വീട്ടിനുള്ളില്‍ ഒരുപാട് സമയം കഴിയുമ്പോഴേക്ക് മടുപ്പും വിരസതയും അനുഭവപ്പെട്ട് പുറത്തേക്കിറങ്ങാൻ വെമ്പുന്നവരാണ് അധികപേരും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ചൂടോ വിയര്‍പ്പോ പോലുള്ള കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാതെ തന്നെ വീട്ടിനകത്ത് ഈ വിങ്ങല്‍ തോന്നുന്നുവെങ്കില്‍ അത് വീട്ടിനുള്ളില്‍ പോസിറ്റീവായ ഒരന്തരീക്ഷം ഇല്ല എന്നതിനാലാണ്.

എങ്ങനെയാണ് വീട്ടിനകം പോസിറ്റീവ് ആക്കുക? ഇതിന് എന്തെല്ലാം ചെയ്യാം? അധികം പണച്ചെലവില്ലാതെ തന്നെ നിങ്ങളുടെ മനോഭാവത്തിലും പെരുമാറ്റത്തിലും പ്രവര്‍ത്തികളിലും വരുത്താവുന്ന മാറ്റങ്ങളാണ് ഏറെയും.

ഇൻഡോര്‍ പ്ലാന്‍റ്സ്...

വീട്ടിനകത്തും ചെടികള്‍ വയ്ക്കുന്നത് വീടിന്‍റെ ആകെ അന്തരീക്ഷത്തെ തന്നെ മാറ്റും. അതിനാല്‍ ഇക്കാര്യം നിങ്ങള്‍ക്ക് തീര്‍ച്ചയായും പരീക്ഷിച്ചുനോക്കാവുന്നതാണ്.

നിറങ്ങള്‍...

വീടിനകത്ത് ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകള്‍, മറ്റ് അലങ്കാരവസ്തുക്കള്‍ എന്നിവ തെരഞ്ഞെടുക്കുമ്പോള്‍ കുറെക്കൂടി നിറങ്ങളുള്‍പ്പെടുത്താൻ ശ്രമിക്കാം. കടുംനിറങ്ങളൊഴിവാക്കി 'വാം' ആയ നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. ഇതെല്ലാം വീട്ടിലുള്ളവരുടെ അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്. 

ആര്‍ട്ട് വര്‍ക്കുകള്‍...

വീടിനകത്ത് യോജിക്കുംവിധത്തിലുള്ള ആര്‍ട്ട് വര്‍ക്കുകള്‍ (പെയിന്‍റിംഗുകള്‍) ഉള്‍പ്പെടുത്താൻ ശ്രമിക്കാം. ഇതും വീടിന്‍റെ ആകെ ലുക്കിനെയും വീട്ടിനകത്തുള്ളവരുടെ മാനസികാവസ്ഥയെയും സ്വാധീനിക്കും. 

വെളിച്ചം...

വീടിനകത്ത് മനോഹരമായി ലൈറ്റിംഗ് ചെയ്യുന്നതെല്ലാം ഉചിതം തന്നെ. എന്നാല്‍ പുറത്തുനിന്നുള്ള വെളിച്ചം വേണ്ടത്ര വീട്ടിനകത്തേക്ക് കിട്ടേണ്ടത് പ്രധാനമാണ്. ഇതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും കണ്ടെത്തണം. ഇത് വീട്ടിലാകെ പോസിറ്റിവിറ്റി നിറയ്ക്കുന്നതിന് സഹായിക്കാം.

സുഗന്ധദ്രവ്യങ്ങള്‍...

വീടിനകം പോസിറ്റീവായ അന്തരീക്ഷമാക്കി മാറ്റുന്നതില്‍ ഗന്ധങ്ങള്‍ക്കും വലിയ പങ്കുണ്ട്. അതിനാല്‍ കഴിയുന്നതും ഇഷ്ടപ്പെടുന്ന സുഗന്ധദ്രവ്യങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുക. ചന്ദനത്തിരിയോ ഊദോ എസൻഷ്യല്‍ ഓയിലുകളോ അങ്ങനെയെന്തും.

ഓര്‍ഗനൈസിംഗ്...

വീടിനകത്ത് എപ്പോഴും തുണികളോ മറ്റ് സാധനങ്ങളോ അടുക്കും ചിട്ടയുമില്ലാതെ പരന്നും കൂടിയും കിടക്കുന്നത് വീട്ടിനകത്ത് ഇരിക്കാൻ തോന്നാത്ത മാനസികാവസ്ഥയിലേക്ക് നയിക്കും. അതിനാല്‍ വീടിനകം എപ്പോഴും ഒരുക്കി നല്ലതായി കൊണ്ടുനടക്കാൻ ശ്രദ്ധിക്കുക. ഇതിന് ഓര്‍ഗനൈസറുകളും ഷെല്‍ഫുകളും മറ്റും നല്ലരീതിയില്‍ ഉപയോഗിക്കാവുന്നതാണ്.

വീടൊരുക്കല്‍...

വീടനകം ഭംഗിയാക്കുന്നതില്‍ കര്‍ട്ടൺ, സെറ്റിയിലെ കുഷിനുകള്‍, റഗ്ഗുകള്‍,  ബ്ലാങ്കറ്റ്, ടേബിള്‍ ക്ലോത്ത് എന്നിവയ്ക്കെല്ലാം വലിയ പങ്കുണ്ട്. കഴിയുന്നതും വീടിന് അനുയോജ്യമായ രീതിയില്‍ ഭംഗിയായി ഇവ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കുക.

സ്നേഹത്തിന്‍റെ അടയാളങ്ങള്‍...

വീടെന്നാല്‍ നമ്മുടെ സ്വകാര്യമായ ഇടമാണ്. അതിന്‍റെ സ്വകാര്യതയും അതിലുള്ള സന്തോഷവും എപ്പോഴും നിലനിര്‍ത്തുന്നതിന് അത്തരത്തിലുള്ള അടയാളങ്ങളും വീട്ടില്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കാം. കുടുംബത്തിനൊപ്പമുള്ള മനോഹരമായ ഫോട്ടോകള്‍ വാളില്‍ തൂക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. കുട്ടികളുടെ പെയിന്‍റിംഗുകള്‍, പ്രിയപ്പെട്ടവര്‍ തന്ന സമ്മാനങ്ങള്‍ എല്ലാം ഇത്തരത്തില്‍ ഭംഗിയായി ഒരുക്കാം.