വീടിന്‍റെ സംരക്ഷണത്തെ മുൻനിർത്തിയും വീടിനെ കൂടുതൽ  മോടി പിടിപ്പിക്കാനുമാണ് റൂഫിങ് പൊതുവെ നടത്താറുള്ളത്. വീടിനുള്ളിലെ പോലെ തന്നെ റൂഫിങും മനോഹരമാക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹവും. എന്നാല്‍ റൂഫിങ് ചെയ്യുമ്പോൾ എന്തു മെറ്റീരിയൽ ഉപയോഗിക്കണം എന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം. വ്യത്യസ്തതരം ഷീറ്റുകൾ, ടൈലുകള്‍ എന്നിവയൊക്കെ ഉപയോഗിച്ച് റൂഫിങ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മെറ്റാലിക് ഷീറ്റുകൾ, സിറാമിക് ഓടുകൾ, ഷിംഗിൾസ് എന്നിവയാണ് പ്രധാനമായും റൂഫിങ്ങിനായി ഉപയോഗിക്കാറുള്ളത്. 

വീടിനെ കൂടുതല്‍ ഭംഗിയാക്കാന്‍ പലരും തെരഞ്ഞെടുക്കുന്ന ഒന്നാണ് സിറാമിക് ഓടുകൾ. ഓടൊന്നിന് തൊണ്ണൂറു രൂപ ശരാശരി വില വരുന്നതാണ് ഇവ.  അമിതായ ചൂട്  കുറയ്ക്കാനും ഇത് ഉപകരിക്കും എന്നത് മറ്റൊരു ഗുണമാണ്. കളിമണ്ണ്, സ്ലറി, കോൺക്രീറ്റ് പിഗ്‌മെന്റ് എന്നിവ യോജിപ്പിച്ച കോൺക്രീറ്റ് ടൈലുകളും ഇന്നു വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. പെട്ടന്ന് പൊട്ടി പോകുവാൻ സാധ്യതയുള്ള ഓടുകളാണ് സിറാമിക് ഓടുകൾ, ഇവ തെരഞ്ഞെടുക്കുമ്പോൾ ശരാശരി കനത്തിലും ഗുണത്തിലും ഉള്ളവ തെരഞ്ഞെടുത്തില്ലെങ്കിൽ ധനനഷ്ടമായിരിക്കും ഫലം. ചൂടിനെ ആഗിരണം ചെയ്യുന്നത് കൂടുതലാണ് എന്നതും ഇതിന്റെ ന്യൂനതയാണ്. മറ്റുള്ളവയെ അപേക്ഷിച്ച് പണച്ചെലവ് കുറവാണ് എന്നുള്ളതാണ് ഇവയുടെ ഗുണം. 

ഷിംഗിൾസ് എന്നത് പൊതുവേ ചിലവ് ചുരുങ്ങിയ റൂഫിങ് രീതിയാണ്. വിദേശരാജ്യങ്ങളിലാണ് ഇതു പ്രധാനമായും പ്രചാരത്തിലുളളത്. ചെരിച്ചു വാർത്ത വീടുകളുടെ മേൽക്കൂരയിലാണ് ഷിംഗിൾസ് ഒട്ടിക്കുന്നത്. കാഴ്ചയ്ക്ക് ഏറെ ആകർഷകമായ ഷിംഗിൾസ് വിവിധ ഡിസൈനുകളിൽ ലഭ്യമാണ്. കോംപാക്റ്റ് പോളികാർബണേറ്റ് ഷീറ്റുകളും റൂഫിങ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നു. വീടിന് ചേരുന്ന തരത്തിലുള്ള  റൂഫിങ് മെറ്റീരിയലുകൾ മാത്രമെ തെരഞ്ഞെടുക്കാവു. ഡിസൈൻ, നിറം എന്നിവയ്ക്കു ഇണങ്ങുന്ന തരത്തിലുള്ള റൂഫിങ് മെറ്റീരിയലുകളാണ്  ഉപയോഗിക്കുന്നതെങ്കിൽ മികച്ച ഭംഗിയുണ്ടാവും വീടിന്.