണ്ടതോടെ ലോംഗിന്റെ നിരപരാധിത്വം കോടതിയ്ക്ക് ബോധ്യമായി. ഈ വിധിയോടെ അദ്ദേഹത്തിന് തിരിച്ച് കിട്ടിയത് അദ്ദേഹത്തിന്റെ നഷ്ടമായ ജീവിതമാണ്, കുടുംബമാണ്. ഭാര്യക്കും, കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനും മാതാപിതാക്കളുടെ കല്ലറകൾ സന്ദർശിക്കാനുമാണ് ലോംഗ് ഇനി ആഗ്രഹിക്കുന്നത്. അദ്ദേഹം പറഞ്ഞു, "എന്റെ കാര്യമോർത്ത് അമ്മയും അച്ഛനും ഹൃദയം പൊട്ടിയാണ് മരിച്ചതെന്ന് എനിക്കറിയാം. ഞാൻ കല്ലറ സന്ദർശിക്കുമ്പോൾ അവരോട് പറയും, നിങ്ങളുടെ മകൻ നിരപരാധിയായിരുന്നു, അവൻ തിരിച്ചുവന്നിരിക്കുന്നു..."