രാജ്യത്ത് ജില്ല അടിസ്ഥാനത്തില്‍ നോട്ട് നിരോധനം ഏത് വിധേനയാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നോട്ട് നിരോധനം നടപ്പാക്കിയ ശേഷമുളള ഏഴ് ത്രൈമാസങ്ങളില്‍ രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് 6.80 ശതമാനമായി ഇടിഞ്ഞതായാണ് ഗീത ഗോപിനാഥ് അടങ്ങുന്ന സംഘത്തിന്‍റെ പഠന റിപ്പോര്‍ട്ടിലുണ്ട്. 

നോട്ട് നിരോധനം കാരണം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് യുഎസ് ആസ്ഥാനമായ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുറത്ത്. നോട്ട് നിരോധനം നടപ്പാക്കിയ 2016 -17 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച രണ്ട് ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. 

2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്. ഹാര്‍വാര്‍ഡ് ഫ്രഫസര്‍ ഗബ്രിയേല്‍ ചൂഡേറോ റീച്ച്, ഗീതാ ഗോപിനാഥ്, പ്രാച്ചി മിശ്ര, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായ അഭിനവ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റായി ചുമതല ഏറ്റെടുക്കാനിരിക്കുകയാണ് ഗീതാ ഗോപിനാഥ്. നിലവില്‍ മുംബൈ ഗോള്‍ഡ് മാന്‍ സാറ്റ്സ് മാനേജിംഗ് ഡയറക്ടറാണ് പ്രാച്ചി മിശ്ര. 

നോട്ട് നിരോധനത്തിന് ശേഷമുളള മാസങ്ങളില്‍ തൊഴില്‍ മേഖല സ്തംഭനാവസ്ഥയിലേക്ക് വീണുപോയതായി ഗവേഷണ പ്രബന്ധം തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു. രാജ്യത്ത് ജില്ല അടിസ്ഥാനത്തില്‍ നോട്ട് നിരോധനം ഏത് വിധേനയാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നോട്ട് നിരോധനം നടപ്പാക്കിയ ശേഷമുളള ഏഴ് ത്രൈമാസങ്ങളില്‍ രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് 6.80 ശതമാനമായി ഇടിഞ്ഞതായാണ് ഗീത ഗോപിനാഥ് അടങ്ങുന്ന സംഘത്തിന്‍റെ പഠന റിപ്പോര്‍ട്ടിലുണ്ട്. 

2016-17 ലെ നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ബാങ്കുകളുടെ വായ്പ വിതരണത്തിലും രണ്ട് ശതമാനത്തിന്‍റെ ഇടിവുണ്ടായി. എന്നാല്‍, ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിരോധനം ഗുണ ചെയ്തേക്കുമെന്നും ബാങ്ക് ഇടപാടുകള്‍ക്ക് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നിരോധനം കാരണമായതായും പ്രബന്ധം പറയുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ പണലഭ്യത പ്രധാന പങ്കാണ് വഹിക്കുന്നത് അതിനാലാണ് നോട്ട് നിരോധനം സമ്പദ്ഘടനയ്ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം കറന്‍സി നോട്ടുകള്‍ ഒരു രാത്രികൊണ്ട് പിന്‍വലിക്കുന്നത് പണനയ നിരക്കിനെ ഏകദേശം 200 പോയിന്‍റ് കുറയ്ക്കുന്നതിന് തുല്യമാണെന്നും ഗവേഷണ പ്രബന്ധം കുറ്റപ്പെടുത്തുന്നു.

നോട്ട് നിരോധനം രാജ്യത്തിന് പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോഴും നികുതി വരുമാനം ഉയരാനും, ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണത്തിന്‍റെ കൈമാറ്റ തോത് ഉയരാനും അത് കാരണമായി. ഇതോടെ, രാജ്യത്തിന്‍റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മുന്ന് ശതമാനം താഴ്ന്നിരുന്നു. 2016 -17 ലെ മൂന്നാം പാദത്തില്‍ മുന്‍ പാദത്തെക്കാള്‍ 0.5 ശതമാനമാണ് ഇടിഞ്ഞത്.

ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍റെ 2018 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം തൊഴില്‍ രംഗത്തിന്‍റെ 81 ശതമാനവും അസംഘടിത മേഖലയിലാണ്. മൊത്തം തൊഴില്‍ മേഖലയില്‍ നിന്നുണ്ടാകുന്ന ഉല്‍പ്പാദനത്തിന്‍റെ 44 ശതമാനം വരുമിത്. ഇന്ത്യന്‍ സമ്പദ്ഘടയ്ക്ക് ഇത്രയേറെ പ്രസക്തമായ അസംഘടിത മേഖലയില്‍ ഇപ്പോഴും കറന്‍സി നോട്ടുകളിലൂടെയാണ് ആനുകൂല്യങ്ങള്‍ കൈമാറുന്നത്. ഇതിനാല്‍ നോട്ട് നിരോധനം രാജ്യത്തെ തൊഴില്‍ രംഗത്തെ പ്രതിസന്ധിയിലേക്ക് നയിച്ചു. ഏറ്റവും നൂതനമായി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഗീത ഗോപിനാഥ് അടങ്ങുന്ന സംഘം ഗവേഷണം നടത്തിയത്. 

അസംഘടിത മേഖലയില്‍ നോട്ട് നിരോധനം വരുത്തിവച്ച പ്രത്യാഘാതങ്ങള്‍ വിശദമായി പഠന വിധേയമാക്കിയ ശേഷമാണ് സംഘം പ്രബന്ധ രചന നടത്തിയത്. പഠനത്തിന്‍റെ ഭാഗമായി രാത്രികാലങ്ങളിലെ ഉപഗ്രഹ ചിത്രങ്ങള്‍ വരെ സംഘം പരിശോധിച്ചു.