സ്വർണ വില ഇന്ന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 3,825 രൂപയും 1,200 രൂപ പവന് കുറഞ്ഞ് 30,600 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിവസ വിലയിടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട വില ട്രോയ് ഔൺസിനു 1,555 ഡോളറിലെത്തിയിട്ട് ഇപ്പോൾ 1,579 ഡോളറിലാണ്. ഇന്ത്യൻ രൂപ രാവിലെ ചരിത്രത്തിലെ ഏറ്റവും ദുർബലാവസ്തയായ 74. 52 ൽ എത്തിയതിനു ശേഷം ഇപ്പോൾ 74.07 ൽ നിൽക്കുന്നു.

കഴിഞ്ഞ ദിവസം രാവിലെ 1,636 ഡോളറായിരുന്നു വില ഇന്ന് രാവിലെ 80 ഡോളറിനടുത്ത് വില കുറയുകയുണുണ്ടായത്. രൂപയുടെ വൻ തകർച്ച ഒരു പരിധി വരെ സ്വർണം വലിയ വിലക്കുറവിലെത്തിക്കാതെ സഹായിക്കുന്നു. ലോകം മഹാമാരിയുടെ ഭീതിയിലാണ്ടപ്പോൾ നിക്ഷേപകർ ഘട്ടം ഘട്ടമായി ലാഭമെടുത്തു മാറുന്നതാണ് വൻ വിലയിടിവിന് കാരണം. നിക്ഷേപകർ താൽക്കാലികമായി വിട്ടുനിന്നാൽ സ്വർണ വില വീണ്ടും കുറഞ്ഞേക്കാം.1,500 ഡോളറിലെത്തിയേക്കാമെന്ന പ്രവചനങ്ങളുണ്ട്.

എങ്കിലും നിക്ഷേപകരും, രാജ്യങ്ങളും ഭീതിയിലാണ്ട സാഹചര്യത്തിൽ സ്വർണ വിലയിൽ താൽക്കാലികമായി താഴ്ച്ചകളുണ്ടാകാമെങ്കിലുംആഗോള സാമ്പത്തിക ദുർബലാവസ്ഥ കണക്കിലെടുക്കുമ്പോൾ സ്വർണത്തിന്  വില കൂടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

കോവിഡ് 19 ലോകമെമ്പാടും പടർന്നു പിടിച്ചതോടെ സാമ്പത്തിക രംഗത്തിനേറ്റ ആഘാതം പരിഹരിക്കുന്നതിനുള്ള പുതിയ നടപടികളുമായി പല രാജ്യങ്ങളും മുന്നോട്ടു നീങ്ങുകയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രാജ്യങ്ങളായ ഇന്ത്യയുടെയും, ചൈനയുടേയും വാങ്ങൽ ശക്തി കുറഞ്ഞത് സ്വർണ വിലയെ സ്വാധീനിച്ചിട്ടുണ്ടെന്ന് AKGSMA സംസ്ഥാന ട്രഷററും GJC ദേശീയ ഡയറക്ടറുമായ അഡ്വ. എസ്.അബ്ദുൽ നാസർ പറഞ്ഞു.

കോറോണയുടെ പശ്ചാത്തലത്തിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലുള്ള (ETF) നിക്ഷേപം ജനുവരിയിൽ 202 കോടി ഡോളറായിരുന്നത് ഫെബ്രുവരിയിൽ 1,483 കോടി ഡോളറിലേക്ക് ഇന്ത്യയിലെ നിക്ഷേപം ഉയർന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടന കോവിഡ് -19 നെ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വർണ വിലയിൽ ചെറിയ ചലനങ്ങളുണ്ടായാലും വില വീണ്ടും ഉയർന്നേക്കുമെന്ന സൂചനകളാണ് വരുന്നത്.

വിലക്കയറ്റം കാരണം കേരള വിപണി ഇപ്പോഴും ദുർബലമായി തുടരുകയാണ്. ഇതിനാല്‍ കേരള വിപണിയില്‍ വന്‍ വില്‍പ്പന ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.