ഇതിന്റെ ഭാഗമായി കോഴിക്കോട് മുജാഹിദ് സെന്ററില്‍ നടന്ന സംയുക്ത യോഗത്തിലാണ് ലയന പ്രഖ്യാപനം നടത്തിയത്.  യോഗത്തിനു ശേഷം ഇരു വിഭാഗം നേതാക്കളും ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഈ മാസം 20ന് കോഴിക്കോട് കടപ്പുറത്ത് മുജാഹിദ് ഐക്യ സമ്മേളനം നടക്കും.  സംഘടനാ സ്ഥാനമാനങ്ങള്‍ പങ്കിടും. ടി.പി അബ്ദുള്ളക്കോയ മദനി പ്രസിസഡന്റായി തുടരും.ഹുസൈന്‍ മടവൂരിന് പുതിയ തസ്തിക സൃഷ്ടിച്ച് സ്ഥാനം നല്‍കാനും യോഗത്തില്‍ ധാരണയായി. 

മുജാഹിദ്  പ്രസ്ഥാനത്തിലെ ഭിന്നിപ്പുകള്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തിരിച്ച് വരവിന് വഴിയൊരുക്കുമെന്നും ആള്‍ദൈവങ്ങളും ആത്മീയ കേന്ദ്രങ്ങളും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ലയനമെന്നും  നേതാക്കള്‍ വ്യക്തമാക്കി. തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് യുവാക്കള്‍  പോകുന്നത് ഒഴിവാക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍  പ്രചാരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അതേ സമയം കടുത്ത യാഥാസ്ഥിതിക നിലപാട് വച്ചു പുലര്‍ത്തുന്ന മുജാഹിദ് വിഭാഗത്തിലെ  മറ്റൊരു വിഭാഗം  ഇക്കൂട്ടത്തില്‍ ലയിക്കാന്‍ തയ്യാറായിട്ടില്ല. ആദര്‍ശം അംഗീകരിച്ച് ആര് വന്നാലും സ്വീകരിക്കാന്‍ തയ്യാറാണെന്ന്  നേതാക്കള്‍  പറഞ്ഞു ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമാന ചിന്താഗതി പുലര്‍ത്തുന്ന രാഷ്ട്രീയ സംഘടനകളുമായി യോജിക്കുമെന്നും നേതാക്കള്‍  പറഞ്ഞു. 

മൂന്നു വര്‍ഷമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ലയന തീരുമാനം. കഴിഞ്ഞ ദിവസം കോഴിക്കോട് സിഡി ടവറില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമ (കെജെയു), കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ഭാരവാഹികളുടെ യോഗം മടവൂര്‍ വിഭാഗത്തെ ഉള്‍പ്പെടുത്തി സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ അന്തിമ തീരുമാനം എടുത്തിരുന്നു. തൊട്ടുമുമ്പ് നടന്ന മടവൂര്‍ വിഭാഗം കൗണ്‍സിലും ലയനത്തെ അംഗീകരിച്ചു. മുസ്ലിം ലീഗ് നേതൃത്വവും ലയനത്തിനായി സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. സലഫിസത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ഏക സിവില്‍കോഡ് ആശങ്കയുമാണ് ഐക്യം അനിവാര്യമാണെന്ന കാഴ്ചപ്പാടില്‍ ഇരുവിഭാഗത്തെയും എത്തിച്ചത്. 

2002ലാണ് ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സംഘടനയില്‍നിന്നും വിട്ടുപോയത്. അന്ന് മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എമ്മിലെ ഭൂരിഭാഗം പേരും ഹുസൈന്‍ മടവൂരിനൊപ്പമാണുണ്ടായിരുന്നത്. ഇതിനാല്‍ ഐ.എസ്.എം സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി കെ.എന്‍.എം നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഇവര്‍ ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് എ.വി. അബ്ദുറഹിമാന്‍ ഹാജി പ്രസിഡന്റും ഹുസൈന്‍ മടവൂര്‍ ജന. സെക്രട്ടറിയുമായി സമാന്തര കെ.എന്‍.എം കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. 

2014ല്‍ ഫറോക്കില്‍ നടന്ന സംസ്ഥാന സമ്മേളനത്തിനുശേഷം കെ.എന്‍.എം ഔദ്യോഗിക വിഭാഗത്തില്‍നിന്ന് നടപടിക്ക് വിധേയരായ വിഭാഗം വിഘടിച്ചുനില്‍ക്കുകയാണ്. ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ എന്ന പേരില്‍ സംഘടനയുണ്ടാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ കാര്യത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.