മുംബൈ: രാജ്യത്തെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി നേരിയ തോതിൽ വർധിക്കാൻ സാധ്യതയെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്. 2020 സെപ്തംബറോടെ ഇത് 9.9 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തൽ. 2019 സെപ്തംബറിൽ ഇത് 9.3 ശതമാനമായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം നിലവിൽ 12.7 ശതമാനമാണ്. അത് അരശതമാനം വർധിച്ച് 13.2 ശതമാനത്തിലെത്തും. സ്വകാര്യ ബാങ്കുകളുടേത് 3.9 ശതമാനത്തിൽനിന്ന് 4.2 ശതമാനമാകും. 

വായ്പാ വിതരണം വർധിക്കാത്തതും ഇന്ത്യയിലെ സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശബാങ്കുകളുടെ കാര്യത്തിലും കിട്ടാക്കടം
ഉയരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. നിലവിലെ 2.9 ശതമാനത്തിൽ നിന്ന് 3.1 ശതമാനത്തിലേക്ക് എത്തും. രാജ്യത്ത് 24 ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി അഞ്ച് ശതമാനത്തിൽ താഴെയും
നാലെണ്ണത്തിന്റേത് 20 ശതമാനത്തിന് മുകളിലുമാണ്. ഇതാണ് മൊത്തം കിട്ടാക്കടത്തിന്റെ ശരാശരി തോത് ഉയരാൻ കാരണം.