ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 4.5 ശതമാനം ഇടിവുണ്ടാകുമെന്ന് ഐഎംഎഫ്(ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) റിപ്പോർട്ട്. എന്നാൽ 2021 ൽ അതിശക്തമായി ഇന്ത്യ തിരിച്ചുവരുമെന്നും ആറ് ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തുമെന്നും റിപ്പോർട്ട് പറയുന്നു. 2020 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.9 ശതമാനമായിരുന്നു.

കൊവിഡിനെ തുടർന്ന് ആഗോള തലത്തിൽ തന്നെ സാമ്പത്തിക രംഗത്ത് വൻ തിരിച്ചടി നേരിടും. 4.9 ശതമാനത്തിന്റെ ഇടിവാണ് ഐഎംഎഫ് പ്രവചിക്കുന്നത്. 2020 ലെ ആദ്യത്തെ ആറ് മാസത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ തിരിച്ചടിയാണ് സാമ്പത്തിക രംഗത്ത് ഉണ്ടായത്. ആഗോളതലത്തിൽ 2021 ൽ 5.4 ശതമാനം വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്.

ചരിത്രത്തിൽ ആദ്യമായി ലോകത്തെ എല്ലാ മേഖലയിലും സാമ്പത്തിക തിരിച്ചടി നേരിടുന്ന വർഷം കൂടിയാവും 2020. അതേസമയം വൈറസിന്റെ ഉറവിടമായ ചൈനയിൽ 2020 ൽ ഒരു ശതമാനം വളർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.