ഈ വർഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് സർക്കാർ തീരുമാനമെടുത്തേക്കും. 

ദില്ലി: ഇസ്രായേൽ ആസ്ഥാനമായുള്ള ചിപ്പ് നിർമ്മാണ കമ്പനിയായ ടവർ സെമികണ്ടക്ടർ ഇന്ത്യയിൽ ഉൽപാദന കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 800 കോടി ഡോളറിൻ്റെ ചിപ്പ് ഫാബ്രിക്കേഷൻ പ്ലാൻ്റ് സ്ഥാപിക്കാനുള്ള നിർദ്ദേശം കേന്ദ്ര സർക്കാറിന് മുന്നിൽ സമർപ്പിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് സർക്കാർ തീരുമാനമെടുത്തേക്കും. 

Add Asianetnews as a Preferred SourcegooglePreferred

ടവറിൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയാണെങ്കിൽ, രാജ്യത്ത് നിർമാണം ആരംഭിക്കുന്ന ആദ്യത്തെ സെമി കണ്ടക്ടർ കമ്പനിയായിരിക്കുമിത്. രാജ്യത്തെ ചിപ്പ് നിർമാണ മേഖലക്ക് വലിയ കുതിപ്പാകും കമ്പനി സ്ഥാപിക്കുന്നതെന്നും കേന്ദ്രം വിലയിരുത്തുന്നു. പദ്ധതി അം​ഗീകരിച്ചാൽ മൂലധന ചെലവിൽ 50 ശതമാനം സർക്കാർ സബ്സിഡി നൽകും. പുറമെ, എവിടെയാണോ ഉൽപാദന കേന്ദ്രം വരുന്നത്, ആ സംസ്ഥാനവും ഇളവുകൾ നൽകും.

ഓട്ടോമോട്ടീവ്, വെയറബിൾ ഇലക്ട്രോണിക്‌സ് എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഉപയോഗിക്കാവുന്ന 65 , 40 നാനോമീറ്റർ ചിപ്പുകളും ടവർ ഇന്ത്യയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തം ചർച്ച ചെയ്യാൻ കഴിഞ്ഞ ഒക്ടോബറിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ടവറിൻ്റെ സിഇഒ റസൽ സി എൽവാംഗറെ കണ്ടിരുന്നു.

അന്താരാഷ്ട്ര കൺസോർഷ്യമായ ഐഎസ്എംസിയുടെ പങ്കാളിത്തത്തോടെ കർണാടകയിൽ 3 ബില്യൺ ഡോളറിൻ്റെ പ്ലാൻ്റ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് ടവർ നേരത്തെ അപേക്ഷിച്ചിരുന്നു. എന്നാൽ ഇൻ്റലുമായുള്ള ലയനം കാരണം പദ്ധതി നിലച്ചു. പിന്നീട് നിയമ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ ഓഗസ്റ്റിൽ, ടവർ സെമികണ്ടക്ടർ 5.4 ബില്യൺ ഡോളറിന് സ്വന്തമാക്കാനുള്ള പദ്ധതി ഇൻ്റൽ റദ്ദാക്കി.