Asianet News MalayalamAsianet News Malayalam

ഖനിക്കുള്ളിൽനിന്നും അഴുകിയ ഗന്ധം; 15 തൊഴിലാളികളും മരിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തുന്ന എന്‍ ഡി ആര്‍ എഫിലെ മുങ്ങൽ വിദഗ്ധരാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. 

NDRF indicates Meghalaya miners may be dead
Author
Meghalaya, First Published Dec 27, 2018, 1:57 PM IST

ഗുവാഹത്തി: മേഘാലയയിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്). വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തുന്ന എന്‍ ഡി ആര്‍ എഫിലെ മുങ്ങൽ വിദഗ്ധരാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഖനിക്കുള്ളിൽനിന്നും ദുർഗന്ധം വമിക്കുന്നതായി മുങ്ങൽ വിദഗ്ധർ അറിയിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
 
‘ഇതൊരു നല്ല സൂചനയല്ല’, ഇതായിരുന്നു രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന എൻ ഡി ആർ എഫ് അസിസ്റ്റന്റ് കമാൻഡന്റ് സന്തോഷ് സിങ് പ്രതികരിച്ചത്. കൂടുതൽ കാര്യങ്ങൾ പറയാൻ അദ്ദേഹം തയ്യാറായില്ല. ഖനിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികൾ മരിച്ചിരിക്കാമെന്നും മൃതശരീരം അഴുകിയതിന്റെ ഗന്ധമാണ് പുറത്തേക്ക് വമിക്കുന്നതെന്നുമുള്ള മുങ്ങൽ വിദഗ്‌ധരുടെ റിപ്പോർട്ടിനെ തുടർന്നാണ് സന്തോഷ് സിങിന്റെ പ്രതികരണം. 

ഡിസംബർ 13നാണ് മേഘാലയയിലെ കിഴക്ക് ജെയ്ന്‍തിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള റാറ്റ് ഹോൾ കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികൾ കുടുങ്ങിയത്. ഖനിക്കുള്ളിൽ വെള്ളം നിറഞ്ഞതാണ് തൊഴിലാളികൾ അപകടത്തിൽപ്പെടാൻ കാരണം. വെളളം പുറത്തേക്ക് കളയാന്‍ സഹായകമായ ഉപകരണം ഇല്ലാത്തതാണ് രക്ഷാപ്രവർത്തനത്തിന് വിലങ്ങു തടിയായത്. 

രക്ഷാപ്രവർത്തനത്തിനായി 100 കുതിര ശക്തിയുള്ള പത്ത് പമ്പുകൾക്കായി ജില്ലാ ഭരണകൂടത്തോട് എൻഡിആർഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപേക്ഷ സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നെങ്കിലും നടപടികളൊന്നും തന്നെ ഉണ്ടായില്ല. ഇതുവരെ 25 കുതിര ശക്തിയുള്ള പമ്പുകള്‍ ഉപയോ​ഗിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ ഇവ അപര്യാപ്തമാണ്. ഇതിനാല്‍ തിങ്കളാഴ്ച മുതല്‍ പമ്പിംഗ് നടന്നിട്ടില്ല. തൊഴിലാളികളുടെ നിലവിലെ അവസ്ഥയെന്താണ് എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും സന്തോഷ് സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

തൊഴിലാളികളെ ജീവനോടെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് അദ്ഭുതമായിരിക്കുമെന്നും, എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണെന്നും സന്തോഷ് സിങ് പറയുന്നു. തായ്‌ലാന്റ് ഗുഹയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഫുട്‌ബോള്‍ കോച്ചും കുടുങ്ങിയ സാഹചര്യത്തേക്കാള്‍ വളരെ സങ്കീര്‍ണമാണ് ജയന്തിയ ഹില്‍സിലെ കാര്യങ്ങളെന്നും സന്തോഷ് കൂട്ടിച്ചേർത്തു.

എന്‍ഡിആര്‍എഫിന്റെ 70 ഉദ്യോഗസ്ഥരും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ് ഡി ആര്‍ എഫ്) 22 പേരുമാണ് രക്ഷപ്രവര്‍ത്തനത്തിന് പങ്കെടുത്തത്. കഴിഞ്ഞ 14 ദിവസം കൊണ്ട് മൂന്ന് ഹെല്‍മറ്റുകള്‍ മാത്രമാണ് കണ്ടെത്തിയത്. ഗുഹയിലെ ജലനിരപ്പ് 70 അടിയാണ്. 40 അടിയില്‍ ജലനിരപ്പുള്ള സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ മാത്രമേ എന്‍ ഡി ആര്‍ എഫ് ഡൈവര്‍മാര്‍ക്ക് പരിശീലനമുള്ളൂ. ഖനിക്കുളളിൽ എവിടെയാണ് തൊഴിലാളികൾ ഉള്ളതെന്നത് തങ്ങൾക്ക് കൃത്യമായി കണ്ടെത്താൻ കഴിയാത്തതാണ് രക്ഷാപ്രവർത്തനം വൈകാനുള്ള പ്രധാന കാരണമെന്നും സന്തോഷ് സിങ് വ്യക്തമാക്കി.

ഖനിക്കുള്ളിൽ എത്താൻ ഇതുവരെ കഴിയാത്തതില്‍ മൂന്ന് പ്രധാന ചോദ്യങ്ങളാണ് എന്‍ ഡി ആര്‍ എഫ് സംഘം ഉയർത്തുന്നത്. എത്ര ടണലുകള്‍ കല്‍ക്കരി ഖനനത്തിനായി നിര്‍മ്മിച്ചിട്ടുണ്ട്, ബേസ് ഏരിയയുടെ വ്യാപ്തി, ആഴം എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് സംഘത്തിന് പ്രതിസന്ധി ഉയർത്തുന്ന ‍ചോദ്യങ്ങൾ. കൂടുതല്‍ ശക്തിയുള്ള പമ്പുകള്‍ വേണമെന്ന് എന്‍ ഡി ആര്‍ എഫ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നാണ് മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ പ്രതികരണം
 
2014 ഏപ്രിലില്‍ ദേശിയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയിലെ അനധികൃത ഖനികളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. 2018 നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പരാജയത്തിന് തന്നെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു അനധികൃത ഖനികള്‍. അനധികൃത ഖനികള്‍ അടച്ചുപൂട്ടുമെന്ന് ബി ജെ പി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്‍ പി പി – ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് മാസമായിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

Follow Us:
Download App:
  • android
  • ios