ദില്ലി: ഇന്ത്യയുടെ കയറ്റുമതിയില്‍ വീണ്ടും ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ മാസത്തില്‍ കയറ്റുമതിയില്‍ 6.57 ശതമാനത്തിന്‍റെ ഇടിവ് നേരിട്ട് 26 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു. പ്രധാനമായും പെട്രോളിയം, എന്‍ജിനീയറിംഗ്, ആഭരണം, തുകല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വലിയ കുറവാണുണ്ടായത്. 

ഇറക്കുമതിയിലും തളര്‍ച്ചയാണ് സെപ്റ്റംബര്‍ മാസത്തിലുണ്ടായത്. ഇറക്കുമതി 13.85 ശതമാനത്തിന്‍റെ ഇടിവോടെ 36.89 ബില്യണ്‍ ഡോളറായി കുറഞ്ഞു. വ്യാപാര കമ്മിയില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയ്ക്ക് ആശ്വാസമായി. ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ വ്യാപാര കമ്മിയാണ് സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തത്. വ്യാപാരക്കമ്മി 10.86 ബില്യണായി കുറഞ്ഞു. 

സ്വര്‍ണത്തിന്‍റെ ഇറക്കുമതി 62.49 ശതമാനത്തിലേക്ക് ഇടിഞ്ഞ് 1.36 ബില്യണ്‍ ഡോളറായി മാറി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വ്യാപാരക്കമ്മി 14.95 ബില്യണ്‍ ഡോളറായിരുന്നു.