Asianet News MalayalamAsianet News Malayalam

'നിങ്ങളെ തിഹാര്‍ ജയിലിന്‍റെ സൂപ്രണ്ടന്‍റായല്ല നിയമിച്ചത്'; ജെഎന്‍യു വിസിക്കെതിരെ കെ കെ രാഗേഷ് എംപി

'ജെഎന്‍യു വൈസ് ചാന്‍സലറും അധികൃതരും ഒരു കാര്യം മനസിലാക്കണം. ഇത് ഹിന്ദു രാഷ്ട്രമല്ല, ജനാധിപത്യ രാഷ്ട്രമാണ്. അഭിപ്രായ സ്വാതന്ത്രം അടിച്ചമര്‍ത്തരുത്'

CPM mp kk Ragesh Slams JNU Vice Chancellor
Author
Delhi, First Published Nov 18, 2019, 12:42 PM IST

ദില്ലി: ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം എംപി കെ കെ രാഗേഷ്. താങ്കളെ തിഹാര്‍ ജയിലിന്‍റെ സൂപ്രണ്ടായല്ല  നിയമിച്ചിരിക്കുന്നത്, ജെഎന്‍യുവിന്റെ വി സി ആയാണെന്ന് മറക്കരുതെന്ന് രാഗേഷ് എംപി തുറന്നടിച്ചു. ജെഎന്‍യു ക്യാമ്പസ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെയാണ് രാഗേഷ് വൈസ് ചാന്‍സലര്‍ക്കതെിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

'എംപി ആയ എനിക്ക് ഇവിടെ വരാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‍സിറ്റി രജിസ്ട്രാറില്‍ നിന്നും ഒരു ഇ മെയില്‍ ലഭിച്ചിരുന്നു. ജെഎന്‍യു വൈസ് ചാന്‍സലറും അധികൃതരും ഒരു കാര്യം മനസിലാക്കണം. ഇത് ഹിന്ദു രാഷ്ട്രമല്ല, ജനാധിപത്യ രാഷ്ട്രമാണ്. അഭിപ്രായ സ്വാതന്ത്രം അടിച്ചമര്‍ത്തരുത്'- രാഗേഷ് എംപി തുറന്നടിച്ചു. 

അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു മൗലികാവകാശമാണ്. ഒരു വൈസ്താന്‍സലറ്‍ക്കും അത് തടയാനാവില്ല.  നിങ്ങള്‍ ജെ എന്‍ യുവിന്റെ വി സി ആയാണു നിയമിതനായത്, തിഹാര്‍ ജയിലിന്റെ സൂപ്രണ്ടായല്ല. അധികൃതരുടെ ജനാധിപത്യ വിരുദ്ധമായ സമീപനത്തെ വെല്ലുവിളിക്കാന്‍ തക്ക ധൈര്യമുള്ള സ്ഥാപനമാണിത്. അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രിക്കു പോലും ഈ കാമ്പസില്‍ കയറാന്‍ കഴിയില്ലായിരുന്നു. ഇതാണീ സര്‍വകലാശാലയുടെ പാരമ്പര്യം. 

കേന്ദ്ര സര്‍ക്കാര്‍ ഇവിടെ നടപ്പിലാക്കുന്നത് അംബാനി-ബിര്‍ളമാരുടെ ശുപാര്‍ശകളാണ്. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നതായിരിക്കും ഈ സമിതിയുടെ അടുത്ത നിര്‍ദ്ദേശം. അതുകെണ്ടാണ് വിസി ഇത്തരത്തില്‍  ജനാധിപത്യ വിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നത്. നമ്മുടെ ജനാധിപത്യം ഭീഷണിയിലാണ്. സമ്പന്ന വര്‍ഗത്തിന് വേണ്ടിയുള്ള സര്‍വകലാശാലയാക്കാനാണ് ഇവിടെ ശ്രമങ്ങള്‍ നടക്കുന്നത്. ആ നീക്കം ചെറുക്കമെന്ന് എംപി പറഞ്ഞു.  വിഷയം ഞങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കെകെ രാഗേഷ് എംപി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി.

Follow Us:
Download App:
  • android
  • ios