വീടിന്റെ ചുവരുകളെ അലങ്കരിക്കുന്നത് ഇപ്പോഴത്തെ ട്രെന്‍റാണ്. ഇതിനായി വാള്‍പേപ്പര്‍ മുതല്‍ ഫോട്ടോ ഗാലറി വരെ ഉപയോഗിക്കാം. വീട് വീണ്ടും പെയിന്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് വാള്‍പേപ്പര്‍ നല്ലൊരു ഓപ്ഷനാണ്. വീടിന്റെ മുഴുവനായുള്ള തീമിന് ഇണങ്ങിയ വാള്‍ പേപ്പറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഓരോ മുറികള്‍ക്കും അനുയോജ്യമായ തീമിലുള്ള വാള്‍പേപ്പറുകള്‍ തെരഞ്ഞെടുക്കാം. കുട്ടികളുടെ മുറികള്‍ക്ക് കാര്‍ടൂണ്‍ ചിത്രങ്ങള്‍ ഉള്ള വാള്‍പേപ്പര്‍ വാങ്ങാം.

കിടപ്പുമുറിയില്‍ ഇളം നിറങ്ങളിലുള്ള വാള്‍പേപ്പറുകള്‍ തിരഞ്ഞെടുക്കാം. വെള്ളത്തിന്റെ സാന്നിധ്യം കൂടുതലായുള്ള അടുക്കള, ടോയ്‌ലറ്റ് എന്നിവടങ്ങളില്‍ വാള്‍പേപ്പര്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. ഒരു മുറിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമരിലായിരിക്കണം വാള്‍പേപ്പറുകള്‍ പതിക്കാന്‍. വാള്‍പേപ്പര്‍ ഇടയ്ക്കിടെ മാറ്റുന്നതും വീടിന്‍റെ പുതുമയെ നിലനിര്‍ത്താന്‍ സഹായിക്കും.

വീടിന്‍റെ ചുവരുകളെ മനോഹരമാക്കാന്‍ ഫോട്ടോ ഗാലറി സഹായിക്കും. ഒരു ഗാലറി വാള്‍  തന്നെ ഇതിനായി മാറ്റിവയ്ക്കാം. നല്ല ചിത്രങ്ങളും, കുടുംബ ഫോട്ടോകളുമൊക്കെ ഇതിനായി ഉപയോഗിക്കാം. ചുവരില്‍ നല്ല ആന്റിക് ലുക്ക് തരുന്ന വസ്തുക്കള്‍ വയ്ക്കുന്നതും വീടിനെ മനോഹരമാക്കാന്‍ സഹായിക്കും.