Asianet News MalayalamAsianet News Malayalam

ജിഎസ്‌ടി നിരക്ക് വർധനയെ എതിർത്ത് കേരളം; ശാസ്ത്രീയ പഠനം നടത്തണമെന്ന് ധനമന്ത്രി

സിൽവര്‍ ലൈനിനായി ചെലവാക്കുന്നതിൽ 40,000 കോടി ജനങ്ങളുടെ കയ്യിൽ എത്തുമെന്നും മന്ത്രി ബാലഗോപാൽ, ഏഷ്യാനെറ്റ് ന്യൂസിന്റെ മിനിസ്റ്റർ ഓൺ ലൈൻ പരിപാടിയിൽ പറഞ്ഞു

KN Balagopal on GST rate hike at Minister online program
Author
Thiruvananthapuram, First Published Apr 25, 2022, 5:31 PM IST

തിരുവനന്തപുരം: രാജ്യത്ത് 143 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കൂട്ടാനുള്ള കൗൺസിൽ നിർദ്ദേശത്തെ എതിർത്ത് കേരളം. ശാസ്ത്രീയ പഠനം നടത്താതെ തീരുമാനം എടുക്കരുതെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി കൗണ്‍സിൽ ഇങ്ങിനെയൊരു തീരുമാനമെടുത്തോയെന്ന് അറിയില്ല. സംസ്ഥാനത്തിന് ഇത്തരമൊരു നിര്‍ദേശം കിട്ടിയില്ല. കേന്ദ്രം ഏകപക്ഷീയമായി നികുതി കൂട്ടാൻ ശ്രമിക്കുകയാണ്. സിൽവര്‍ ലൈനിനായി ചെലവാക്കുന്നതിൽ 40,000 കോടി ജനങ്ങളുടെ കയ്യിൽ എത്തുമെന്നും മന്ത്രി ബാലഗോപാൽ, ഏഷ്യാനെറ്റ് ന്യൂസിന്റെ മിനിസ്റ്റർ ഓൺ ലൈൻ പരിപാടിയിൽ പറഞ്ഞു.

കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്രസർക്കാരിനും പ്രതിസന്ധിയുണ്ട്. വരുമാന കുറവ് കേന്ദ്രസർക്കാർ നേരിടുന്നുണ്ട്. അതിന് കാരണം കേന്ദ്രത്തിന്റെ നയങ്ങളാണ്. കോർപറേറ്റ് നികുതി കുറച്ചതടക്കം തിരിച്ചടിച്ചു. സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. നേരത്തെ 3.92 രൂപ തന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 1.92 രൂപയാണ് കേരളത്തിന് നൽകുന്നത്. കേരളത്തിനുള്ള വിഹിതത്തിൽ 20000 കോടിയുടെ കുറവുണ്ടായി. ജിഎസ്ടി നഷ്ടപരിഹാരം ജൂണിൽ തീരും. കഴിഞ്ഞ വർഷം 12000 കോടി കിട്ടിയിരുന്നതാണ്. നികുതി നിശ്ചയിക്കുന്നതും പിരിക്കുന്നതും കേന്ദ്രസർക്കാരാണ്. കേരളത്തിനുള്ള വിഹിതം വെട്ടിക്കുറക്കുന്നു. ധനകാര്യ കമ്മീഷൻ ഗ്രാന്റ് നൽകുന്നതും കുറച്ചു.

ആധികാരികമായി നികുതി വർധിപ്പിക്കുന്നതായി റിപ്പോർട്ട് വന്നിട്ടില്ല. കേന്ദ്രം കൂടിയാലോചനയില്ലാതെ, ചർച്ച നടത്താതെ നികുതി നിർണയിക്കുകയാണ്. നേരത്തെ ഫ്രിഡ്ജിന് 10 ശതമാനം നികുതി കുറച്ചിരുന്നു. എന്നാൽ ഏറ്റവും കുറഞ്ഞ മോഡൽ റഫ്രിജറേറ്റിൽ 1500 രൂപയുടെ കുറവുണ്ടാകേണ്ടതാണ്, അതുണ്ടായില്ല. കമ്പനികൾക്ക് ലാഭം ഉയരുകയാണ് ചെയ്തത്. ഈ നടപടി ജനത്തിന് ഉപകാരപ്പെട്ടില്ല. ഭക്ഷ്യ മേഖലയിൽ അരിക്കടക്കം നികുതി കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്. നികുതി മാറ്റം വേണ്ടെന്നല്ല. പക്ഷെ അത്തരം നീക്കങ്ങൾക്ക് മുൻപ് ശാസ്ത്രീയമായ, വിശദമായ, കൃത്യമായ പഠനം നടത്തണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ധാരാളമുണ്ട്. കെഎസ്ആർടിസിയെ സാധാരണ പൊതുമേഖലാ സ്ഥാപനം പോലെയല്ല കാണുന്നത്. അത് ജനങ്ങൾക്ക് നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന സേവനം നൽകുന്നുണ്ട്. കൊവിഡ് വരുന്നതിന് മുൻപ് പെൻഷൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പെൻഷൻ 50 ശതമാനം സർക്കാർ കുറച്ച് കാലത്തേക്ക് സഹായിക്കാമെന്ന് സംസ്ഥാനം പറഞ്ഞു. 700 കോടി രൂപയോളം വർഷം കെഎസ്ആർടിസിക്ക് പെൻഷന് വേണ്ടി കൊടുത്തുകൊണ്ടിരിക്കുകയാണ്. കെഎസ്ആർടിസിക്ക് സഹായം നൽകുകയാണ്, ശമ്പളം കൊടുക്കുകയല്ല. കെഎസ്ആർടിസി വാണിജ്യ സ്ഥാപനമാണ്. അവർ ബസ് ഓടിക്കുന്നു, ടിക്കറ്റ് വരുമാനം ഉപയോഗിച്ച് ശമ്പളം നൽകുന്നു, ആ നിലയിലാണ് അതിനെ കാണേണ്ടത്. 

കേന്ദ്രസർക്കാർ കെഎസ്ആർടിസി വാങ്ങുന്ന ഡീസലിന് 30 രൂപ അധികം കൊടുക്കണം എന്ന് പറയുന്നു. വാസ്തവത്തിൽ കെഎസ്ആർടിസിയെ തകർക്കുന്നത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണ്. മത്സ്യത്തൊഴിലാളികൾ മണ്ണെണ്ണയ്ക്ക് വില കൂടുതൽ നൽകണം. ഈ ഘട്ടത്തിൽ പോലും സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. 2300 കോടി രൂപ കൊവിഡ് കാലത്ത് കെഎസ്ആർടിസിക്ക് കൊടുത്തു. എല്ലാ ബജറ്റിലും ആയിരം കോടി രൂപ വീതം കെഎസ്ആർടിസിക്ക് കൊടുക്കുന്നുണ്ട്. അതിലും കൂടുതൽ കൊടുക്കേണ്ടി വന്നാൽ അത് വേറെ എവിടെ നിന്നെങ്കിലും എടുത്ത് കൊടുക്കേണ്ടി വരും. കെഎസ്ആർടിസിക്ക് കൊടുക്കേണ്ട തുക കൊടുക്കും. ഈ വർഷം 300 കോടി രൂപ ആയിരം കോടിക്ക് പുറമെ നൽകി. 

കെ റെയിലിനെ കുറിച്ച് ചോദിക്കുന്നവർ ദേശീയപാതാ വികസനത്തെ കുറിച്ചും പരിശോധിക്കണം. അഞ്ച് വർഷം കൊണ്ട് 1.30 ലക്ഷം കോടി രൂപയുടെ വികസനമാണ് നടക്കുന്നത്. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ 23000 കോടി കൊടുത്തു. അതിൽ ആറായിരം കോടി സംസ്ഥാനമാണ് നൽകിയത്. ഇനിയെന്തിനാ ദേശീയപാതാ, ഇനിയെന്തിനാ സ്കൂള്, ഇനിയെന്തിനാ റെയിൽവേ, എന്തിനാ ഫാക്ടറി പണിയുന്നേ, ഒന്നും ചെയ്യണ്ട എന്ന് പറയുന്നതാണോ ശരി? ഇതൊക്കെ വേണം. കെ റെയിൽ അത്തരമൊരു പദ്ധതിയാണ്. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പദ്ധതികളിൽ ഒന്നാണ് കെ റെയിൽ. കൊച്ചി മംഗലാപുരം വ്യവസായ ഇടനാഴി, കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി എന്നിവയാണ് മറ്റ് രണ്ട് പ്രധാന പദ്ധതികൾ. തിരുവനന്തപുരം നഗരത്തിന് ചുറ്റും വലിയ വ്യവസായ ഇടനാഴി വരുന്നുണ്ട്. അതേപോലെ പ്രധാന പദ്ധതിയാണ് കെ റെയിൽ. അതിവേഗം യാത്ര ചെയ്യാനുള്ളതാണ് അത്. എത്ര വീതി വന്നാലും റോഡിൽ തിരക്കൊഴിയില്ല. അമേരിക്കൻ ശരാശരിയുടെ തൊട്ടടുത്താണ് കേരളത്തിലെ വാഹന ശരാശരി. കെ റെയിലിനുള്ള 40000 കോടിയും കേരളത്തിലെ ആളുകളുടെ കൈയ്യിൽ പോകും. അവർക്ക് ജോലിക്കോ, വരുമാനത്തിനോ ഇത് ഉപകാരപ്പെടും. ഇത് സാമ്പത്തിക പ്രവർത്തനം ശക്തിപ്പെടുത്തും. കൂടുതൽ പേർക്ക് ജോലി കിട്ടും. അല്ലെങ്കിൽ കടത്തിൽ മുങ്ങി ശ്രീലങ്കയിലേത് പോലെയാകും. സാമ്പത്തിക പ്രവർത്തനം നടക്കാനാണ് കെ റെയിൽ കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.

കർഷകർക്ക് പ്രകൃതിക്ഷോഭവും നാശനഷ്ടവും ഉണ്ടാകുമ്പോൾ ആശ്വാസം നൽകാനുള്ള നടപടികൾ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും. കടക്കെണിയുണ്ടെങ്കിലും ആരും കടുംകൈ ചെയ്ത് ജീവിതം അവസാനിപ്പിക്കരുത്. സഹകരണ ബാങ്കുകളും സർക്കാരുകളും പല തരത്തിലും വായ്പാ തിരിച്ചടവിൽ സഹായിക്കുന്നുണ്ട്. കൊവിഡ് കാലത്ത് കേരളത്തിലെയും രാജ്യത്തെയും വൻകിട ബാങ്കുകളുടെ ലാഭം വർധിച്ചു. എന്നാൽ വായ്പാ തിരിച്ചടവിൽ കേരളം ആവശ്യപ്പെട്ട സഹകരണം ഇവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. എന്നാൽ സംസ്ഥാനത്തെ കേരള ബാങ്കും കെഎസ്ഐഡിസിയും മറ്റും പരമാവധി സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios