ദില്ലി: റിസര്‍വ് ബാങ്കിനും മൂഡി റേറ്റിംഗിനും പിന്നാലെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് ഇന്‍റന്‍നാഷണല്‍ മോണിറ്ററി ഫണ്ടും(ഐഎംഎഫ്) വെട്ടിക്കുറച്ചു. 2019ല്‍ ഇന്ത്യക്ക് 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഐഎംഎഫ് പ്രവചനം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.1 ശതമാനം മാത്രമായിരിക്കുമെന്ന് ഐഎംഎഫ് വ്യക്തമാക്കി. വളര്‍ച്ചയില്‍ 1.2 ശതമാനം ഇടിവുണ്ടാകുമെന്നാണ് ഐഎംഎഫ് നിരീക്ഷണം. ഏപ്രിലിലാണ് ഇന്ത്യയുടെ വളര്‍ച്ച 7.3 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ് നിരീക്ഷിച്ചത്. 

2018ല്‍ 6.8 ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ച. അതേസമയം, 2020ല്‍ ഇന്ത്യക്ക് ഏഴ് ശതമാനം വളര്‍ച്ച നേടാനാകുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ലോക ബാങ്ക്, ദക്ഷിണേഷ്യ എക്കണോമിക് ഫോക്കസ് എന്നിവ 2019ല്‍ ഇന്ത്യയുടെ വളര്‍ച്ച ആറ് ശതമാനമായിരിക്കുമെന്നും പ്രവചിച്ചു. പണ നയം, കോര്‍പറേറ്റ് നികുതി കുറച്ചത് എന്നിവയാണ് വളര്‍ച്ചാ നിരക്ക് കുറക്കാനുള്ള കാരണം. ചൈനയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കും ഐഎംഎഫ് കുറച്ചു. 6.1 ശതമാനം വളര്‍ച്ചയാണ് ചൈനക്കുണ്ടാകുമെന്നാണ് നിരീക്ഷണം പ്രവചനം. 2020ല്‍ ചൈനയുടെ വളര്‍ച്ച 5.8 ശതമാനമാകുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.