തിരുവനന്തപുരം: കിഫ്ബിയിലൂടെ ധനവകുപ്പിന് ഇതുവരെ സമാഹരിക്കാനായാത് പ്രഖ്യാപിച്ച പദ്ധതി തുകയുടെ പതിനഞ്ച് ശതമാനം മാത്രം. നാല്‍പത്തി രണ്ടായിരം കോടി രൂപയുടെ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കിഫ്ബി ഫണ്ടിലെത്തിയത് 6214 കോടി രൂപ മാത്രമാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ബോണ്ടിലൂടെ പണം സമാഹരിക്കുന്നു. ബാങ്കുകള്‍ക്ക് മാത്രമല്ല ആര്‍ക്കും നിക്ഷേപിക്കാം. 10 വര്‍ഷം കൊണ്ട് അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം കോടി രൂപ വരെ സമാഹരിച്ച് സ്വപ്ന പദ്ധതികള്‍ നിറവേറ്റുക. കിഫ്ബിയെ ധനമന്ത്രി തോമസ് ഐസക് ഇങ്ങനെയാണ് പരിചയപ്പെടുത്തിയത്. 

നാല്‍പത്തി ഒന്നായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കാണ് ഇതിനോടകം അനുമതി നല്‍കിയിരിക്കുന്നത്. ഇനി കിഫ്ബി ഫണ്ടിലേക്ക് കണ്ണോടിക്കാം. കിഫ്ബി നിലവില്‍ വന്ന 2016 -17 വര്‍ഷം മോട്ടോര്‍ വാഹന നികുതിയില്‍ നിന്നും, പെട്രോള്‍, ഡീസല്‍ സെസില്‍ നിന്നും മാത്രമാണ് പണമെത്തിയത്. 729.53 കോടി രൂപ. മോട്ടോര്‍ വാഹന നികുതിയില്‍ നിന്നും, പെട്രോള്‍ ഡീസല്‍ സെസില്‍ നിന്നുമുള്ള വിഹിതത്തിനൊപ്പം നബാര്‍ഡില്‍ നിന്ന് 100.8 കോടി രൂപ കൂടി തൊട്ടടുത്ത സാമ്പത്തിക വര്‍ഷം വായ്പയായി സ്വീകരിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കെഎസ്എഫ് ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് 3.756 കോടി രൂപയുടെ ബോണ്ട് കൂടിയെത്തി. അങ്ങനെ ഇതുവരെ 6214 കോടി രൂപയാണ് അക്കൗണ്ടിലെത്തിയത്.83 പദ്ധതികളിലായി 1196 കോടി രൂപ ചെലവായിട്ടുമുണ്ട്.

പ്രഖ്യാപിച്ച പദ്ധതികളില്‍ മുപ്പതിനായിരം കോടി രൂപയുടെ പദ്ധതി ഈ സാമ്പത്തിക വര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഇതിനായുള്ള തുക വായ്പയിലൂടെ കണ്ടെത്തണമെന്നാണ് കിപ്ബി അധികൃതരുടെ പ്രതികരണം. പ്രളയ ശേഷം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് വായ്പകള്‍ നല്‍കാന്‍ വ്യക്തികളും സ്ഥാപനങ്ങളും ധൈര്യപ്പെടുന്നില്ല. പ്രഖ്യാപിച്ച വിധം പണം കണ്ടെത്തുന്നതില്‍ ഒരു പരിധിവരെ ഇത് തിരിച്ചടിയായിട്ടുണ്ട്.