മുംബൈ: രാജ്യത്തെ ബാങ്കുകള്‍ നല്‍കി വരുന്ന വന്‍കിട വായ്പകളില്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചു. കിട്ടാക്കടവും ബാങ്ക് തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വായ്പ പരിധി പുനര്‍നിര്‍ണയിക്കുകയും ചെയ്തത്. 

ഏതെങ്കിലും ഒരു സ്ഥാപനത്തിന് / കമ്പനിക്ക് വായ്പ നല്‍കുമ്പോള്‍ ബാങ്കിന്‍റെ ബാധ്യതകള്‍ കഴിച്ചുളള മൂലധനത്തിന്‍റെ 20 ശതമാനത്തില്‍ കൂടുതല്‍ ഒരിനത്തിലും വായ്പ നല്‍കാന്‍ പാടില്ല. വായ്പ ആവശ്യപ്പെട്ട് വരുന്നത് ഒരു കൂട്ടം കമ്പനികള്‍ ചേര്‍ന്നുളള സ്ഥാപനമാണെങ്കില്‍ 25 ശതമാനം വരെ വായ്പ നല്‍കാം. എന്നാല്‍, പ്രത്യേക സാഹചര്യത്തിലോ, ഒഴിച്ചുകൂടാനാകാത്ത സന്നര്‍ഭത്തിലോ രണ്ട് വിഭാഗത്തിലും അഞ്ച് ശതമാനം കൂടി അധിക വായ്പ നല്‍കാന്‍ ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിന് അധികാരമുണ്ടാകും. 

രാജ്യത്തെ ബാങ്കുകള്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വായ്പയ്ക്കും ആര്‍ബിഐ പരിധി നിശ്ചയിച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനത്തിന് നല്‍കാവുന്ന പരിമാവധി വായ്പ ഇനിമുതല്‍ ബാങ്കിന്‍റെ ബാധ്യതകള്‍ കഴിച്ചുളള മൂലധനത്തിന്‍റെ 15 ശതമാനമായിരിക്കും. 

ഇതുകൂടാതെ ബാങ്കിന്‍റെ മൂലധനത്തിന്‍റെ 10 ശതമാനത്തില്‍ കൂടുതല്‍ ഏതെങ്കിലും സ്ഥാപനത്തിനോ കമ്പനിക്കോ ബാങ്കിതര ധനകാര്യ സ്ഥാപനത്തിനോ വായ്പ നല്‍കിയാല്‍ അക്കാര്യം അപ്പോള്‍ തന്നെ റിസര്‍വ് ബാങ്കിനെ അറിയിക്കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കിട്ടാകടവും ബാങ്കുതട്ടിപ്പുകളും രാജ്യത്തെ ബാങ്ക് വ്യവസായത്തിന് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്‍റെ ഇത്തരം കര്‍ശന ഇടപെടലുകള്‍.