Asianet News MalayalamAsianet News Malayalam

സ്വർണാഭരണ വ്യാപാര മേഖലയിൽ ഇ-വേ ബിൽ നടപ്പാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം: എകെജിഎസ്എംഎ

കേരളത്തിലെ സ്വർണാഭരണ വിപണിയുടെ 80 ശതമാനം വിപണി വിഹിതമുള്ള ചെറുകിട വ്യാപാരികളുടെ നിലനിൽപിനെ ബാധിക്കുന്ന രീതിയിൽ ഇ-വേ ബിൽ നടപ്പാക്കുന്നത് വിഷമകരമാണെന്ന് അഡ്വ എസ് അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു. 

implement e way bill for gold jewellery industry akgsma response
Author
Thiruvananthapuram, First Published Aug 16, 2020, 7:13 PM IST

തിരുവനന്തപുരം: കേരളത്തിൽ മാത്രം സ്വർണാഭരണ വ്യാപാര മേഖലയിൽ ഇ-വേ ബിൽ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എകെജിഎസ്എംഎ (ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ). കേരളത്തിലെ സ്വർണക്കളളക്കടത്ത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിന് പകരം  സ്വർണ വ്യാപാരികളെ പീഡിപ്പിക്കുന്ന സർക്കാർ സമീപനം ശരിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ ബി ഗോവിന്ദൻ പറഞ്ഞു.

ജിഎസ്ടി ഉദ്യോഗസ്ഥർക്ക് കള്ളക്കടത്ത് സ്വർണവും പിടിക്കാനുള്ള അധികാരമുണ്ട്. എന്നാൽ, സ്വർണാഭരണം മാത്രമേ അവർ പിടിക്കാറുള്ളുവെന്നാണ് അസോസിയേഷൻ ആ​രോപിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി 6,103 കിലോ സ്വർണാഭരണം പിടിച്ചെടുത്ത് നികുതിയും പിഴയും ഈടാക്കിയിട്ടുണ്ടെന്നാണ് ധനമന്ത്രി പറഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷമായി 1,000 ടൺ സ്വർണമെങ്കിലും കള്ളക്കടത്തായി കേരളത്തിലെത്തിയിട്ടുണ്ടെന്ന് വിവിധ ഏജൻസികൾ തന്നെ പറയുന്നുണ്ട്. ഇതിൽ ഒരു ഗ്രാം സ്വർണക്കട്ടി പോലും ജിഎസ്ടി ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടില്ല. സ്വർണാഭരണങ്ങൾക്ക്‌ ഇ-വേബിൽ ഏർപ്പെടുത്തിയാൽ വിമാനത്താവളം വഴി വരുന്ന കള്ളക്കടത്ത് സ്വർണം തടയാൻ കഴിയുമോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അസോസിയേഷൻ ട്രഷറർ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു. 

കള്ളത്തടത്തായി സ്വർണക്കട്ടികൾ കൊണ്ടുവന്ന് എവിടെയാണ് ആഭരണ നിർമ്മിക്കുന്നതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ അന്വേഷിക്കുന്നില്ല. സ്വർണ വ്യാപാര സ്ഥാപനത്തിലെ സ്റ്റോക്കിൽപ്പെടുന്ന ഒന്നര പവൻ സ്വർണം ഹാൾമാർക്ക് മുദ്ര ചെയ്യാൻ ഡെലിവറി ചെല്ലാനുമായി കൊണ്ടു പോകുന്നത് പിടിച്ചെടുത്ത് ഇ-വേ ബിൽ ആവശ്യപെടുന്നത് മേഖലയെ ബുദ്ധിമുട്ടിക്കാനാണെന്ന് അസോസിയേഷൻ പറയുന്നു.

ഒന്നര പവൻ സ്വർണാഭരണവുമായി പോകുന്ന ആരെയും പിടിച്ച് ഇ- വേബിൽ ആവശ്യപ്പെടാമെന്നും ഇ-വേ ബിൽ ഇല്ലെങ്കിൽ സ്വർണം കണ്ടു കെട്ടാമെന്നുമുള്ള നിയമം സൃഷ്ടിക്കുന്നത് പൗരന്മാരുടെ സ്വാതന്ത്യത്തിൻമേലുള്ള കടന്നുകയറ്റമാകും. ഒരു രാജ്യം ഒരു നികുതിയെന്ന ജിഎസ്ടിയുടെ അന്തസത്തയ്ക്ക് ഈ നീക്കത്തിലൂടെ കോട്ടം തട്ടുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിൽ മറ്റ് സംസ്ഥാനങ്ങൾ ചെയ്യാത്തത് കേരളത്തിൽ മാത്രം ഒരു നിയമം സൃഷ്ടിച്ച് നടപ്പാക്കുന്നത് ശരിയാണോ എന്നതിൽ സർക്കാർ പുനർചിന്തനത്തിന് തയ്യാറാകണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുന്നു. 

കേരളത്തിലെ സ്വർണാഭരണ വിപണിയുടെ 80 ശതമാനം വിപണി വിഹിതമുള്ള ചെറുകിട വ്യാപാരികളുടെ നിലനിൽപിനെ ബാധിക്കുന്ന രീതിയിൽ ഇ-വേ ബിൽ നടപ്പാക്കുന്നത് വിഷമകരമാണെന്ന് അഡ്വ എസ് അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു. ഇ-വേ ബിൽ നടപ്പാക്കുന്നതിനെതിരെ പ്രത്യക്ഷ സമരപരിപാടികൾ ആലോചിക്കുന്നതായി അസോസിയേഷൻ വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios