Asianet News MalayalamAsianet News Malayalam

നാലുവര്‍ഷംകൊണ്ട് എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി

cm pinarayi launches life project
Author
First Published May 23, 2017, 5:07 PM IST

കൊട്ടാരക്കര: പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സഫലമാക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത നാല് വര്‍ഷം കൊണ്ട് ഏവര്‍ക്കും സ്വന്തമായി താമസസൗകര്യം ഒരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ ഭവനം നിര്‍മിച്ച് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കൊല്ലം പുനലൂരില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭൂമിയുണ്ടായിട്ടും വീടില്ലാത്തവര്‍, ഭൂമിയും വീടുമില്ലാത്തവര്‍ എന്നീ രണ്ട് വിഭാഗങ്ങള്‍ക്ക് പ്രയോജനം കിട്ടുന്ന വിധത്തിലാണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സംസ്ഥാനത്ത് നാല് ലക്ഷത്തിലേറെ പേര്‍ക്ക് ഭൂമിയും വീടുമില്ല. ഇവര്‍ക്കെല്ലാവര്‍ക്കും സ്ഥലംനല്‍കി വീട് വച്ച് നല്‍കുക പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ച് നിരവധി കുടുംബങ്ങള്‍ക്ക് ഒരു സ്ഥലത്ത് വീട് നിര്‍മിച്ച് നല്‍കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. 
കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ പരിശീലനവും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും പദ്ധതിയുണ്ട്. സംസ്ഥാനത്ത് വീടില്ലാത്ത ആരും ഉണ്ടാകരുത് എന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പൊതുജനങ്ങളുടെ പിന്തുണ ഇല്ലാതെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേനയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. പുനലൂര്‍ പ്ലാച്ചേരിയിലാണ് ലൈഫ് പദ്ധതി പ്രകാരമുള്ള ആദ്യ ഭവനസമുച്ചയം നിര്‍മിക്കുന്നത്.

Follow Us:
Download App:
  • android
  • ios