ഇന്ത്യയിലെ ബാങ്കിങ് വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ ലയനമാണ് നാളെ യാഥാർത്ഥ്യമാകുന്നത്. പൊതുമേഖലയിലെ പത്ത് ബാങ്കുകൾ ഉൾപ്പെടുന്നതാണ് ലയനപ്രക്രിയ. നാളെ മുതൽ രാജ്യത്ത് പൊതുമേഖലയിൽ 12 വാണിജ്യ ബാങ്കുകൾ മാത്രമാകും ഉണ്ടാകുക. 

ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കും. സിൻഡിക്കറ്റ് ബാങ്ക് കാനറ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിക്കും. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബാങ്ക് ലയനത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പൊതുമേഖല ബാങ്കുകളുടെ എണ്ണത്തിൽ കുറവ് വരുത്തുക, കരുത്തേറിയ വലിയ ബാങ്കുകൾ സൃഷ്ടിക്കുക എന്നിവയാണ് സർക്കാരിന്റെ ലക്ഷ്യങ്ങൾ. 

എന്നാൽ, കിട്ടാക്കട പ്രതിസന്ധിയും മൂലധന ചോർച്ചയും പ്രശ്നങ്ങളായ പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് വലിയ ബാങ്കുകളുണ്ടാക്കുകയെന്നത്, ദുർബലമായ വലിയ ബാങ്കുകളുടെ സൃഷ്ടിക്ക് കാരണമാകില്ലേയെന്ന ആശങ്ക സാമ്പത്തിക വിദ​ഗ്ധർക്കുണ്ട്. ലയന നടപടി പൂർത്തിയായാലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കെന്ന പദവി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നഷ്ടമാകില്ല. എന്നാൽ, ലയനത്തോടെ രാജ്യത്തെ പൊതുമേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായി പഞ്ചാബ് നാഷണൽ ബാങ്ക് മാറും. 

 

ലയനം പൂർ‌ത്തിയാകുന്നതോടെ കാനറ ബാങ്കിന് പൊതുമേഖലയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്കെന്ന പദവി ലഭിക്കും. ഈ നിരയിൽ ണിയൻ ബാങ്കിന് അഞ്ചാം സ്ഥാനവും ഇന്ത്യൻ ബാങ്കിന് ഏഴാം സ്ഥാനവും ലഭിക്കും. ലയന ശേഷം പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബിസിനസ് 17.94 ലക്ഷം കോടി രൂപയായും കാനറ ബാങ്ക് ഇത് 15.20 ലക്ഷം കോടിയായും ഉയരും.

ബാങ്ക് യൂണിയനുകളുടെ നിലപാട് 

ലയനം പൂർത്തിയാകുമ്പോൾ ഇന്ത്യൻ ബാങ്ക് 8.08 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉണ്ടാകും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ബിസിനസ് 14.59 ലക്ഷം കോടി രൂപയായി മാറുകയും ചെയ്യും. ലയന ശേഷം ഉദ്യോ​ഗസ്ഥരെ വലിയ തോതിൽ പുനർവിന്യസിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. അനേകം ശാഖകൾക്കും പൂട്ടുവീഴാൻ സാധ്യതയുണ്ട്. ബാങ്ക് ലയനത്തോട് ബാങ്ക് യൂണിയനുകൾ എതിർപ്പുണ്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് എംപ്ലോയിസ് അസോസിയേഷൻ എന്നിവർ എതിർപ്പ് പ്രകടിപ്പിക്കുന്നു. 

മാർച്ച് 27 ന് ബാങ്ക് ജീവനക്കാർ ലയനത്തിനെതിരെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് -19 പടർന്നുപിടിച്ച പശ്ചാത്തലത്തിൽ പണിമുടക്ക് പിൻവലിക്കുകയായിരുന്നു. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ബാങ്ക് ലയനം നീട്ടിവയ്ക്കണമെന്ന് കാണിച്ച് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നെങ്കിലും, ലയനവുമായി മുന്നോട്ട് പോകാനായിരുന്നു കേന്ദ്ര സർക്കാരിന്റെ തീരുമാനം. 

 

ലയനത്തിലൂടെ വലിയ വാണിജ്യ ബാങ്കുകളെ ഇന്ത്യ സൃഷ്ടിക്കുന്നെങ്കിലും, ലോകത്തെ ഏറ്റവും വലിയ 10 ബാങ്കുകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്ന് ഒരു ബാങ്കിന് പോലും ഇടം നേടായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുളള ഏക ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രമാണ്. ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിൽ എസ്ബിഐയുടെ സ്ഥാനം 43 ആണ്. 

പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കണം !

ബാങ്ക് ലയനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോൾ ഏറ്റവും പ്രസക്തമാകുന്നത് 2014 ൽ പി ജെ നായക് സമിതി റിസർവ് ബാങ്കിന് നൽകിയ ശുപാർശയാണ്. പൊതു മേഖലയിൽ ബാങ്കുകൾ നടത്തിക്കൊണ്ട് പോകുന്ന വലിയ ബാധ്യതയിൽ നിന്ന് ഒഴിയാൻ അവ സ്വകാര്യവത്കരിക്കണമെന്നാണ് പി ജെ നായക് സമിതി ശുപാർശ വ്യക്തമാക്കുന്നത്. പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരികൾ 50 ശതമാനത്തിന് താഴേക്ക് എത്തിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, തൽക്കാലം സ്വകാര്യവത്കരണം ആലോചനയിൽ ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.  

മോർ​ഗൻ സ്റ്റാൻലി ഇന്ത്യയുടെ മുൻ കൺട്രി ഹെഡും പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിന്റെ ചെയർമാനും സിഇഒയുമായിരുന്നു പി ജെ നായക്.

 

ലയിക്കപ്പെടുന്ന ബാങ്കുകളിലെ ഉപഭോക്താക്കൾ നാളെത്തന്നെ പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് ഇന്ത്യൻ ബാങ്ക് എന്നിവയിൽ ഒന്നിന്റെ (ആങ്കർ ബാങ്ക്) ഉപഭോക്താക്കളായി മാറും. ഇതോടെ ഇവരുടെ ചെക്ക് ബുക്ക്, പാസ് ബുക്ക്, വായ്പ ബാധ്യകകൾ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ആങ്കർ ബാങ്കിന്റേതായി മാറുകയും ചെയ്യും. 

2017 ഏപ്രിലിൽ, അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും കേന്ദ്ര സർക്കാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചിരുന്നു. പിന്നീട് ഏപ്രിൽ 2019 ൽ‌ വിജയ ബാങ്കിനെയും ദേനാ ബാങ്കിനെയും കേന്ദ്ര സർക്കാർ ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചിരുന്നു.