'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന അരങ്ങേറ്റചിത്രത്തിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത നടിയാണ് അന്ന ബെന്‍. അന്നയിലെ പെര്‍ഫോമറെ ഇന്‍ഡസ്ട്രി ശ്രദ്ധിച്ചിരുന്നുവെന്നതിന് തെളിവായിരുന്നു അവരെ തേടിയെത്തിയ രണ്ടാമത്തെ പ്രോജക്ട്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത 'ഹെലനി'ല്‍ അന്നയാണ് ടൈറ്റില്‍ കഥാപാത്രം. പോസ്റ്ററുകളും ട്രെയ്‌ലറും അടക്കമുള്ള ചിത്രത്തിന്റെ പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ ശ്രദ്ധ നേടിയിരുന്നു. ഒരു ത്രില്ലര്‍ ചിത്രത്തിന് ടിക്കറ്റെടുക്കാനുള്ള ക്ഷണമായിരുന്നു 'ഹെലന്റെ' ട്രെയ്‌ലര്‍. ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുന്ന സിനിമയുടെ കാഴ്ചാനുഭവം എന്താണെന്ന് നോക്കാം.

 

ലളിതമാണ് 'ഹെലന്റെ' പ്ലോട്ട്. നഴ്‌സിംഗ് ബിരുദധാരിയാണ് അന്ന ബെന്‍ അവതരിപ്പിക്കുന്ന ഹെലന്‍ പോള്‍. നാട്ടില്‍ നിലവിലുള്ള വേതനവ്യവസ്ഥ അപര്യാപ്തമായതിനാല്‍ ഈ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കുന്ന ഭൂരിഭാഗം കുട്ടികളെയുംപോലെ വിദേശത്ത് പോവുകയാണ് അവളുടെയും ലക്ഷ്യം. അതിനായുള്ള തയ്യാറെടുപ്പുകള്‍ക്കൊപ്പം നഗരത്തിലെ ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു റസ്റ്റോറന്റില്‍ വെയിട്രസ് ആയും അവള്‍ ജോലി ചെയ്യുന്നുണ്ട്. അമ്മയില്ലാതെ വളര്‍ന്ന, സഹോദരങ്ങളില്ലാത്ത ഹെലന് പോള്‍ ഒരു അച്ഛന്‍ മാത്രമല്ല, അടുത്ത സുഹൃത്ത് കൂടിയാണ്. അസ്ഹര്‍ എന്ന കാമുകന്‍ കൂടി ചേരുന്നതാണ് അവളുടെ വൈകാരിക ലോകം. സ്ഥിരപ്രയത്‌നത്താല്‍ തന്റെ സ്വപ്നങ്ങളൊക്കെ തൊടാനാവുന്നവിധം അടുക്കുന്ന സമയത്താണ് ഒരു അപ്രതീക്ഷിത ദുരന്തമുഖത്തെ ഹെലന് നേരിടേണ്ടിവരുന്നത്. കുറഞ്ഞ സമയവും (117 മിനിറ്റ്) താരതമ്യേന ചെറിയ പ്ലോട്ടും വച്ച് ഒരു സര്‍വൈവല്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുകയാണ് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍.

 

തിരക്കഥാരചനയുടെ സമയത്തേ ആരംഭിക്കുന്ന കണിശമായ 'എഡിറ്റിംഗി'ല്‍ നിന്നാണ് ഒരു നല്ല ത്രില്ലര്‍ പിറവിയെടുക്കുന്നത്. മുഴച്ചുനില്‍ക്കുന്ന അനാവശ്യഘടകങ്ങളൊന്നും കണ്ടെത്താനാവില്ല 'ഹെലനി'ല്‍. പ്രധാന കഥാപാത്രത്തെയും അവളുടെ പശ്ചാത്തലത്തെയും ധൃതിയൊന്നും കൂടാതെ പരിചയപ്പെടുത്തുകയാണ് തുടക്കത്തില്‍ സംവിധായകന്‍. എണ്ണത്തില്‍ ഏറെയില്ലാത്ത മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലും വിശ്വസനീയത പുലര്‍ത്താനായിട്ടുണ്ട്. നമ്മുടെ ചുറ്റുവട്ടത്ത് കണ്ടെത്താവുന്ന ഒരു സാധാരണ പെണ്‍കുട്ടി ജീവിതത്തിലൊരിക്കല്‍ നേരിടേണ്ടിവരുന്ന ഒരു അസാധാരണ അപകട സാഹചര്യമാണ് ചിത്രത്തിന്റെ പ്രമേയം. അതിനാല്‍ത്തന്നെ 'ഹെലനെ'യും അവളുടെ അടുപ്പക്കാരെയും അവതരിപ്പിക്കുന്നത് അത്രത്തോളം സാധാരണത്വത്തോടെയാണ്. എന്നാല്‍ തികച്ചും സ്വാഭാവികമെന്ന് കരുതി പ്രേക്ഷകര്‍ വിട്ടുകളയുന്ന അംശങ്ങള്‍ക്ക് പോലും സിനിമ ത്രില്ലര്‍ മോഡിലേക്ക് ചുവട് മാറ്റിയശേഷം സവിശേഷ പ്രാധാന്യം കൈവരുന്നത് കാണാം. ഹെലനെയും അവളുടെ പശ്ചാത്തലത്തെയും പരിചയപ്പെടുത്തിയതിന് ശേഷം നരേഷന്റെ മധ്യത്തില്‍ ചിത്രം അതിന്റെ ത്രില്ലര്‍ മോഡിലേക്ക് ഗിയര്‍ മാറ്റുന്നു. പിന്നുള്ള ഒരു മണിക്കൂര്‍ ഒരു ചരടില്‍ കോര്‍ത്തതുപോലെ കണ്ടിരിക്കുന്നവരുടെ ശ്രദ്ധയെ കൂടെക്കൂട്ടുന്നതില്‍ വിജയിച്ചിട്ടുണ്ട് ചിത്രം.

 

'കുമ്പളങ്ങി നൈറ്റ്്‌സി'ലെ 'ബേബിമോളി'ല്‍നിന്ന് രണ്ടാംചിത്രമായ 'ഹെലനി'ലെ ടൈറ്റില്‍ കഥാപാത്രത്തിലേക്കെത്തുമ്പോള്‍ അന്ന ബെന്‍ പ്രതീക്ഷ കാത്തിട്ടുണ്ടെന്ന് മാത്രമല്ല ഒരു പടികൂടി ഉയര്‍ന്നിട്ടുമുണ്ട്. അന്ന ബെന്‍ എന്ന നടിയുടെ ക്യൂട്ട്‌നെസിനെ കഥാപാത്ര രൂപീകരണത്തില്‍ മനോഹരമായി ഉപയോഗിച്ച ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ഇവിടെയും 'ഹെലന്‍' എന്ന കഥാപാത്ര രൂപീകരണത്തില്‍ അത്തരത്തിലുള്ള അംശങ്ങള്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. 'കുമ്പളങ്ങി'യില്‍ കണ്ടതുവച്ച് അന്ന ബെന്‍ എന്ന നടിയുടെ കാലിബര്‍ പരീക്ഷിക്കുന്നതല്ല 'ഹെലന്റെ' ആദ്യപകുതി. എന്നാല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള രണ്ടാംപകുതി അങ്ങനെയല്ല. സാധാരണമായി കടന്നുപോകേണ്ടിയിരുന്ന ഒരു ദിവസം പൊടുന്നനെ മുന്നിലെത്തി, രാക്ഷസീയമാംവിധം അപായകരമാവുന്ന, നിമിഷംതോറും തീവ്രത വര്‍ധിക്കുന്ന ഒരു സാഹചര്യത്തിലേക്ക് അകപ്പെട്ടുപോകുന്നതും പിന്നീടുള്ള 'എണ്ണപ്പെട്ട' നിമിഷങ്ങളും ഗംഭീരപ്രകടനം കൊണ്ട് മനസില്‍ നില്‍ക്കത്തക്കതാക്കിയിട്ടുണ്ട് അന്ന ബെന്‍. lovable dad കഥാപാത്രമാണ് ലാല്‍ അവതരിപ്പിക്കുന്ന പോള്‍. നിഗൂഢതകളൊന്നുമില്ലാത്ത, ഉള്ളില്‍ തോന്നുന്നതെല്ലാം മുഖത്ത് കാണാനാവുന്ന ഒരു കഥാപാത്രം. മകളുടെ അഭിപ്രായങ്ങളോട് എതിരഭിപ്രായമുള്ളപ്പോള്‍പ്പോലും അതിനെ മാനിക്കുന്ന, അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നയാളാണ് പോള്‍. ഒരിടവേളയ്ക്ക് ശേഷമാണ് ലാലിനെ ഇത്തരത്തിലുള്ള ഒരു കഥാപാത്രമായി കാണുന്നത്. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നോബിള്‍ ബാബു തോമസ് ആണ് 'അസ്ഹര്‍' എന്ന, ഹെലന്റെ ബോയ്ഫ്രണ്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ചയില്‍ എന്തോ സവിശേഷത തോന്നുന്ന ഒരു പുതുമുഖത്തെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്തത് സംവിധായകന്റെ ശരിയായ തീരുമാനമാണ്. സ്‌ക്രീന്‍ ടൈം കുറവെങ്കിലും നരേഷനില്‍ പ്രാധാന്യമുള്ളവരാണ് മറ്റ് കഥാപാത്രങ്ങളും. അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങിയവരൊക്കെ മറ്റ് കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.

 

ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന്റെ അഖ്യാനത്തിന് പരുക്കേല്‍പ്പിക്കാതെയാണ് അപൂര്‍വ്വമായെത്തുന്ന ഗാനങ്ങള്‍. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ചിത്രം ത്രില്ലര്‍ മോഡിലേക്ക് എത്തുന്നതിന് മുന്‍പ് കടന്നുവരുന്നതും സിനിമയുടെ മൂഡിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നതുമാണ്. അല്‍ഫോന്‍സ് പുത്രന്‍ ചിത്രങ്ങളായ നേരത്തിനും പ്രേമത്തിനുമൊക്കെ ക്യാമറ ചലിപ്പിച്ച ആനന്ദ് സി ചന്ദ്രനാണ് ഹെലെന്റെ സിനിമാറ്റോഗ്രഫി. സിനിമ സംഭവിക്കുന്ന സ്‌പേസ് എന്നത് നരേഷനോളം തന്നെ പ്രധാനമായ ചിത്രം ആനന്ദ് വൃത്തിയായി പകര്‍ത്തിയിട്ടുണ്ട്. ഷമീര്‍ മുഹമ്മദിന്റെ കട്ടുകളും നിലവാരമുള്ളതാണ്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ മലയാളത്തില്‍ അപൂര്‍വ്വമായി മാത്രമാണ് സംഭവിക്കാറ്. അതില്‍ പലതും പേരില്‍ മാത്രം അത്തരമൊരു വിശേഷണം പേറുന്നവയുമായിരിക്കും. എന്നാല്‍ ഹെലന്‍ അങ്ങനെയല്ല. പ്രീ-പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ വാഗ്ദാനം ചെയ്തത് നിറവേറ്റുന്നുണ്ട് കാഴ്ചാനുഭവത്തില്‍ ചിത്രം.