ദില്ലി: ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതിനാൽ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോ​ഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക (സിപിഐ) കണക്കുകൾ പ്രകാരം ഒക്ടോബറിൽ പണപ്പെരുപ്പം 7.61 ശതമാനമായിരുന്നു. 2014 മെയ്ക്ക് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണിത്. ചില്ലറ പണപ്പെരുപ്പം സെപ്റ്റംബറിൽ 7.27 ശതമാനമായിരുന്നു. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) ഒക്ടോബറിൽ 11.07 ശതമാനമായി ഉയർന്നു, സെപ്റ്റംബറിൽ ഇത് 10.68 ശതമാനമായിരുന്നു.

ഒക്ടോബറിൽ ഇറച്ചി, മത്സ്യം മുതലായവയിലെ പണപ്പെരുപ്പം 18.7 ശതമാനമായും പച്ചക്കറി വില 22.51 ആയും ഉയർന്നു. വസ്ത്ര, പാദരക്ഷകളുടെ പണപ്പെരുപ്പം ഒക്ടോബറിൽ 3.17 ശതമാനമായിരുന്നു.

"പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും വിലക്കയറ്റം എല്ലാ പ്രധാന ഭക്ഷ്യ ഘടകങ്ങളിലേക്കും നീങ്ങിയിരിക്കുകയാണ്. ഇത് പലിശനിരക്കിന്റെ നിർണയത്തിൽ സ്വാധീനം ചെലുത്തിയേക്കാം, നിരക്ക് നടപടിയേക്കാൾ ദ്രവ്യത വ്യവസ്ഥയിൽ റിസർവ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥ അസാധാരണമായ സാമ്പത്തിക സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്നുവെന്നതും ഒരു വസ്തുതയാണ്, അതിനാൽ താരതമ്യേന ഉയർന്ന വിലനിലവാരം പ്രതീക്ഷിക്കാം. എന്നാൽ സ്ഥിരമായി ഉയർന്ന പണപ്പെരുപ്പം സ്വതന്ത്ര ദ്രവ്യത കുറയ്ക്കുന്നതിനാൽ റിസർവ് ബാങ്കിന് നടപടിയെടുക്കാൻ പ്രേരണ നൽകുന്നു, ” എംകെയ് വെൽത്ത് മാനേജ്മെന്റിന്റെ റിസർച്ച് ഹെഡ് ജോസഫ് തോമസ് ലൈവ് മിന്റിനോട് പറഞ്ഞു.

പ്രധാന നയ നിരക്കുകളുടെ അടിസ്ഥാനത്തിൽ ചില്ലറ പണപ്പെരുപ്പം നാല് ശതമാനത്തിൽ (+, - 2%) നിയന്ത്രിച്ച് നിർത്താൻ സർക്കാർ റിസർവ് ബാങ്കിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.