ദില്ലി: രാജ്യത്തെ എല്ലാവർക്കു 2020 ഓടെ സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതിയിൽ ഇതുവരെ 1.10 കോടി വീടുകൾ നിർമ്മിച്ചതായി കേന്ദ്രസർക്കാർ. 2022 ഓടെ 2.95 കോടി കുടുംബങ്ങൾക്ക് വീട് എന്നാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യം. 

കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്‍റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലൂടെ അർഹരായ ആളുകളെ കണ്ടെത്തിയ ശേഷമാണ് വീട് നിർമ്മാണം നടത്തിയത്. പുതുതായി വീട് ലഭിച്ചവരിൽ 1.46 ലക്ഷം പേർ ഭൂരഹിതരായിരുന്നുവെന്നും സർക്കാർ കണക്ക് പറയുന്നു.

ഒരു വീട് നിർമ്മിക്കാനുള്ള ശരാശരി സമയം 114 ദിവസത്തിലേക്ക് കുറഞ്ഞതായും കേന്ദ്രം പറഞ്ഞു. നേരത്തെ ഇത് 314 ദിവസമായിരുന്നു. ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം 2014 ന് ശേഷം 72 ലക്ഷം വീടുകളും നിർമ്മിച്ചിട്ടുണ്ട്. ഇതോടെ ആകെ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ എണ്ണം 1.82 കോടിയായി മാറി.

പദ്ധതി പാവപ്പെട്ടവർക്ക് വീട് മാത്രമല്ല ലഭ്യമാക്കിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആളുകൾക്ക് 90 മുതൽ 95 ദിവസം വരെ തൊഴിലും ലഭിച്ചു. ഈ വീടുകൾക്ക് നിലവിലെ ഊർജ്ജ മന്ത്രാലയത്തിലെ പദ്ധതികളുടെ അടിസ്ഥാനത്തിൽ വൈദ്യുതിയും പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരം എൽപിജി കണക്ഷനും ലഭ്യമാക്കി.