ദില്ലി: കൊവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ കേന്ദ്ര ബജറ്റ് പൂർണമായും കടലാസ് രഹിതമായിരിക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ബജറ്റ് കടലാസിൽ അച്ചടിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. എല്ലാവർഷവും ബജറ്റ് പ്രസിദ്ധീകരിച്ചിരുന്നത് ഭാരിച്ച ജോലിയായിരുന്നു.

ഇതിനായി നിരവധി കേന്ദ്ര ധനകാര്യ മന്ത്രാലയ ജീവനക്കാർ രണ്ടാഴ്ചയോളം ഒരുമിച്ച് താമസിച്ചാണ് ഇവ തയ്യാറാക്കിയിരുന്നത്. ഇവ പിന്നീട് സീൽ ചെയ്ത് ബജറ്റ് ദിവസം വിതരണം ചെയ്യുകയായിരുന്നു പതിവ്. ബജറ്റിന്റെ സോഫ്റ്റ് കോപ്പി വിതരണം ചെയ്യുന്നതിന് പാർലമെന്റിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. സാമ്പത്തിക സർവേയുടെ കാര്യത്തിലും ഇതേ നിയമം തന്നെ പാലിക്കും. 

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് 2021 അവതരിപ്പിക്കുന്നത്. പാർലമെന്റിന്റെ ബജറ്റ് സെഷൻ രണ്ട് ഘട്ടമായിരിക്കും. ആദ്യത്തെ സെഷൻ ജനുവരി 29 മുതൽ ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കും. മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയാണ് രണ്ടാമത്തെ സെഷൻ.