വീട് പണിയുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഡ്രൈയ്നേജ്. ഇതിൽ വരുന്നതാണ് സെപ്റ്റിക് ടാങ്കും സോക്‌പിറ്റും. അടുക്കളയിൽ നിന്നും ബാത്ത്റൂമിൽ നിന്നുമൊക്കെയുള്ള അഴുക്കു വെള്ളം ഒരിക്കലും സെപ്റ്റിക് ടാങ്കിലേക്ക് വിടരുത്.

സോക്‌പിറ്റിലേക്കുള്ള പൈപ്പുകൾ ചരിച്ചു വേണം വയ്ക്കാൻ. അതിൽത്തന്നെ എയർ പോകാനുള്ള പൈപ്പുകളും കൂടി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കിണറിൽ നിന്നും കുറഞ്ഞത് എട്ടു മീറ്ററെങ്കിലും അകലത്തിലായിരിക്കണം സെപ്റ്റിക് ടാങ്ക് നിർമ്മിക്കേണ്ടത്. സോക് പിറ്റുകളുടെ അകലം കിണറിൽ നിന്നും 15 മീറ്റർ വിട്ട് വേണം ചെയ്യുവാൻ.

വീടിന്റെ പ്ലംബിങ് ലൈൻ ജോലികൾ തുടങ്ങുന്നതിനു മുൻപ് സെപ്റ്റിക് ടാങ്കിന്റെയും സോക് പിറ്റുകളുടെയും സ്ഥാനം നിർണയിച്ച ലേ ഔട്ട് പ്ലാൻ തയാറാക്കി വാങ്ങണം. പിന്നീടുണ്ടാകാവുന്ന സർവീസ് ജോലികൾക്ക് ഈ ലേ ഔട്ട് പ്ലാൻ ഏറെ സഹായകരമാകും. സെപ്റ്റിക് ടാങ്കിന്റെ നിർമാണത്തിന് ബലമുള്ള കട്ടകളും, കോൺക്രീറ്റുമാണ് ഉപയോഗിച്ചുവന്നിരുന്നത്.

 ചുറ്റുമുള്ള മണ്ണിലെ ഈർപ്പവും, ഊറ്റുറവയുടെ സാന്നിധ്യവും നിമിത്തം ഇത്തരം സെപ്റ്റിക് ടാങ്കുകൾ കാലപ്പഴക്കത്തിൽ ഉപയോഗശൂന്യമായി മാറുകയും ചെയ്തപ്പോഴാണ് റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകളുടെ ഉപയോഗം വർധിച്ചത്. ഏതാണ്ട് പന്ത്രണ്ട് അടി നീളവും നാലടി വീതിയും നാലടി താഴ്ചയുമുള്ള കുഴിയിൽ ചെലവ് കുറച്ച് ആയാസം കൂടാതെ ഇത്തരം റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കാമെന്നുള്ളതിനാൽ ജനപ്രിയത ഏറെയാണ്.

ഡ്രൈനേജ് സൗകര്യം കൃത്യമായി പരിശോധിച്ചു ഉറപ്പ് വരുത്തുന്നതിൽ അലംഭാവം കാണിക്കരുത്. പലപ്പോഴും വീടുകളിൽ താമസം തുടങ്ങിയ ശേഷമായിരിക്കും ഈ പ്രശ്നം ശ്രദ്ധയിൽ പെടുന്നത്. അതിനാൽ ഡ്രൈനേജ് സംവിധാനം നേരത്തെ പരിശോധിക്കുക. ഒപ്പം വെള്ളക്കെട്ടുള്ള പ്രദേശമാണോ അല്ലയോ എന്നുകൂടി ചിന്തിക്കുക.