ദില്ലി: അടുത്ത സാമ്പത്തിക വർഷം സാമ്പത്തിക വളർച്ച 6 മുതൽ 6.5 ശതമാനം വരെയായിരിക്കുമെന്ന് പ്രവചിച്ച് സാമ്പത്തിക സർവേ. ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക സർവേ പാർലമെന്‍റിന്‍റെ മേശപ്പുറത്ത് വച്ചു. കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ രാജ്യം ഉഴലുമ്പോഴാണ് വളർച്ചാ നിരക്ക് കൂടുമെന്ന് സാമ്പത്തിക സർവേ പ്രവചിക്കുന്നത്. 

ഈ വർഷം, ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2019 ജൂലൈയിൽ ജിഡിപി 7 ശതമാനമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടിയിരുന്നതെങ്കിലും, ഇതിനടുത്ത് എത്താൻ പോലും കഴിഞ്ഞില്ല. ഐഎംഎഫിന്‍റെ വിലയിരുത്തലിൽ നടപ്പ് സാമ്പത്തിക വർഷം ജിഡിപി വളർച്ചാ നിരക്ക് 4.8 ശതമാനം മാത്രമായിരുന്നു. 

ധനമന്ത്രാലയത്തിൽ നിന്ന് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സംഘം സാമ്പത്തിക ശാസ്ത്ര വിദഗ്ധർ ചേർന്നാണ്, എക്കണോമിക് സർവേ തയ്യാറാക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി കുത്തനെ താഴോട്ട് പോയത് മുന്നോട്ടു കുതിക്കാനുള്ള തുടക്കമാണെന്നാണ് സാമ്പത്തിക സർവേ കണക്കുകൂട്ടുന്നത്. ''ധനസ്ഥിതി മെച്ചപ്പെടുത്തൽ'' എന്നതാകും ഇത്തവണ സാമ്പത്തിക സർവേയുടെ പ്രധാന ഊന്നൽ.

''ലോകത്തിനായി ഇന്ത്യയിൽ ഒത്തുകൂടാം'' എന്നതാണ് പ്രധാന പോളിസി നിർദേശം. ഉദ്പാദനരംഗത്ത് വളർച്ച കൈവരിക്കുകയാണ് ലക്ഷ്യം. കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ഉദ്പാദന മേഖലകൾ വികസിപ്പിക്കാനും സാമ്പത്തിക സർവേ ലക്ഷ്യമിടുന്നു.

എന്തുകൊണ്ടാണ് സാമ്പത്തിക മാന്ദ്യം രാജ്യത്തുണ്ടായതെന്ന് സർവേ പരിശോധിക്കുന്നു. വിലക്കയറ്റം തടയാൻ രൂപീകരിച്ച വഴികൾ ഫലം കണ്ടോ എന്ന് സർവേ വിലയിരുത്തുന്നു. ബിസിനസ് രംഗത്തിനായി നൽകിയ ഊന്നൽ നടപടികൾ വിജയിച്ചോ എന്നും പരിശോധിക്കുന്നു. 

പൊതുമേഖലാബാങ്കുകളിൽ ശക്തമായ പരിഷ്കാരങ്ങൾ സാമ്പത്തിക സർവേ ശുപാർശ ചെയ്യുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിവരശേഖരണം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വഴി കൈകാര്യം ചെയ്യുന്നത് സുരക്ഷ വർദ്ധിപ്പിക്കുമെന്നും കൂടുതൽ മികച്ച രീതിയിൽ ബാങ്കിംഗ് വിവരങ്ങൾ കൈകാര്യം ചെയ്യാനാകുമെന്നും സർവേ പറയുന്നു. 

കഴിഞ്ഞ സാമ്പത്തിക വർഷം ജൂലൈ - സെപ്റ്റംബർ പാദത്തിൽ സാമ്പത്തിക വളർച്ച 4.5 ശതമാനമായി ഇടിഞ്ഞിരുന്നു. 2013-ന് ശേഷമുള്ള ഏറ്റവും കുറവ് വളർച്ചാനിരക്കാണിത്. വിപണി മാന്ദ്യത്തിലായതും നിക്ഷേപം കുറഞ്ഞതും തന്നെയായിരുന്നു പ്രധാന കാരണം.

ഈ വർഷം ആദ്യപാദം, ജിഡിപി വളർച്ചാ നിരക്ക് 5 ശതമാനമായി കൂടുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഇതേസമയത്ത്, അതായത്, 2018- 2019 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ ജിഡിപി വളർച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു.

വളർച്ചാ നിരക്ക് കുറഞ്ഞതിലൂടെ പ്രതിസന്ധിയിലായ സർക്കാർ, കോർപ്പറേറ്റ് ടാക്സ് ഉൾപ്പടെയുള്ള നികുതികൾ വെട്ടിക്കുറച്ചെങ്കിലും അത് വലിയ രീതിയിൽ ഫലം കണ്ടില്ല. ഇനി നാളെ അവതരിപ്പിക്കാനിരിക്കുന്ന പൊതുബജറ്റിൽ, വിപണിയിലെ മാന്ദ്യം അകറ്റാൻ നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന വഴികളെന്തെന്ന് കാത്തിരുന്നു കാണണം.