തിരുവനന്തപുരം: ട്രഷറി സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ഇനി എടിഎം കാര്‍ഡുകളും. ഫെഡറല്‍ ബാങ്കുമായി ചേര്‍ന്നാണ് ട്രഷറി വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. 11 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉള്‍പ്പെടെ ട്രഷറി സേവിങ്സ് അക്കൗണ്ട് ഉടമകളായ എല്ലാവര്‍ക്കും എടിഎം സേവനം ലഭ്യമാകും. 

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറിയില്‍ നിലനിര്‍ത്തുന്ന പരിഷ്കാരത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് എടിഎം സംവിധാനം ഒരുക്കുന്നത്. ടിഎസ്ബി, ഫെഡറല്‍ ബാങ്ക് എന്നീ പേരുകള്‍ രേഖപ്പെടുത്തിയ കോ -ബ്രാന്‍ഡഡ് കാര്‍ഡാണ് വകുപ്പ് വിതരണം ചെയ്യുക. ഇതോടെ ട്രഷറി ശാഖകളില്‍ നേരിട്ട് എത്താതെ തന്നെ ഗുണഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം. 

നിലവില്‍ 13 ലക്ഷം ട്രഷറി സേവിങ്സ് അക്കൗണ്ടുകളാണ് ഇപ്പോഴുളളത്. ശരാശരി എസ്ബി പലിശ നാല് ശതമാനമാണ്. എന്നാല്‍, ജീവനക്കാരുടെ എസ്ബി സേവിങ്സുകള്‍ക്ക് വകുപ്പ് ആറ് ശതമാനം പലിശയാണ് നല്‍കി വരുന്നത്.