Asianet News MalayalamAsianet News Malayalam

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധം: നിലപാട് ആവർത്തിച്ച് സുപ്രീംകോടതി

ആദായനികുതി റിട്ടേൺ നൽകാൻ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധമാണെന്ന് ആവർത്തിച്ച് സുപ്രീംകോടതി.

Linkage of PAN With Aadhaar Mandatory, Reiterates SC
Author
Supreme Court of India, First Published Feb 6, 2019, 6:19 PM IST

ദില്ലി: ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാണെന്ന് സുപ്രീംകോടതി. ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പിലുള്ള ചട്ടങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് എസ് അബ്ദുൾ നസീർ എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് വിധി.

ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാ‍ർ നൽകിയ ഹർജിയിലാണ് കോടതി വിധി. 2018 ഫെബ്രുവരിയിൽ ശ്രേയ സെൻ എന്നിവരടക്കമുള്ള ഒരു സംഘം ഹർജിക്കാർക്ക് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാതെയും ആദായനികുതി റിട്ടേൺ നൽകാൻ ദില്ലി ഹൈക്കോടതി അനുമതി നൽകിയിരുന്നു. റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ കാർഡുമായി പാൻ ബന്ധിപ്പിക്കണമെന്ന് നിർബന്ധിക്കരുതെന്നും ദില്ലി ഹൈക്കോടതി ആദായനികുതി വകുപ്പിന് അന്ന് നിർദേശം നൽകിയിരുന്നു.

ആധാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പഴയ ഉത്തരവെന്നും, ആധാറുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിന്‍റെ ഉത്തരവിൽ ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പിലുള്ള ചട്ടങ്ങൾ ശരി വച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാൽ സുപ്രീംകോടതി ഉത്തരവ് തന്നെയാണ് നിലനിൽക്കുക. 

അതിനാൽ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2019-20 വർഷത്തിൽ ആദായനികുതി റിട്ടേൺ സുപ്രീംകോടതി ഉത്തരവ് പ്രകാരം തന്നെ സമർപ്പിക്കണം. അതായത് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണം. സുപ്രീംകോടതി വ്യക്തമാക്കി.

2018 സെപ്തംബർ 26-നാണ് ആധാറിന് സുപ്രീംകോടതി അംഗീകാരം നൽകിയ നിർണായകവിധി വന്നത്. ഭേദഗതികളോടെയാണ് ആധാർ നിയമത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കിയത്. ബാങ്ക് അക്കൗണ്ടിനും മൊബൈൽ കണക്ഷനും പ്രവേശന പരീക്ഷകൾക്കും സ്കൂൾ പ്രവേശനത്തിനും ആധാർ നിർബന്ധമല്ല. ആദായ നികുതിക്കും പാൻകാർഡിനും സർക്കാർ ആനുകൂല്യങ്ങൾക്കും നിർബന്ധമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഭരണഘടനാബെഞ്ചിൽ ഭൂരിപക്ഷം ആധാറിനനുകൂലമായിരുന്നു.

ആധാറുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങൾക്കാണ് സുപ്രീം കോടതി വിധിയോടെ ഉത്തരമായത്.  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ബെ‍ഞ്ചിലെ ദീപക് മിശ്ര, എ. എം. ഖാൻവിൽക്കർ, എ.കെ. സിക്രി എന്നിവർ ചേർന്ന് ഒരു വിധിയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് അശോക് ഭൂഷണും വേവ്വെറെ വിധികളുമാണ് പ്രസ്താവിച്ചത്. അഞ്ചംഗ ബെഞ്ചിലെ മൂന്ന് പേർ ചേർന്ന് തയ്യാറാക്കിയ വിധിക്കാണ് ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിൽ സാധുത.

ഭൂരിപക്ഷ വിധിയോട് ശക്തമായി വിയോജിക്കുന്ന വിധിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂ‍ഡിന്‍റേതായി വന്നത്. മൂന്നംഗ ബെഞ്ചിന്‍റെ വിധിയോട് ഏതാണ്ട് യോജിക്കുന്ന വിധിയാണ് ജസ്റ്റിസ് അശോക് ഭൂഷണിന്‍റേതായി വന്നത്.

Follow Us:
Download App:
  • android
  • ios