തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടിക്ക് കിട്ടിയ അംഗീകാരമാണ് മന്ത്രിസ്ഥാനമെന്ന് ആൻ്റണി രാജു. ഒരു എംഎൽഎ പോലും ഇല്ലാതിരുന്ന പാർട്ടിക്ക് എംഎൽഎയെ കിട്ടിയതിന് പിന്നാലെ ഇപ്പോൾ മന്ത്രിസ്ഥാനവും തരുന്നതിന് ഇടത് പക്ഷത്തോട് ആൻ്റണി രാജു നന്ദി പറഞ്ഞു. കേരളത്തിന് വേണ്ടി ആവുന്നത് പോലെ ഇടത് പക്ഷത്തിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് നിയുക്ത മന്ത്രി എൽഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

താൻ ഒരു ഇടത് പക്ഷ ചിന്താഗതിക്കാരനായ കേരള കോൺഗ്രസുകാരനാണെന്ന് പറഞ്ഞ ആൻ്റണി രാജു. എന്നും ഇടത് പക്ഷത്തിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുമ്പ് ഐക്യ ജനാധിപത്യ മുന്നണി സീറ്റ് വാഗ്ദാനം നൽകിയിട്ട് പോലും പോയില്ലെന്നും ഓർമ്മിപ്പിച്ചു. ഇടത് പക്ഷ മനസാണ്. മത്സരിച്ചത് ഇടത് പക്ഷ മുന്നണിക്കൊപ്പം മാത്രമാണ്, ഇനിയുള്ള രാഷ്ട്രീയ ജീവിതവും ഇടത് പക്ഷത്തിനൊപ്പമായിരിക്കുമെന്ന് ആൻ്റണി രാജു പറയുന്നു. 

തീരദേശത്തിന്റെ കൂടി പ്രതിനിധിയായ ആൻ്റണി രാജു തീര മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു. കേരളം മുഴുവൻ തീരപ്രദേശം കലുഷിതമാണ്. തീരദേശം കടലെടുത്തുകൊണ്ടിരിക്കുകയാണ്. പരിമിതികൾ ഒരുപാടുണ്ട്. എങ്ങനെ തരണം ചെയ്യാനാകുമെന്ന് പഠിക്കും. ശാസ്ത്രീയമായ പ്രതിവിധി തേടും ആൻ്റണി രാജു പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ; ഇടതുമുന്നണി യോഗത്തിൽ കേക്ക് മുറിച്ച് മുഖ്യമന്ത്രി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona