മുംബൈ: കൊറോണ വൈറസ് പകർച്ചവ്യാധി ലോക്ക്ഡൗൺ കാലത്തെ പ്രതിസന്ധിയിൽ നിന്ന് വാഹന നിർമാണ മേഖല തിരിച്ചുവരവ് നടത്തുന്നതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം). എന്നാൽ, കൊറോണയ്ക്ക് മുൻപുളള അവസ്ഥയിലേക്ക് വ്യവസായ മേഖലയ്ക്ക് മുന്നേറാൻ കഴിഞ്ഞിട്ടില്ല. 2020 ജൂൺ മാസത്തിൽ യാത്രാ വാഹന വിൽപ്പന 49.59 ശതമാനം ഇടിഞ്ഞ് 1,05,617 യൂണിറ്റായി. 

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,09,522 യൂണിറ്റായിരുന്നു. വാഹന വ്യവസായ സ്ഥാപനമായ സിയാം പ്രസ്താവനയിൽ വ്യക്തമാക്കി. മോട്ടോർ സൈക്കിൾ വിൽപ്പന 7,02,970 യൂണിറ്റാണ്. 2019 ജൂണിൽ ഇത് 10,84,596 യൂണിറ്റായിരുന്നു. 35.19 ശതമാനം ഇടിവ്.

സ്കൂട്ടർ വിൽപ്പന 47.37 ശതമാനം ഇടിഞ്ഞ് 2,69,811 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5,12,626 ആയിരുന്നു.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇരുചക്രവാഹന വിൽപ്പന 38.56 ശതമാനം ഇടിഞ്ഞ് 10,13,431 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 16,49,475 യൂണിറ്റായിരുന്നു.