മനസാ വാചായുടെ റിവ്യു.

ദിലീഷ് പോത്തൻ വേറിട്ട വേഷത്തിലെത്തിയ ചിത്രമാണ് മനസാ വാചാ. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശ്രീകുമാര്‍ പൊടിയനാണ്. നര്‍മത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് മനസാ വാചാ. തിയറ്ററില്‍ കുടുംബത്തോടെ കണ്ടു രസിക്കാവുന്ന ചിത്രമായിരിക്കുന്നു മനസാ വാചാ.

വ്യത്യസ്‍തരായ ഒരു കൂട്ടം കള്ളൻമാരുടെ കഥയാണ് മനസാ വാചായുടേത്. ധാരാവി ദിനേശനാണ് അവരുടെ നേതാവ്. നല്ലവനായ ഒരു കള്ളനെന്ന് വിശേഷിപ്പിക്കാം ചിത്രത്തിലെ നായകനെ. മോഷണ മുതല്‍ റിട്ടയേര്‍ഡ് കള്ളൻമാര്‍ക്ക് കഥാ നായകൻ വീതിച്ചു നല്‍കാനും ശ്രദ്ധിക്കാറുണ്ട്.

മോഷ്‍ടിക്കുന്നതിനു മുമ്പ് ദിനേശൻ പൊലീസിനെ വിളിച്ച് പാട്ടു പാടി കേള്‍പ്പിക്കലും പതിവാണ്. മുംബൈയിലെ ധാരാവിയില്‍ നിന്ന് നാട്ടിലേക്ക് വരികയാണ് ദിനേശൻ. പ്രത്യേക ഒരു ആവശ്യത്തിനായി ദിനേശൻ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങുകയാണ്. കള്ളൻമാര്‍ക്കൊപ്പം ദിനേശൻ നടത്തുന്ന ശ്രമങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു.

രസകരമായ സംഭവങ്ങളിലൂടെയാണ് മനസാ വാചാ സിനിമ മുന്നേറുന്നത്. ഒരു ഘട്ടത്തിലും വിരസമാകാത്ത രീതിയില്‍ ചിത്രത്തില്‍ തമാശകള്‍ ചേര്‍ത്തിരിക്കുന്നു. തമാശയെങ്കിലും യുക്തിസഹവുമായിട്ടാണ് ദിലീഷ് പോത്തന്റെ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. തമാശയിലൂടെ മുന്നേറുമ്പോഴും കുറച്ച് ട്വിസ്റ്റുകളും ചിത്രത്തെ ആകര്‍ഷകമാക്കുന്നു.

സംവിധായകൻ ശ്രീകുമാര്‍ പൊടിയൻ നവാഗതനാണ്. നവാഗതന്റെ പതര്‍ച്ചകള്‍ ഒട്ടും അനുഭവപ്പെടാതെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നത് മജീദ് സയ്‍ദാണ്. മനസാ വാചയില്‍ രസകരമായ നിരവധി രംഗങ്ങള്‍ ഒരു ചരടില്‍ കോര്‍ത്തിണക്കാൻ മജീദ് സെയ്‍ദിന് സാധിച്ചിട്ടുണ്ട്.

രസകരമായ ഗെറ്റപ്പിലാണ് ദിലീഷ് പോത്തൻ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ശരീരചലനം കൊണ്ടും സംഭാഷണത്തിലെ താളത്താലും ചിത്രത്തില്‍ ചിരിപ്പിക്കാൻ ദീലീഷ് പോത്തന് സാധിച്ചിരിക്കുന്നു. ധാരാവി ദിനേശൻ എന്ന നായക കഥാപാത്രം ദിലീഷ് പോത്തൻ പ്രേക്ഷകനെ ഇഷ്‍ടപ്പെടുത്തുന്ന മാനറിസങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നു. വേഷപകര്‍ച്ചയില്‍ നായകൻ ദീലീഷ് പോത്തൻ ചിത്രത്തില്‍ വേറിട്ട ശൈലിയാണ് ചിരിപ്പിക്കാൻ സ്വീകരിച്ചിരിക്കുന്നത്.

സായ് കുമാര്‍, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരും മികച്ച വേഷത്തിലെത്തിയിരിക്കുന്നു. ശ്രീജിത്ത് രവിയും ദിലീഷ് പോത്തന്റെ ചിത്രത്തില്‍ മികച്ചതായിരിക്കുന്നു. ഛായാഗ്രാഹണം എല്‍ദോ ബി ഐസക്കാണ്. സുനില്‍ കുമാര്‍ പി കെയാണ് സംഗീതം നിര്‍വഹിച്ചിരിച്ചിരിക്കുന്നത്.

Read More: തമിഴ് നടൻ അജിത്ത് ആശുപത്രിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക