തിരുവനന്തപുരം: കേരളത്തിത്തിന്‍റെ  അടിസ്ഥാനസൗകര്യമേഖലയിൽ   നൂതനമായ ആശയങ്ങളുടെ പ്രാരംഭ ഘട്ടമെന്നനിലയിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) മൊബൈൽ ക്വാളിറ്റി മാനേജ്മെന്‍റ് യൂണിറ്റ് അഥവാ ഓട്ടോലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ഓട്ടോലാബിന്‍റെ പ്രവര്‍ത്തനോത്ഘാടനം സംസ്ഥാന ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്‍റെ സാന്നിദ്ധ്യത്തില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരൻ നിര്‍വഹിച്ചു.

ഓട്ടോലാബിൽ ആധുനിക എന്‍ഡിടി (നോൺ ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ്) ഉപകരണങ്ങൾ അടക്കമുള്ള സൗകര്യങ്ങളാണ്  ഒരുക്കിയിട്ടുള്ളത്. അതിനാൽ അതാതു പ്രോജക്ടിന്റെ പ്രവർത്തിമേഖലയിൽവെച്ച് തന്നെ ഗുണനിലവാര പരിശോധനകൾ നടത്തുവാനും തുടർന്നു സാമ്പിൾ ശേഖരണവും അവയുടെ ഗുണമേന്മ വിലയിരുത്തുവാനും കൃത്യമായി നിർവഹിക്കുവാനും സാധിക്കും.

പൂർണമായും ജിപിഎസ് സംവിധാനത്തിന്റെ നിരീക്ഷണത്തിൽ പ്രവർത്തിക്കുന്ന ഓട്ടോലാബിന്റെ സ്ഥിതി വിവരങ്ങളും പ്രവർത്തനനിലയും കിഫ്‌ബി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് തത്സമയം ഉദ്യോഗസ്ഥർക്കു  നിരീക്ഷിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുവാനും സാധിക്കും. ഡ്രോൺ ഉപയോഗിച്ച് നിർവഹിക്കപ്പെടുന്ന ഗുണനിലവാര നിരീക്ഷണ പ്രവർത്തികളും അതിനോടനുബന്ധിച്ചു നടത്തിവരുന്ന പ്രോജക്ടിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തലും  കൃത്യമായി നിർവഹിക്കുവാൻ വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഓട്ടോ ലാബിൽ ലഭ്യമാണ്.

റീബൗണ്ട് ഹാമ്മർ കോൺക്രീറ്റ് പ്രതലത്തിന്റെ കാഠിന്യം നിജപ്പെടുത്തുവാനും അതിലൂടെ കോൺക്രീറ്റിന്റെ കമ്പ്രെസ്സീവ് സ്ട്രെങ്ത് കണ്ടെത്തുവാനും ഉപകരിക്കുന്നു.  റീബാർ ലൊക്കേറ്റർ കോൺക്രീറ്റ് നിർമ്മിതികൾക്ക് ഉപയോഗിക്കുന്ന സ്റ്റീലിന്റെ സ്ഥിതിയും വ്യാസവും കണ്ടെത്തുവാനും സാധിക്കും.  ഇലക്ട്രിക്കൽ ഡെന്‍സിറ്റി ഗേജ്‌ ഉപയോഗിച്ച് മണ്ണിന്റെ കോംപാക്ഷൻ, ജലാംശം എന്നിവ അറിയുവാനുമാകും. അസ്ഫൾട് ടെന്‍സിറ്റി ഗേജ് ഉപയോഗിച്ച് ബിറ്റുമിന്റെ സാന്ദ്രത, കോംപാക്ഷൻ കണ്ടെത്തുവാൻ സാധിക്കുന്നു.

ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ ഉപയോഗിച്ച് ഭൂഗർഭ പ്ലംബിംഗ് ഇലക്ട്രിക്കൽ യൂട്ടിലിറ്റീസ്, റോഡിന്റെ വ്യത്യസ്തമായ ലയേഴ്സിന്റെ ആഴം, വ്യാപ്തി, താഴ്ച എന്നിവ കണ്ടെത്തുവാൻ സാധിക്കുന്നു.  ബിറ്റുമിൻ എക്സ്ട്രാക്ഷൻ അപ്പാരറ്റസ് ബിറ്റുമിന്റെ അളവ് കണ്ടെത്തുവാനും ഉപയോഗിക്കാം. വാട്ടർ ക്വാളിറ്റി അനലൈസർ മുഖേന നിർമാണ പ്രവർത്തികൾക്ക് ഉപയോഗിക്കുന്ന ജലത്തിന്റെ ക്വാളിറ്റി പരിശോധന,  കോർ കട്ടർ ഉപയോഗിച്ച് നിരവധി റോഡ് നിർമാണ പ്രവർത്തന പ്രോജക്ടുകളില്‍ നിന്ന് കോർ സാമ്പിൾസ് ശേഖരിച്ചു വിശദമായ ഗുണനിലവാര പരിശോധനകള്‍ എന്നിവ നടത്തുവാനുമാകും.

പ്രോജക്ട് സൈറ്റിൽ നിന്നുമുള്ള പ്രവർത്തികളുടെ ഗുണനിലവാരം കിഫ്ബിയിലെ  ഉദ്യോഗസ്ഥർക്ക് തത്സമയം വീക്ഷിക്കുന്നതിനായി കിഫ്ബി ഹെഡ് ക്വാർട്ടേഴ്സിൽ ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോ ഒരുക്കിയിട്ടുണ്ട്. അതിലൂടെ പ്രോജക്ട് സൈറ്റിൽ നിന്ന് ഓട്ടോലാബ് വഴി പ്രവർത്തനങ്ങൾ തത്സമയം ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോയിലൂടെ  വിലയിരുത്തുവാനും സാധിക്കും.