ഒരു വീട് നിര്‍മിക്കുമ്പോള്‍ എന്തെല്ലാം കാര്യത്തിലാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്? ആ ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടെങ്കിലും വീടിന്‍റെ വൈദ്യുതീകരണിന് അല്‍പ്പം കൂടെ ഊന്നല്‍ നല്‍കണം. വീടിന്റെ വൈദ്യുതീകരണം ഏറ്റവും പ്രധാന്യവും സുരക്ഷ ഉറപ്പാക്കണ്ടതുമായ കാര്യമാണ്. കൃത്യമായ പ്ലാനിംഗും ഇലക്ട്രിക്കല്‍ കാര്യങ്ങളെ പറ്റിയുള്ള അറിവും വീടിന് വയറിങ് നടത്തുമ്പോള്‍ ഉണ്ടായിരിക്കണം. വീട് നിർമാണം തുടങ്ങി മേല്‍ക്കൂര വാർക്കുമ്പോഴാണ്  വൈദ്യുതീകരണ ജോലികള്‍ക്ക് തുടക്കമാവുന്നത്. മേല്‍ക്കൂര വാര്‍ക്കുന്നതിന് മുമ്പ് തന്നെ ഓരോ ലൈറ്റ് പോയിന്‍റുകളും നിശ്ചയിക്കണം. എന്നാല്‍ മാത്രമെ വീട് വാർക്കുന്ന സമയത്ത് അതിനനുസരിച്ചുള്ള പൈപ്പുകള്‍ കോണ്ക്രീറ്റിനുള്ളിലൂടെ ഇട്ടുവെക്കാൻ സാധിക്കൂ. വീടിന്റെ ഭംഗിക്കും സുരക്ഷാ മുൻകരുതലിനും ഇതാണ് നല്ലത്.  സര്‍ക്യൂട്ട് പൈപ്പുകളും കഴിയുന്നത്ര കോണ്ക്രീറ്റിലൂടെ തന്നെ കൊടുക്കുന്നതാണ്  ഇന്നത്തെ നിർമാണ രീതി. നേരത്തെ ഫാന്‍ പോയിന്‍റിലേക്കുള്ള പൈപ്പുകളാണ് കൂടുതലും ഈ രീതിയില്‍ നല്‍കിയിരുന്നത്.തേക്കാത്ത ചുവരുകള്‍ക്കും ഇന്‍റര്‍ലോക് ഇഷ്ടിക ഉപയോഗിച്ച് പണിയുന്ന വീടുകള്‍ക്കും  ചുവരിന് പുറത്തുകൂടിയാണ് സാധാരണ വയറിംഗ് ചെയ്യാറുള്ളത്.  ചുവരിന് പുറത്തുകൂടെ ആയതിനാല്‍ തന്നെ ഭംഗിയും പ്രധാനമാണ് . ഇതിന് ചെയ്യാൻ സാധിക്കുന്നത് അര ഇഞ്ച് മുതല്‍ വലുപ്പത്തില്‍ പരന്ന രൂപത്തിലുള്ള പി വി സി പൈപ്പുകൾ ഉപയോഗിക്കുകയെന്നതാണ്. സീലിങ്ങിലൂടെ പൈപ്പ് ഇടുകയാണെങ്കില്‍ വയറിന്റെ നീളവും ചെലവും പരമാവധി കുറയ്ക്കാന്‍ കഴിയും.

20 മില്ലി മീറ്റര്‍ മുതല്‍ 25 മില്ലി മീറ്റര്‍ വരെ വ്യാസമുള്ള പിവിസി പൈപ്പുകളാണ് വയറിങ്ങിന് ഉപയോഗിക്കേണ്ടത്. 1.5 സ്‌ക്വയര്‍ മില്ലി മീറ്റര്‍ കട്ടിയുള്ളതാവണം സാധാരണ വയറിങ്ങിനുള്ള വയറുകള്‍. പവര്‍ പ്ലഗാണെങ്കില്‍ 2.5 സ്‌ക്വയര്‍ മില്ലി മീറ്റര്‍. കൂടുതല്‍ ലോഡ് വേണ്ടി വരുന്ന ഉപകരണങ്ങള്‍ വീട്ടിലുണ്ടെങ്കില്‍( ഉദാഹരണം, എ സി, ഹീറ്റർ പോലുള്ള ഉപകരണങ്ങൾ)  നാല് സ്‌ക്വയര്‍ മില്ലി മീറ്റര്‍ വയര്‍ വേണം. ഐഎസ്ഐ മുദ്രയുള്ള സ്ട്രാൻടഡ് കോപ്പര്‍ വയര്‍ ഉപയോഗിക്കുന്നതാണ് വൈദ്യുതീകരണത്തിന് ഏറ്റവും നല്ലത്.