Asianet News MalayalamAsianet News Malayalam

കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ; ഇടതുമുന്നണി യോഗത്തിൽ കേക്ക് മുറിച്ച് മുഖ്യമന്ത്രി

മുഹമ്മദ് റിയാസ് പരിഗണനാ പട്ടികയിൽ ഉണ്ട്. ആന്‍റണി രാജുവിനും ഐഎൻഎല്ലിന്‍റെ അഹമ്മദ് ദേവര്‍കോവിലും ആദ്യ ഊഴം.  ഗണേശിനും കടന്നപ്പള്ളിക്കും രണ്ടാം ഊഴം

Second pinarayi cabinet kk shailaja
Author
Trivandrum, First Published May 17, 2021, 11:43 AM IST

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയാകുന്നു. കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളെല്ലാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് വിവരം. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന പിബി വിലയിരുത്തലിന്‍റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. മുഹമ്മദ് റിയാസിനേയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. 

ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷി നേതാക്കൾക്ക് കേക്ക് മുറിച്ച് നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിജയം ആഘോഷിച്ചത്. എകെജി സെന്ററിലാണ് ഇടത് മുന്നണി നേതാക്കൾ യോഗം ചേരുന്നത്. പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയുള്ള മന്ത്രിസഭയും അത് വഴി രണ്ടാം നിര നേതാക്കളെ നേതൃസ്ഥാനത്തേക്ക് എത്തിക്കുകയെന്ന സംഘടനാപരമായ ദൗത്യവും ഒരുമിച്ച് നിറവേറ്റാമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ആദ്യഘട്ടത്തിൽ മുന്നോട്ട് വച്ചതെന്നാണ് വിവരം. 

കെകെ ശൈലജ അടക്കം എല്ലാവരും മാറി പുതുമുഖങ്ങൾക്ക് അവസരം നൽകുകയെന്നത് ആദ്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും കൊവിഡ് മഹാമാരിയുടെ തുടര്‍ച്ചയും ആരോഗ്യമന്ത്രിയെന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച പ്രകടനവും ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് മട്ടന്നൂരിൽ നിന്ന് നേടിയ തെരഞ്ഞെടുപ്പ് വിജയവും എല്ലാം കണക്കിലെടുത്ത് മാറ്റി നിര്‍ത്തിയാലുണ്ടാകുന്ന വിവാദങ്ങളെ കൂടി ഒഴിവാക്കാനാണ് നിലവിലെ ധാരണയെന്നാണ് വിവരം. 

ആദ്യഘട്ട ചർച്ചകളിൽ ഉണ്ടായിരുന്നില്ലെങ്കിലും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനെന്ന നിലയിൽ കൂടിയാണ് കോഴിക്കോട് ജില്ലയിൽ നിന്ന് മുഹമ്മദ് റിയാസിന്റെ പേര് പരിഗണനക്ക് വരുന്നത്. വി ശിവൻ കുട്ടി ,വീണ ജോർജ്.  കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, പി രാജീവ്‌, എംബി രാജേഷ്,  കെ രാധാകൃഷ്ണൻ, പി നന്ദകുമാർ വിഎൻ വാസവൻ, എം വി ഗോവിന്ദൻ എന്നിവരാണ് സാധ്യതാ പട്ടികയിൽ ഇപ്പോഴുള്ളത്. 

സിപിഎം പുതുമുഖങ്ങളെ അണി നിരത്തുമ്പോൾ നാല് മന്ത്രിമാരും പുതുമുഖങ്ങൾ തന്നെ ആയിരിക്കും എന്നാണ് സിപിഐയിൽ നിന്നു കിട്ടുന്ന സൂചനയും. കേരളാ കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നൽകാനാണ് ധാരണ. റോഷി അഗസ്റ്റിൻ മന്ത്രിയും പ്രൊ. എൻ ജയരാജ് ചീഫ് വിപ്പുമായേക്കും. 

 ഒറ്റ എംഎൽഎമാര്‍ മാത്രമുള്ള ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങൾ ടേം അടിസ്ഥാനത്തിൽ പങ്കിടുന്നത് സംബന്ധിച്ചും അന്തിമ വട്ട ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. ആന്‍റണി രാജുവിനും ഐഎൻഎല്ലിന്‍റെ അഹമ്മദ് ദേവര്‍കോവിലും ആദ്യ ഊഴത്തിൽ തന്നെ മന്ത്രിസ്ഥാനം കിട്ടും.  ഗണേശിനും കടന്നപ്പള്ളിക്കും രണ്ടാം ഊഴം എന്നാണ് ഇപ്പോഴുള്ള ധാരണ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios