ദില്ലി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പൊതുമേഖല സ്ഥാപനങ്ങളുടെ പ്രതാപകാലത്തിന് അവസാനം കുറിച്ചേക്കുമെന്ന് സൂചന. പൊതുമേഖല കമ്പനികൾ പരമാവധി വിറ്റൊഴിയാനും പല പൊതുമേഖല കമ്പനികൾ നിലവിലുണ്ടെങ്കിൽ അവയെ ലയിപ്പിച്ചും വിറ്റൊഴിച്ചും എണ്ണം കുറയ്ക്കാനുമുള്ള തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ എത്തുന്നു എന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നുത്. 

ഏതൊക്കെ മേഖലകളിൽ പൊതുമേഖലാസ്ഥാപനങ്ങൾ വേണമെന്നതിൽ പ്രത്യേക പ്രഖ്യാപനം വരുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. 
പ്രതിരോധം, ഊർജം, ഇന്ധനം, ബാങ്കിംഗ് അടക്കമുള്ള തന്ത്രപ്രധാനമേഖലകളിൽ ഒരു പൊതുമേഖലാ സ്ഥാപനം വേണമെന്നതാണ് സർക്കാരിൻ്റെ പുതിയ നയം. അതോടൊപ്പം തന്നെ സ്വകാര്യ കമ്പനികളും ഉണ്ടാവണം എന്നാണ് കേന്ദ്രസർക്കാർ നിർദേശിക്കുന്നത്. 

തന്ത്രപ്രധാനമേഖലയിൽ പരമാവധി നാല് പൊതുമേഖലാ സ്ഥാപനം മാത്രമേ ഉണ്ടാവുകയുള്ളൂ. അതിൽക്കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവ തമ്മിൽ ലയിപ്പിക്കുകയോ അല്ലെങ്കിൽ സ്വകാര്യമേഖലയ്ക്ക് കൈമാറുകയോ ചെയ്യും. ഉദാഹരണത്തിന് പെട്രോളിയം മേഖലയിൽ നാലിലധികം പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കിൽ അവയുടെ എണ്ണം കുറയ്ക്കും. ഇതിനായി ഏതെല്ലാമാണ് തന്ത്രപ്രധാനമേഖലകൾ, ഏതെല്ലാമാണ് അവ അല്ലാത്തത് എന്ന് വിഭജിക്കും. ഇതിനു ശേഷമായിരിക്കും പൊതുമേഖലസ്ഥാപനങ്ങളുടെ വിറ്റൊഴിക്കലും ലയിപ്പിക്കലും എങ്ങനെ വേണമെന്ന കാര്യത്തിൽ വ്യക്തത വരൂ.