ദില്ലി: രാജ്യത്തെ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് കൈയ്യില്‍ ലഭിക്കുന്ന ശമ്പളത്തില്‍ വര്‍ധനവ് വരാന്‍ സാധ്യത. ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് വിഹിതം കുറവുവരുത്താനുള്ള തീരുമാനം വരുന്നതോടെയാണ് ഇത്. ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ജീവനക്കാരുടെ പ്രോവിഡന്‍ ഫണ്ട് വിഹിതം 12 ശതമാനമാണ്.

വിവിധ ജോലിസ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ച് ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് വിഹിതം 9ശതമാനം മുതല്‍ 12 ശതമാനം വരെ ആക്കുവനാണ്  സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ ആലോചനകള്‍ നടക്കുന്നത് എന്ന് ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ജീവനക്കാരുടെ വിഹിതം കുറച്ചാലും തോഴില്‍ദാതാവ് അടയ്ക്കേണ്ട പിഎഫ് വിഹിതം 12 ശതമാനം തന്നെയായിരിക്കും.

ഈ നിര്‍ദേശങ്ങള്‍ അടങ്ങുന്ന സോഷ്യല്‍ സെക്യൂരിറ്റി കോഡ് ബില്‍ 2019 ഈ ആഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. എന്നാല്‍ താല്‍കാലികമായി ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിക്കുമെങ്കിലും ഇത് ഭാവിയില്‍ ജീവനക്കാര്‍ പ്രതികൂലമായി ബാധിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. റിട്ടയര്‍മെന്‍റ് നിക്ഷേപത്തില്‍ ഈ തീരുമാനം വലിയ കുറവ് വരുത്താന്‍ ഇടയാക്കും.