മുംബൈ: ആഭ്യന്തര ഇക്വിറ്റി വിപണിയിൽ ഇന്ന് ഇന്ത്യൻ രൂപയുടെ കരുത്ത് വർധിച്ചു. മാർച്ച് 19 ന് ശേഷം ആദ്യമായി ആഭ്യന്തര കറൻസി ഡോളറിനെതിരെ 75 ന് താഴേക്ക് എത്തി. 

യുഎസ് ഡോളറിനെതിരെ രൂപ 74.64 എന്ന നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഇന്നലെത്തെ ക്ലോസിം​ഗായ 75.01 ൽ നിന്ന് 0.50 ശതമാനത്തിന്റേതാണ് മൂല്യത്തിലെ വർധന. 74.59 ൽ ആരംഭിച്ച വ്യാപാരം ഒരു ഘട്ടത്തിൽ 74.58 എന്ന ഉയർന്ന നിരക്കിലും 75.02 എന്ന താഴ്ന്ന നിലയിലും എത്തി. ഏഷ്യൻ കറൻസികളിൽ ഏറ്റവും കൂടുതൽ നേട്ടം ഈ ആഴ്ച സ്വന്തമാക്കിയത് ഇന്ത്യൻ രൂപയാണ്. 

വാക്സിൻ പരിശോധനാ ഫലങ്ങൾ പ്രോത്സാഹിപ്പിച്ച നടപടികളെ തുടർന്ന് വിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ടെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. ആഭ്യന്തര ഇക്വിറ്റികളുടെ പോസിറ്റീവ് പ്രകടനം, അസംസ്കൃത എണ്ണവിലയിലെ ചാഞ്ചാട്ടം ഒഴിവായി നിൽക്കുന്നത്, യുഎസ് കറൻസിയുട‌െ പ്രകടനം എന്നിവയും രൂപയെ പിന്തുണച്ചു.

“നീണ്ടുനിൽക്കുന്ന യുഎസ്-ചൈന വ്യാപാര യുദ്ധം ആധിപത്യം പുലർത്തുന്നുണ്ട്, ഏഷ്യൻ വ്യാപാരത്തിൽ ഡോളറിന്റെ സുരക്ഷിതമായ ആവശ്യത്തിന്മേൽ കുറച്ച് സമ്മർദ്ദം ചെലുത്തുകയും 74.50 ന് ശക്തമായ പിന്തുണയായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം, 75 ന് മുകളിലുള്ള സ്ഥിരമായ വ്യാപാരം വില 75.50 ലേക്ക് വരെ രൂപയെ നയിച്ചേക്കാം. എമ്‌കെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസിന്റെ കറൻസി റിസർച്ച് മേധാവിയായ രാഹുൽ ഗുപ്ത പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റിനോട് അഭിപ്രായപ്പെട്ടു.