തിരുവനന്തപുരം: ഓണക്കാലത്ത് മിൽമ ഉൽപന്നങ്ങൾക്ക് റെക്കോർഡ് വിൽപ്പന. പൂരാടം, ഉത്രാടം ദിവസങ്ങളിൽ മാത്രം 46.6 ലക്ഷം ലിറ്റ‍ർ പാലും, 5.89 ലക്ഷം ലിറ്റ‍ർ തൈരുമാണ് മിൽമ കേരളത്തിൽ വിൽപ്പന നടത്തിയത്. ഇത് മിൽമയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡാണ്. ഓണമുണ്ണാൻ മിൽമയെ തെരഞ്ഞെടുത്ത എല്ലാ മലയാളികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നതായി മില്‍മ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കേരളത്തിലെ ക്ഷീര കർഷകരിൽ നിന്ന് ശേഖരിച്ചത് കൂടാതെ കർണ്ണാടക മിൽക് ഫെഡറേഷനിൽ നിന്ന് കൂടി പാൽ വാങ്ങിയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയത്. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈൽ ആപ്പ് വഴിയുള്ള വിൽപനയ്ക്കും മികച്ച പ്രതികരണമായിരുന്നു.

കൊച്ചിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എണ്ണൂറ് പാക്കറ്റിലധികം പാലാണ് മൊബൈൽ ആപ്പ് വഴി വിറ്റത്. മിൽമ ഉൽപന്നങ്ങൾക്ക് നേരത്തെ വില കൂട്ടിയിരുന്നു. ഓണക്കാലം പരിഗണിച്ച് പ്രാബല്യത്തിൽ വരുത്താതിരുന്ന വില വർദ്ധനവ് 19 മുതല്‍ പ്രാബല്യത്തില്‍ വരും.