ജൂലൈ അഞ്ചിന് നിര്‍മല സീതാരാമന്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നാല് പ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ജല്‍ ജീവന്‍ മിഷന്‍, മത്സ്യ സമ്പദാ യോജന, ട്രേഡേഴ്സ് വെല്‍ഫയര്‍ ബോര്‍ഡ്, വെയര്‍ ഹൗസിംഗ് ഗ്രിഡ് എന്നിവയാണ് രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാല് പ്രഖ്യാപനങ്ങള്‍.

ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കൂടിയായിരുന്നു ഈ പദ്ധതികള്‍. ധനമന്ത്രാലയം പ്രസ്തുത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ നിന്ന് പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ടതും സാധ്യത ബലപ്പെടുത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, പദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് പകരം പ്രത്യേക വിഹിതമോ, പൈലറ്റ് പ്രോജക്ടുകളുടെ ഗണത്തില്‍പ്പെടുത്താവുന്ന പ്രഖ്യാപനങ്ങള്‍ക്കോ മാത്രമേ ഈ ബജറ്റില്‍ സാധ്യതയുള്ളൂ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.  

ധനക്കമ്മി ലക്ഷ്യം 2019-20 ല്‍ ജിഡിപിയുടെ 3.4 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ധനമന്ത്രി മുന്‍ഗണന നല്‍കുന്നതെങ്കില്‍ ഈ നാല് വിഷയങ്ങളിലെ പ്രഖ്യാപനങ്ങള്‍ മാറ്റിവയ്ക്കാനും സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള സംഭരണം മുതല്‍ നദീശുചീകരണം വരെയുളള വകുപ്പുകളെ കൂട്ടിച്ചേര്‍ത്ത് ജല്‍ ശക്തി മന്ത്രാലയം രൂപീകരിച്ചത് ജല്‍ ജീവന്‍ മിഷന് വേണ്ടിക്കൂടിയാണെന്നാണ് വിലയിരുത്തല്‍. 

ഇനി കിണറുകള്‍ തേടിപ്പോകേണ്ട

2024 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ വീടുകളിലും പൈപ്പ് വെളളം എത്തിക്കുകയെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. "പാചകവാതകവും വൈദ്യുതിയും നിങ്ങളുടെ വീട്ടില്‍ എത്തിച്ചതുപോലെ പോലെ മോദിജി പൈപ്പ് വെള്ളവും നിങ്ങളുടെ വീട്ടില്‍ എത്തിക്കും, നിങ്ങള്‍ക്ക് കിണറുകള്‍ തേടിപ്പോകേണ്ട ആവശ്യമുണ്ടാകില്ല" രാജസ്ഥാനിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നു. 

കഴിഞ്ഞ വര്‍ഷം രാജ്യത്ത് മഴ ലഭ്യതയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് രൂക്ഷമായ ജലക്ഷാമം പല സംസ്ഥാനങ്ങളെയും പിടികൂടിയിരുന്നു. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും വൈദ്യുതി എത്തിക്കാനുളള സൗഭാഗ്യ പദ്ധതി അവസാന ഘട്ടത്തിലാണെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. പൈപ്പ് ജല വിതരണത്തിന് ഇത് ഉപകാരപ്രദമാകും. 2030 ല്‍, ഇന്ത്യയുടെ ജല ആവശ്യകത, ലഭ്യതയുടെ ഇരട്ടിയോളം വര്‍ധിക്കുമെന്നാണ് നിതി ആയോഗിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതോടെ, ജിഡിപിയുടെ ആറ് ശതമാനം ജലത്തിന് വേണ്ടി രാജ്യത്തിന് ചെലവഴിക്കേണ്ടി വരുമെന്നാണ് നിതി ആയോഗ് പ്രവചിച്ചത്. രാജ്യവ്യാപക പൈപ്പ് ജലവിതരണം പൂര്‍ത്തിയാക്കാന്‍ 2024 ആണ് നിതി ആയോഗും കേന്ദ്ര സര്‍ക്കാരും ടാര്‍ഗറ്റ് ഇയറായി നിര്‍ണയിച്ചിരിക്കുന്നത്. 'കുടിവെള്ളം സംഭരണ പരിപാടിയുടെ അഭാവത്തില്‍ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് രാജ്യത്തെ പാവപ്പെട്ടവരാണ്' പദ്ധതി സംബന്ധിച്ച് നിതി ആയോഗ് യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 

ഫിഷറീസ് ബജറ്റിലെ സ്റ്റാറാകും

ഫിഷറീസ് മേഖലയ്ക്കായി പ്രത്യേക മന്ത്രാലയം എന്ന പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട സര്‍ക്കാര്‍ വരുന്ന ബജറ്റില്‍ ഫിഷറീസ് മേഖലയ്ക്ക് വലിയ പരിഗണന തന്നെ നല്‍കിയേക്കും. മത്സ്യ സമ്പദാ യോജന പോലെയുളള വന്‍ പദ്ധതികള്‍ക്കും അതിനാല്‍ തന്നെ സാധ്യത ഏറെയാണ്. പദ്ധതിക്കായി 10,000 കോടി രൂപ മാറ്റിവയ്ക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍. ചെറുകിട - പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ സംരക്ഷണവും പദ്ധതിയില്‍ മുഖ്യ വിഷയങ്ങളായിരിക്കും. ഇതിനൊപ്പം മത്സ്യത്തിന്‍റെ സംഭരണം, നൂതന വിപണന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, കോള്‍ഡ് സ്റ്റോറേജ്, ഐസ് ബോക്സ് തുടങ്ങിയ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയും ഉള്‍പ്പെടുത്തും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക അനുസരിച്ചാണെങ്കില്‍ മത്സ്യ ബന്ധന മേഖലയ്ക്കുള്ള സമഗ്ര പ്രഖ്യാപനമാകും ഇത്. 

റീട്ടെയ്ല്‍ വ്യാപാരത്തിനായി ദേശീയ നയരൂപീകരണവും നാഷണല്‍ ട്രേഡേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡും നിര്‍മല സീതാരാമന്‍റെ ബജറ്റിന്‍റെ ഭാഗമായേക്കും. 25 ട്രില്യണ്‍ രൂപ ഫാം, റൂറല്‍ ഉല്‍പാദന മേഖലയില്‍ നിക്ഷേപിക്കാനും അതിനോടൊപ്പം ദേശീയ വെയര്‍ഹൗസ് ഗ്രിഡിന് തുടക്കമിടാനും സര്‍ക്കാരിന് ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പദ്ധതി പടിപടിയായി നടപ്പാക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുകയെന്നാണ് വിദഗ്ധരുടെ നിഗമനം. ജൂലൈ അഞ്ചിലെ ബജറ്റില്‍ ഈ പദ്ധതിക്കായി പ്രത്യേക നീക്കിയിരിപ്പിനും സാധ്യത ഏറെയാണ്. കേന്ദ്ര സര്‍ക്കാര്‍- പൊതുമേഖല- സ്വകാര്യ മേഖല കൈകോര്‍ത്ത് ദേശീയ വെയര്‍ഹൗസ് ഗ്രിഡിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ ആലോചന.