ദില്ലി: രാജ്യത്തെ വളര്‍ച്ചാ നിരക്കിന് റെക്കോര്‍ഡ് ഇടിവ് നേരിട്ടതിന് പിന്നാലെ, ഓഗസ്റ്റ് മാസത്തെ ജിഎസ്ടി വരുമാനത്തിലും കുറവ്. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കിയെങ്കിലും ജൂലൈ മാസത്തേക്കാള്‍ കുറഞ്ഞ ജിഎസ്ടി വരുമാനമാണ് ഓഗസ്റ്റില്‍ ലഭിച്ചത്.  ഓഗസ്റ്റില്‍ ജിഎസ്ടി വരുമാനം 86449 കോടി രൂപയാണ് കേന്ദ്രത്തിന് ലഭിച്ചത്. ജൂലൈ മാസത്തില്‍ 87422 കോടിയായിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 98202 കോടിയായിരുന്നു വരുമാനം.

ഇക്കുറി ഓഗസ്റ്റില്‍ ലഭിച്ച വരുമാനത്തില്‍ സിജിഎസ്ടി 15906 കോടിയും എസ്ജിഎസ്ടി 21604 കോടിയുമാണ്. ഐജിഎസ്ടി 42264 കോടിയാണ്. സാധനങ്ങള്‍ ഇറക്കുമതി ചെയ്ത വകയില്‍ ലഭിച്ചതാണ് ഇതില്‍ 19179 കോടി. സെസ്സ് മുഖേന ലഭിച്ചത് 7215 കോടിയാണ്. 

സ്ഥിരം വിഹിതമായി ഐജിഎസ്ടിയില്‍ നിന്ന് 18216 കോടി സിജിഎസ്ടിയിലേക്കും 14650 കോടി എസ്ജിഎസ്ടിയിലേക്കും വകയിരുത്തിയിട്ടുണ്ട്. ഇത് കൂടി ചേര്‍ത്താല്‍ ആകെ സിജിഎസ്ടി 34122 കോടിയും ഐകെ എസ്ജിഎസ്ടി 35714 കോടിയുമാണ്. കൊവിഡ് കാലമായതിനാല്‍ ജിഎസ്ടി വരുമാനത്തില്‍ ഇടിവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 88 ശതമാനമാണ് ഈ മാസം ശേഖരിച്ച ജിഎസ്ടി.